India
ncp meeting sharad pawar

ശരത് പവാര്‍

India

എൻ.സി.പിയിലെ പിളർപ്പിനു ശേഷമുളള സാഹചര്യം വിലയിരുത്താൻ യോഗം വിളിച്ച് ശരത് പവാർ

Web Desk
|
3 July 2023 12:54 AM GMT

മഹാരാഷ്ട്രയിൽ ചേരുന്ന യോഗത്തിൽ പാർട്ടിയുടെ ഭാവി നിലപാട് അടക്കം ചർച്ച ചെയ്യും

മുംബൈ: എൻ.സി.പിയുടെ പിളർപ്പിനു ശേഷമുള്ള സാഹചര്യം വിലയിരുത്താൻ ദേശീയ അധ്യക്ഷൻ ശരത് പവാർ പ്രത്യേക യോഗം വിളിച്ചു. മഹാരാഷ്ട്രയിൽ ചേരുന്ന യോഗത്തിൽ പാർട്ടിയുടെ ഭാവി നിലപാട് അടക്കം ചർച്ച ചെയ്യും. ജൂലൈ ആറിനാണ് യോഗം.

അജിത് പവാർ ബി.ജെ.പി പാളയത്തിൽ എത്തിയതോടെ എൻ.സി.പി ആദ്യം ചെയ്തത് പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുകയായിരുന്നു. ശരത് പവാറിന്റെ വിശ്വസ്തനായ ധീരേന്ദ്ര അവാദിന്റെ പേരാണ് മുന്നോട്ട് വച്ചത്. എൻ.സി.പി പിളർപ്പോടെ മഹാവികാസ് അഘാഡിയിൽ ഏറ്റവും വലിയ പാർട്ടി 44 സീറ്റുകളുള്ള കോൺഗ്രസ് ആണ്. ശരത് പവാറിന്റെ സീനിയോറിറ്റിയും നിലവിലെ സാഹചര്യവും മുൻനിർത്തിയാണ് എൻ.സി.പിക്ക് തന്നെ നേതൃപദവി നൽകിയത്. സാധാരണ മുന്നണിയിലെ ഏറ്റവും അംഗബലമുള്ള പാർട്ടിക്ക് നേതൃപദവി നൽകുന്നതാണ് കീഴ്വഴക്കം. പാർട്ടി പുനഃസംഘടന നടത്തിയപ്പോൾ പവാറിന്റെ മകൾ സുപ്രിയ സൂലെ എം.പിക്കൊപ്പം പ്രഫുൽ പട്ടേലിനെയും വർക്കിങ് പ്രസിഡന്റ്‌ ആക്കിയിരുന്നു.

രാജ്യസഭാ എംപി കൂടിയായ പ്രഫുൽ പട്ടേൽ ബി.ജെ.പി മുന്നണിയിൽ ചേക്കേറിയത് അണികളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. പ്രഫുൽ പട്ടേലിനു പകരം പുതിയ വർക്കിങ് പ്രസിഡന്‍റ് വേണമോ എന്ന കാര്യം ആറാം തിയ്യതിയിലെ യോഗത്തിൽ തീരുമാനിക്കും. മഹാരാഷ്ട നിയമസഭയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുപ്പ് അടുത്ത വർഷമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി നടക്കാനിരിക്കെയാണ് എൻ.സി.പിയുടെ പിളർപ്പ്. ഇതോടെ പ്രഫുൽ പട്ടേലിനു മികച്ച വകുപ്പ് നൽകി കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നും സൂചനയുണ്ട്.

Related Tags :
Similar Posts