കുന്നോളം ആവശ്യങ്ങളുമായി സഖ്യകക്ഷികൾ; എല്ലാവരെയും തൃപ്‌തിപ്പെടുത്തിയോ മോദി?
|ടി.ഡി.പിക്ക് നാലു മന്ത്രി സ്ഥാനവും ജെഡിയുവിന് രണ്ട് മന്ത്രി സ്ഥാനവുമാണ് ആദ്യ ഘട്ടത്തിൽ നൽകിയത്
ഡൽഹി: ഘടകകക്ഷികളെ താൽകാലികമായി തൃപ്‌തിപ്പെടുത്തിയാണ് മൂന്നാം എൻഡിഎ സർക്കാരിന്റെ സ്ഥാനാരോഹണം. ആവശ്യങ്ങളിൽ ചിലത് അംഗീകരിച്ച് സത്യപ്രതിജ്ഞക്ക് വഴിയൊരുക്കുകയായിരുന്നു. അംഗീകാരത്തിനായി കുന്നോളം ആവശ്യങ്ങളാണ് ഘടകകക്ഷികൾ ബിജെപിക്ക് മുന്നിൽ വെച്ചിരിക്കുന്നത്.
തെലുങ്കുദേശം പാർട്ടി, ജനതാദൾ യുണൈറ്റഡ്, ഈ രണ്ടു പാർട്ടികളെ പൂർണമായി തൃപ്തിപ്പെടുത്താതെ മോദി സർക്കാറിന് മുന്നോട്ടുപോകാനാകില്ല. ടി.ഡി.പിക്ക് നാലു മന്ത്രി സ്ഥാനവും ജെഡിയുവിന് രണ്ട് മന്ത്രി സ്ഥാനവുമാണ് ആദ്യ ഘട്ടത്തിൽ നൽകിയത്. അഞ്ചു എംപിമാർക്ക് ഒരു ക്യാബിനറ്റ് എന്ന ഫോർമുലയാണ് ബിജെപി മുന്നോട്ടുവച്ചതെങ്കിലും ഇതിനോട് ഇരുകക്ഷികളും സമ്മതം മൂളിയിട്ടില്ല.
ലോക്സഭ സ്പീക്കർ സ്ഥാനം വേണമെന്നതിൽ നിന്ന് ടിഡിപി പിന്മാറിയിട്ടില്ല. വകുപ്പുകളുടെ കാര്യത്തിലാണ് ഇനിയും അവസാന തീരുമാനമാകാത്തത്. റെയിൽവെയും കൃഷിയും വേണമെന്ന ആവശ്യത്തിൽ നിന്ന് നിതീഷ് പിന്നോട്ട് പോയിട്ടില്ല. അഞ്ചു സീറ്റ് നേടിയ ചിരാഗ് പസ്വാന്റെ എൽ.ജെപിയും കൂടുതൽ വകുപ്പുകൾക്കായി സമ്മർദ്ദം തുടങ്ങിയിട്ടുണ്ട്.
ശിവസേന ഷിൻഡെ വിഭാഗത്തിന് നല്ല പദവികൾ നൽകിയില്ലെങ്കിൽ ഭാവിയിൽ ബുദ്ധിമുട്ടാകുമെന്ന് ബിജെപിക്കറിയാം. ഒരു എം.പി മാത്രമുള്ള എൻ.സി.പിയും മന്ത്രി സ്ഥാനത്തിനായി ആവശ്യമുന്നയിച്ചിട്ടുണ്ട്. അപ്നാദൾ അടക്കമുള്ള പാർട്ടികൾക്ക് സഹമന്ത്രി സ്ഥാനം നൽകും.
സ്ഥാനങ്ങൾ ഉറപ്പിക്കുന്നതിന് പുറമെ സർക്കാറിന്റെ നയപരമായ കാര്യങ്ങളിലും ഘടക കക്ഷികളുടെ ആവശ്യങ്ങളുണ്ട്. ജാതിസെൻസസ്, അഗ്നിവീർ തുടങ്ങിയ വിഷയങ്ങളിലെ നിലപാട് മാറ്റം ബിജെപിക്ക് ചിന്തിക്കാനാവാത്തതാണ്.