India
റാവത്തിന്റെ സ്വത്ത് കണ്ടുകെട്ടുന്നത് കേന്ദ്രത്തിനെതിരെ സംസാരിക്കുന്നത് കൊണ്ട്; പ്രധാനമന്ത്രിയെ കണ്ട് ശരദ് പവാർ
India

'റാവത്തിന്റെ സ്വത്ത് കണ്ടുകെട്ടുന്നത് കേന്ദ്രത്തിനെതിരെ സംസാരിക്കുന്നത് കൊണ്ട്'; പ്രധാനമന്ത്രിയെ കണ്ട് ശരദ് പവാർ

Web Desk
|
6 April 2022 11:26 AM GMT

പാർലമെൻറിൽ വെച്ചാണ് ഇരുവരും മാത്രമുള്ള 20 -25 മിനുട്ടോളം നീണ്ട കൂടിക്കാഴ്ച നടന്നത്

മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹാവികാസ് അഘാഡിയിലെ പ്രമുഖ നേതാക്കൾക്ക് പിറകെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഒരുങ്ങിയിറങ്ങിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി എൻസിപി തലവൻ ശരദ് പവാർ. പാർലമെൻറിൽ വെച്ചാണ് ഇരുവരും മാത്രമുള്ള 20 -25 മിനുട്ടോളം നീണ്ട കൂടിക്കാഴ്ച നടന്നത്. സഞ്ജയ് റാവത്തിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടുന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും കേന്ദ്ര ഏജൻസി സ്വീകരിക്കുന്ന നടപടിയുടെ ഉത്തരവാദിത്വം അവർ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. റാവത്ത് കേന്ദ്രസർക്കാറിനെതിരെ സംസാരിക്കുന്നത് കൊണ്ടാണ് നടപടിയെന്നും ശരദ് പവാർ കുറ്റപ്പെടുത്തി.

അതേസമയം, സ്‌റ്റേറ്റ് ലജിസ്ലേറ്റീവ് കൗൺസിലിലേക്കുള്ള 12 പേരുടെ പട്ടികക്ക് മഹാരാഷ്ട്ര ഗവർണർ അംഗീകാരം നൽകാത്തതും പവാർ പ്രധാനമന്ത്രിയുടെ മുന്നിൽ ഉന്നയിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് പവാറിന്റെ മുംബൈയിലെ വീട്ടിൽ വെച്ച് എംഎൽഎമാരുടെയും നേതാക്കളുടെയും യോഗം നടന്നിരുന്നു. ഇതിന് പുറമേ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിൻ ഗഡ്കരിയും പവാറിന്റെ വീട്ടിലെത്തിയിരുന്നു.



1,034 കോടി രൂപയുടെ അഴിമതി ആരോപണ കേസിൽ ശിവസേനാ നേതാവ് സഞ്ജയ് റാവത്തിനെതിരെ ഇ.ഡി നടപടിയെടുത്തിരുന്നു. ഇ.ഡി കണ്ടുകെട്ടിയ സ്വത്തുക്കളിൽ റാവത്തിന്റെ മുംബൈയിലെ അലിബാഗിലെ സ്ഥലവും ദാദറിലെ ഒരു ഫ്‌ളാറ്റും ഉൾപ്പെട്ടിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഭാര്യാസഹോദരന്റെ 6.45 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചിരുന്നു. ഇന്ന് രാവിലെ എൻസിപി നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ അനിൽ ദേശ്മുഖിനെ സിബിഐ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം നവംബറിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലികും അറസ്റ്റിലാണ്. ബിജെപി അധികാരത്തിൽ ഇല്ലാത്ത എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം നടപടികളുണ്ടാകുന്നുണ്ടെന്ന് മഹാരാഷ്ട്രയിലെ സഖ്യ സർക്കാർ വിമർശിച്ചിരുന്നു.

NCP chief Sharad Pawar meets Prime Minister Narendra Modi

Similar Posts