India
ദ്രൗപതി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
India

ദ്രൗപതി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Web Desk
|
24 Jun 2022 3:12 AM GMT

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കള്‍ ദ്രൗപതി മുര്‍മുവിനൊപ്പം പത്രികാ സമര്‍പ്പണത്തിനെത്തും

ഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കള്‍ ദ്രൗപതി മുര്‍മുവിനൊപ്പം പത്രികാ സമര്‍പ്പണത്തിനെത്തും. സഖ്യകക്ഷി നേതാക്കളും ബിജു ജനതാദള്‍ നേതാക്കളും ഒപ്പമുണ്ടാകും.

നാല് സെറ്റ് പത്രിക സമര്‍പ്പിക്കാനാണ് എന്‍.ഡി.എ തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനം. ശേഷം രാജ്യത്താകമാനം പ്രധാന നേതാക്കളെത്തി വോട്ട് അഭ്യര്‍ത്ഥിക്കും. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ ഡല്‍ഹിയിലെത്തിയ ദ്രൗപതി മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്‌നാഥ് സിംഗ് എന്നിവരെ സന്ദര്‍ശിച്ചിരുന്നു.അടിസ്ഥാനവർഗ്ഗത്തിൻറെ പ്രശ്നങ്ങളെ കുറിച്ചും രാജ്യത്തിന്‍റെ വികസനത്തിനെ കുറിച്ചും കൃത്യമായ കാഴ്ച്ചപ്പാടുള്ള നേതാവാണ് മുർമുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വോട്ടെടുപ്പിൽ പങ്കെടുക്കുന്ന പാർട്ടികളുടെ നേതാക്കളുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കൂടിക്കാഴ്ച നടത്തി.

എല്ലാ അംഗങ്ങളും മുർമുവിന് വോട്ട് ചെയ്യണമെന്ന് നവീൻ പട്നായിക് ആവശ്യപ്പെട്ടു. ജെ.ഡി.യുവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഗോത്ര വിഭാഗത്തിൽപ്പെട്ടൊരാൾ ആദ്യമായി രാഷ്ട്രപതി സ്ഥാനാർഥിയാകുമ്പോൾ പ്രതിപക്ഷം സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മത്സരത്തിൽ നിന്ന് പിന്മാറില്ലെന്നും ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണിതെന്നും പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിക്കുക.

Similar Posts