ശരത് പവാറിന്റെ രാജി തള്ളി എൻ.സി.പി, കേരള സ്റ്റോറിക്ക് സ്റ്റേ ഇല്ല; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്സ്
|തീവ്രവാദം തുറന്നുകാട്ടുന്ന സിനിമയാണ് കേരള സ്റ്റോറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ശരത് പവാറിന്റെ രാജി തള്ളി എൻ.സി.പി
അധ്യക്ഷ സ്ഥാനത്തു നിന്നുള്ള ശരത് പവാറിന്റെ രാജി തള്ളി എൻ.സി.പി സമിതി. അധ്യക്ഷ പദവിയിൽ പവാർ തുടരണമെന്ന് എൻ.സി.പി.യോഗത്തിൽ പ്രമേയം പാസാക്കി. എൻസിപി നേതാക്കൾ ശരത് പവാറിനെ കാണുകയും പാർട്ടി അധ്യക്ഷനായി തുടരാൻ ആവശ്യപ്പെടുന്ന പാനലിന്റെ പ്രമേയം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.
അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിവാകാനുള്ള ശരത് പവാറിന്റെ തീരുമാനം തിടുക്കത്തിൽ എടുത്തതാണെന്ന് യോഗം വിലയിരുത്തി. തീരുമാനത്തിൽ നിന്നും പിന്തിരിയണമെന്നു പവാറിനോട് ആവശ്യപ്പെടുന്ന ഒറ്റവരി പ്രമേയം യോഗത്തിൽ പാസാക്കിയെന്ന് പ്രഫുൽ പട്ടേൽ അറിയിച്ചു . രാവിലെ 11 മണിക്ക് ചേർന്ന യോഗത്തിൽ പവാറിന്റെ മകൾ സുപ്രിയ സുലെ ,അജിത് പവാർ അടക്കമുള്ളവർ പങ്കെടുത്തു . രാജി പിൻവലിക്കാൻ പ്രവർത്തകരും പ്രതിപക്ഷ പാർട്ടി നേതാക്കളും തുടർച്ചയായി സമ്മർദ്ദം ചെലുത്തുന്നതിനിടെയായിരുന്നു യോഗം.
പ്രഫുൽ പട്ടേൽ വാർത്താ സമ്മേളനത്തിൽ കമ്മിറ്റിയുടെ തീരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എൻസിപി പ്രവർത്തകര്‍ ആഘോഷം തുടങ്ങി. “പാർട്ടി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം പവാർ പ്രകടിപ്പിച്ചു.രാജി ഞങ്ങൾ ഏകകണ്ഠമായി നിരസിക്കുന്നു.പാർട്ടി അധ്യക്ഷനായി തുടരാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കാൻ ഞങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചു'' പട്ടേല്‍ പറഞ്ഞു. ശരദ് പവാറിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി പ്രവർത്തകർ അദ്ദേഹത്തെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചു.
ചൊവ്വാഴ്ചയാണ് പവാര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനു ഒരു വർഷം മാത്രം മുന്നിൽ നിൽക്കുമ്പോൾ പവാർ അധ്യക്ഷ പദവി ഒഴിയുന്നത് പ്രതിപക്ഷ ഐക്യത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി . സി .പി .ഐ , സിപിഎം , ആം ആദ്മി പാർട്ടി നേതാക്കൾ പവാറിനെ നേരിട്ട് വിളിച്ച് തീരുമാനത്തിൽ നിന്നും പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.എട്ടു മാസം മുൻപ് ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് പവാറിനെ വീണ്ടും പാർട്ടി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തത്.
