പാർട്ടി വിട്ടവർക്കെതിരെ നടപടിയുമായി എൻസിപി; അജിത് പവാർ ഉൾപ്പടെ പാർട്ടിക്ക് പുറത്ത്
|എംപിമാരായ പ്രഫുൽ പട്ടേലിനെയും സുനിൽ തത്കരെയും പുറത്താക്കിയിട്ടുണ്ട്
മുംബൈ: പാർട്ടി വിട്ടവർക്കെതിരെ നടപടിയുമായി എൻസിപി. അജിത് പവാർ ഉൾപ്പടെ ഒമ്പത് എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. എംപിമാരായ പ്രഫുൽ പട്ടേലിനെയും സുനിൽ തത്കരെയും പുറത്താക്കിയിട്ടുണ്ട്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രഫുൽ പട്ടേലിനും സുനിൽ തത്കറെക്കുമെതിരെയുള്ള നടപടി. ട്വിറ്ററിലൂടെയാണ് പാർട്ടി അധ്യക്ഷൻ ശരദ് പവാർ തീരുമാനമറിയിച്ചത്.
പാർട്ടി വിട്ടു പോയ ഒമ്പത് നേതാക്കൾക്ക് ഇന്ന് എൻസിപി അയോഗ്യതാ നോട്ടീസ് നൽകിയിരുന്നു. ഇത് കൂടാത നിയമസഭാ സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതിയും നൽകിയതായാണ് പാർട്ടി നേതാവ് ജയന്ത് പാട്ടീൽ അറിയിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരപ്പിച്ച് മഹാരാഷ്ട്ര പുതിയ രാഷ്ട്രീയ നാടകങ്ങൾക്കു സാക്ഷിയാകുന്നത്. പ്രതിപക്ഷത്തെ പ്രധാന നേതാവായ അജിത് പവാർ നിരവധി എം.എൽ.എമാരെ കൂടെക്കൂട്ടി മറുകണ്ടം ചാടുകയായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന പവാർ കൂടുമാറ്റത്തിനുപിന്നാലെ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു.
40ലേറെ എം.എൽ.എമാരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ 54 എം.എൽ.എമാരാണ് എൻ.സി.പിക്കുള്ളത്. ഇതിൽ 29 പേരുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ടുള്ള ഒപ്പുവച്ച കത്ത് തനിക്കൊപ്പമുണ്ടെന്ന് അജിത് പവാർ ക്യാംപ് അവകാശപ്പെട്ടിരുന്നു. ഇവരടക്കം 40 എം.എൽ.എമാരും ആറ് എം.എൽ.സിമാരും അദ്ദേഹത്തിനൊപ്പമുണ്ടെന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാവ് ഛഗൻ ഭുജ്പാലും കൂടുമാറിയ കൂട്ടത്തിലുണ്ട്. ഛഗനൊപ്പം ധനഞ്ജയ് മുണ്ടെ, ദിലീപ് വൽസെ പാട്ടീൽ ഉൾപ്പെടെ ഒൻപത് എം.എൽ.എമാർ മന്ത്രിസഭയിലെത്തുകയും ചെയ്തിട്ടുണ്ട്.