രാജി പിൻവലിച്ച് ശരത് പവാർ
എൻ.സി.പി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി പിൻവലിച്ച് ശരത് പവാർ. എൻ.സി.പിയുടെ ചുമതല ഞാൻ വീണ്ടും ഏറ്റെടുക്കുകയാണെന്നും പാർട്ടി പ്രവർത്തകരുടെ വികാരങ്ങളും ആവശ്യങ്ങളും കണ്ടില്ലെന്നു നടിക്കാൻ ആകില്ലെന്നും പവാർ പറഞ്ഞു. പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കാൻ ഉദ്ദേശമില്ലെന്നും രാജ്യത്തുടനീളം ഉള്ള നേതാക്കൾ തന്നോട് രാജി പിൻവലിക്കാൻ ആവശ്യപെട്ടതായും പവാർ വെളിപ്പെടുത്തി. ഇന്ന് രാവിലെ അധ്യക്ഷ സ്ഥാനത്തു നിന്നുള്ള ശരത് പവാറിന്റെ രാജി എൻ.സി.പി സമിതി തള്ളിയിരുന്നു. രാവിലെ 11 മണിക്ക് ചേർന്ന യോഗത്തിൽ പവാറിന്റെ മകൾ സുപ്രിയ സുലെ ,അജിത് പവാർ അടക്കമുള്ളവർ പങ്കെടുത്തു.
ചൊവ്വാഴ്ചയാണ് പവാര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനു ഒരു വർഷം മാത്രം മുന്നിൽ നിൽക്കുമ്പോൾ പവാർ അധ്യക്ഷ പദവി ഒഴിയുന്നത് പ്രതിപക്ഷ ഐക്യത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടി . സി .പി .ഐ , സിപിഎം , ആം ആദ്മി പാർട്ടി നേതാക്കൾ പവാറിനെ നേരിട്ട് വിളിച്ച് തീരുമാനത്തിൽ നിന്നും പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.എട്ടു മാസം മുൻപ് ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് പവാറിനെ വീണ്ടും പാർട്ടി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തത്.
മണിപ്പൂർ കലാപം ; ഷൂട്ട് അറ്റ് സൈറ്റിന് അനുമതി നൽകി ഗവർണർ
മണിപ്പൂരിൽ സംഘർഷം തുടരുന്നതിനിടെ ഷൂട്ട് അറ്റ് സൈറ്റിന് അനുമതി നൽകി ഗവർണർ. ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളവർക്കാണ് ആവശ്യമെങ്കിൽ അക്രമികളെ വെടിവെക്കാൻ നിർദേശം നൽകിയത്. ഗോത്രവര്‍ഗത്തില്‍പ്പെടാത്ത ഭൂരിപക്ഷക്കാരായ മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കിയതില്‍ പ്രതിഷേധിച്ചുള്ള മാർച്ചിന് പിന്നാലെയായിരുന്നു മണിപ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത്.
സംഘർഷം രൂക്ഷമായതിനെ തുടർന്ന് മേഖലയിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. നിലവിൽ 7500 ലേറെ പേർ അഭയാർത്ഥി ക്യാമ്പിലെത്തിയിട്ടുണ്ട്. സൈന്യവും പൊലീസും ചേർന്നാണ് സർക്കാർ സ്ഥാപനങ്ങളിൽ അഭയാർത്ഥി ക്യാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഇംഫാലടക്കം വിവിധ മേഖലയിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്. ഇവിടങ്ങളിൽ സൈനിക അർദ്ധ സൈനിക വിഭാഗങ്ങളെ അധികമായി നിയോഗിച്ചിട്ടുണ്ട്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാൽ ഷൂട്ട് സൈറ്റ് ഓർഡർ ഉപയോഗപ്പെടുത്താനാണ് നിർദേശം.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗിനെ ഫോണിൽ ബന്ധപ്പെട്ടു. കലാപം അടിച്ചമത്താൻ കേന്ദ്രം ഇടപടണമെന്നും ബിരേൻ സിംഗ് അമിത് ഷായോട് ആവശ്യപ്പെട്ടു. സംഘർഷത്തിന്റെ തീവ്രത കണക്കിലെടുത്ത് 14കമ്പനി ദ്രുത കർമസേന, സിആർപിഎഫ്, ബിഎസ്എഫ് എന്നിവർ സംസ്ഥാനത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
കേരള സ്റ്റോറിക്ക് സ്റ്റേ ഇല്ല
ദി കേരള സ്റ്റോറിയുടെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ഹരജിയിൽ ഇടക്കാല ഉത്തരവില്ല. സ്റ്റേ അനുവദിച്ച് ഇടക്കാല ഉത്തരവിടണമെന്ന ഹരജിക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി. സിനിമയുടെ ട്രെയ്ലറിൽ ഏതെങ്കിലുമൊരു മതത്തെ കുറ്റകരമായി ചിത്രീകരിച്ചിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, മതവികാരം വ്രണപ്പെടുത്തുന്ന ഒന്നുമില്ലെന്ന് സെൻസർബോർഡ് വ്യക്തമാക്കിയിട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.കേരള സ്റ്റോറി ചരിത്രം പറയുന്ന സിനിമ അല്ലെന്നും വെറും കഥയാണെന്നുമായിരുന്നു ഹരജി പരിഗണിക്കവേ കോടതിയുടെ നിരീക്ഷണം. കേരളം മതേതരത്വം ഉയർത്തിക്കാട്ടുന്ന സംസ്ഥാനമാണെന്നും സിനിമ കാണാതെ വിമർശനമുന്നയിക്കണോ എന്നും കോടതി ചോദിച്ചിരുന്നു.
പ്രളയകാലത്തെ കേരളം; '2018: എവരിവണ്‍ ഈസ് എ ഹീറോ'പ്രദർശനത്തിനെത്തി
ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ '2018: എവരിവണ്‍ ഈസ് എ ഹീറോ'എന്ന സിനിമ തിയറ്ററുകളിലെത്തി. പ്രളയകാലത്തെ കേരളത്തിന്റെ കഥയാണ് സിനിമയുടെ പ്രമേയം. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയ വന്‍ താര നിര അണിനിരന്ന '2018: എവരിവണ്‍ ഈസ് എ ഹീറോക്ക്' വലിയ പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിവസം ലഭിക്കുന്നത്. 'കാവ്യാ ഫിലിംസ്', 'പി.കെ പ്രൈം പ്രൊഡക്ഷൻസ്' എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അഖിൽ പി ധർമജനാണ് സഹതിരക്കഥ. അഖിൽ ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചമൻ ചാക്കോയാണ്. നോബിൻ പോളിന്റേതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റേതാണ് സൗണ്ട് ഡിസൈൻ.
സിനിമയുടെ റിലീസിന് പിന്നാലെ കേരള സ്റ്റോറിക്കെതിരെ വിമർശനവുമായി നടൻ ടൊവിനോ തോമസ് രംഗത്തെത്തിയിരുന്നു. ടോവിനോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററിലൂടെ 'കേരള സ്റ്റോറി'ക്ക് പരോക്ഷ മറുപടി നല്‍കിയത്. 'ഇതാണ് ഒറിജിനല്‍ കേരള സ്റ്റോറി' എന്ന അടിക്കുറിപ്പോടെ പ്രളയ കാലത്തെ 'മലയാളികളുടെ ഒത്തൊരുമയുടെ ഓര്‍മ്മപ്പെടുത്തല്‍' എന്ന പോസ്റ്ററാണ് ടോവിനോ പങ്കുവെച്ചത്. 'ദ റിയല്‍ കേരള സ്റ്റോറി' എന്ന ഹാഷ് ടാഗും 'ദ റിയല്‍ കേരള സ്റ്റോറി' എന്ന തലക്കെട്ടിലുള്ള പോസ്റ്ററും ടോവിനോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
കേരള സ്റ്റോറി തീവ്രവാദം തുറന്നുകാട്ടുന്ന സിനിമ: നരേന്ദ്ര മോദി
കേരള സ്റ്റോറി സിനിമയെ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'തീവ്രവാദം തുറന്നുകാട്ടുന്ന സിനിമയാണ് കേരള സ്റ്റോറി. തീവ്രവാദത്തിനെതിരായ ചിത്രത്തിനെയാണ് കോൺഗ്രസ് എതിർക്കുന്നത്. വോട്ടുനേടാനായി തീവ്രവാദത്തോട് കോൺഗ്രസ് മൃദുസമീപനമാണ് സ്വീകരിച്ചത്'- മോദി കുറ്റപ്പെടുത്തി.
കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. കർണാടകയിലെ ബെല്ലാരിയിലാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ പ്രചാരണപരിപാടികൾ നടക്കുന്നത്. ബെല്ലാരിയിലെ പരിപാടിയിലാണ് പ്രധാനമന്ത്രി കേരളാ സ്റ്റോറിയെ പരാമർശിച്ച് കോൺഗ്രസിനെ കുറ്റപ്പെടുത്തിയത്.
'ഭീകര ഗൂഢാലോചനയെ അടിസ്ഥാനമാക്കിയുള്ളതാണ് കേരളാ സ്റ്റോറി എന്ന ചിത്രം. ഇത് തീവ്രവാദത്തിന്റെ വൃത്തികെട്ട സത്യം കാണിക്കുന്ന ചിത്രമാണ്. ഭീകരതയേയും തീവ്രവാദ പ്രവണതയേയും തുറന്നുകാട്ടുന്ന ചിത്രങ്ങളേയും കോൺഗ്രസ് എതിർക്കുന്നു. വോട്ടുബാങ്കിന് വേണ്ടിയാണ് കോൺഗ്രസ് ഇത് ചെയ്യുന്നത്. സിനിമക്കെതിരായി ഏറ്റവും കൂടുതൽ പ്രതിഷേധമുണ്ടാക്കുന്നത് കോൺഗ്രസാണ്'. - പ്രധാനമന്ത്രി ആരോപിച്ചു.
'ഇതിനാണോ ഞങ്ങള്‍ രാജ്യത്തിനായി മെഡല്‍ നേടിയത്? ആ മെഡലുകള്‍ സര്‍ക്കാര്‍ തിരിച്ചെടുക്കൂ': പൊട്ടിക്കരഞ്ഞ് ഗുസ്തി താരങ്ങള്‍
ജന്ദര്‍മന്തറിലെ സമര വേദിയിലെ പൊലീസ് അതിക്രമത്തിനു പിന്നാലെ പൊട്ടിക്കരഞ്ഞ് ഗുസ്തിതാരങ്ങള്‍. മദ്യപിച്ചെത്തിയ പൊലീസ് മര്‍ദിക്കുകയും വനിതാ താരങ്ങളോട് മോശമായി പെരുമാറുകയും ചെയ്തെന്ന് സമരക്കാര്‍ പറയുന്നു. കുറ്റവാളികളോടെന്ന പോലെയാണ് പൊലീസ് തങ്ങളോട് പെരുമാറിയതെന്ന് ഒളിംപ്യന്‍ വിനേഷ് ഫോഗട്ട് കണ്ണീരോടെ പറഞ്ഞു.
"ഇതൊക്കെ കാണാനാണോ ഞങ്ങള്‍ രാജ്യത്തിനായി മെഡലുകള്‍ നേടിയത്? പൊലീസ് ക്രിമിനലുകളോടെന്ന പോലെയാണ് ഞങ്ങളോട് പെരുമാറിയത്. എന്നെ പുരുഷ പൊലീസുകാർ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതെല്ലാം നടക്കുമ്പോള്‍ വനിതാ പൊലീസുകാര്‍ എവിടെയായിരുന്നു?"- വിനേഷ് ഫോഗട്ട് ചോദിച്ചു.
ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ നേടിയ ബജ്രംഗ് പുനിയ പറഞ്ഞതിങ്ങനെ- "എന്റെ എല്ലാ മെഡലുകളും തിരികെ എടുക്കാൻ ഞാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു. രാജ്യത്തിന്റെ മുഴുവന്‍ പിന്തുണ സമരത്തിനു വേണം. എല്ലാവരും ഡല്‍ഹിയിലേക്ക് വരൂ".
ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷനെതിരെ ഏപ്രിൽ 23നാണ് ജന്തർമന്തറിൽ കുത്തിയിരിപ്പ് സമരം തുടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിതാരങ്ങള്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ട് പൊലീസ് എഫ്.ഐ.ആര് പോലും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു സമരം. രാപകല്‍ സമരം 13ആം ദിവസത്തിലെത്തി.
കൈകഴുകൽ ദിനം
ഇന്ന് ലോക കൈകഴുകൽ ദിനം. അണുബാധ വ്യാപനം തടയുന്നതിനും വ്യക്തി ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. 2008 മുതലാണ് ഐക്യരാഷ്ട്രസംഘടന ഈ ദിനം ആചരിച്ച് തുടങ്ങിയത്. ലോകത്തെ 70 രാജ്യങ്ങളില്‍ വളരെ സമുചിതമായി കൈകഴുകല്‍ ദിനം ആചരിക്കുന്നു. “ഒരുമിച്ച് കൈ ശുചിത്വത്തിന്റെ പുരോഗതി ത്വരിതപ്പെടുത്താം” എന്നതാണ് ഈ വർഷത്തെ തീം.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് പ്രതിദിനം 5000 കുട്ടികള്‍ വയറിളക്കം കാരണം മരിച്ചു പോകുന്നു. കൃത്യമായി 30 സെക്കന്‍ഡ് സോപ്പിട്ടു കഴുകിയാല്‍ 25% മുതല്‍ 50% വരെ അസുഖങ്ങള്‍ വരുന്നതില്‍ നിന്ന് നമുക്ക് രക്ഷ നേടാം എന്നാണ് കണ്ടെത്തൽ.
ജീവിതത്തില്‍ സെക്കൻ്റുകള്‍ മാത്രം ആവശ്യമായ കൈകഴുകല്‍ നമ്മുടെ വിലപ്പെട്ട ജീവന് രക്ഷപ്പെടുത്തിയേക്കാം. ചുറ്റുവട്ടത്തുള്ള രോഗാണുക്കള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് കൈകള്‍ . ഒരു മനുഷ്യന്റെ വ്യക്തി സ്വഭാവത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് കൈകള്‍. വിവിധങ്ങളായ ഉദ്ദേശങ്ങള്‍ക്ക് ഇടതടവില്ലാതെ കൈകള്‍ ചലിപ്പിക്കേണ്ടി വരുമ്പോള്‍ അതിലേക്ക് ആവാഹിക്കുന്ന രോഗാണുക്കളെ ഇല്ലാതാക്കാൻ കൈകഴുകേണ്ടത് ആലശ്യമാണ്. ഇത് കൃത്യമായി ശീലിച്ചാല്‍ ഡോക്ടര്‍മാരുടെ അടുത്തേക്കുള്ള ഇടക്കിടെയുള്ള യാത്രയും ഒഴിവാക്കാം.
കൈ കഴുകുന്നത് എങ്ങനെ?
1. കൈയ്യിലേക്ക് വെള്ളം ഒഴിച്ച് ആവശ്യമായ സോപ്പോ ലായനിയോ ചേർത്ത് ഇരു കൈകളും ചേർത്ത് ഉരസുക
2.ഇടത് കൈയ്യുടെ മുകളിൽ വലതു കൈപ്പത്തികൊണ്ടും നേരെ തിരിച്ചും ഉരച്ച് കഴുകുക.
3. വിരലുകള്‍ ഉപയോഗിച്ച് കൈവെള്ള ഉരക്കുക
4. കൈപ്പത്തി പരസ്പരം പിണച്ച് വിരലുകളുടെ പിൻവശം കഴുകുക
5. നഖങ്ങള്‍ക്കുള്ളിൽ ഉരക്കുക
6. കൈയ്യിൽ വെള്ളം ഒഴിച്ച് കഴുകുക
7. ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് കൈ വ്യത്തിയായി തുടക്കുക