India
narendramodi
India

രാജിക്കത്ത് കൈമാറി മോദി; എൻ.ഡി.എ സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്‌ച

Web Desk
|
5 Jun 2024 8:55 AM GMT

ആഭ്യന്തരമടക്കമുള്ള സുപ്രധാന വകുപ്പുകൾ ഘടകകക്ഷികൾ ആവശ്യപ്പെട്ടത് ബിജെപിക്ക് തലവേദനയായി

ഡൽഹി: സർക്കാർ രൂപീകരണത്തിനൊരുങ്ങി എൻ.ഡി.എ. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ഭവനിലെത്തി രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടന്നേക്കും.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ , ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു എന്നിവർ വൈകിട്ട് നടക്കുന്ന എൻ.ഡി.എ യോഗത്തിൽ പങ്കെടുക്കും. ആഭ്യന്തരമടക്കമുള്ള സുപ്രധാന വകുപ്പുകൾ ഘടകകക്ഷികൾ ആവശ്യപ്പെട്ടത് ബിജെപിക്ക് തലവേദനയായി. സ്പീക്കർ, നാല് ക്യാബിനറ്റ് മന്ത്രിസ്ഥാനവും ചോദിക്കാനൊരുങ്ങി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടി രംഗത്തുണ്ട്.

അടുത്ത സർക്കാർ അധികാരത്തിൽ വരുന്നത് വരെ കാവൽ പ്രധാനമന്ത്രിയായിരിക്കാൻ രാഷ്‌ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോഡിയോട് ആവശ്യപ്പെടും. ശേഷം ജൂൺ എട്ടിന് നരേന്ദ്രമോദി തന്നെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ബിജെപി കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മോദിയും അമിത് ഷായും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും അടക്കമുള്ള ഘടകകക്ഷികളെ ഫോണിൽ വിളിച്ചിരുന്നു. ടിഡിപിയെ എൻഡിഎയിൽ തന്നെ നിലനിർത്താനാണ് ശ്രമം. എൻഡിഎയിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് നായിഡു വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ, നിതീഷ് കുമാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സർക്കാർ രൂപീകരണം ചർച്ച ചെയ്യാൻ എൻഡിഎ നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിയിൽ യോഗം ചേരും. ഏക്‌നാഥ്‌ ഷിൻഡെ, നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം, സർക്കാർ രൂപീകരണത്തിന് ശ്രമിക്കണമോ എന്ന് തീരുമാനിക്കാൻ ഇൻഡ്യാ സഖ്യം ഇന്ന് യോഗം ചേരും. പ്രമുഖ നേതാക്കളെല്ലാം ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.. ബിജെപിയുടെ നീക്കങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കാനാണ് ആലോചന. അനൗദ്യോഗിക ചർച്ചകൾ തുടരുന്നുണ്ട്.

ഭൂരിപക്ഷമില്ലെങ്കിലും സർക്കാർ രൂപീകരിക്കാനാവുമെന്ന തോന്നൽ ഇൻഡ്യ മുന്നണിക്കുണ്ട്. എൻ.ഡി.എയിലുണ്ടായേക്കാവുന്ന വിള്ളലിലാണ് പ്രതീക്ഷ. ജെഡിയു, ടിഡിപി, ശിവസേന ഷിൻഡേ വിഭാഗം തുടങ്ങിയ പാർട്ടികളുടെ നിലപാട് നിർണായകമാണ്. എൻ.ഡി.എയിൽ കാര്യമായ പരിഗണന ലഭിച്ചില്ലെങ്കിൽ ഇവർ ഇടയാനിടയുണ്ട്. ഈ സാഹചര്യം ഉപയോഗപ്പെടുത്താനാണ് ആലോചന. ചില സ്വതന്ത്രരെ കൂടി കൂടെകൂട്ടിയാൽ കേവല ഭൂരിപക്ഷം തൊടാം.

അനൗദ്യോഗിക ചർച്ചകൾ തുടരുകയാണ്. ആർജെഡി നേതാവ് തേജസ്വി യാദവും ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ഒരു വിമാനത്തിൽ ഡൽഹിക്ക് തിരിച്ചു. വൈകുന്നേരം ആറു മണിക്ക് മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് യോഗം. തൃണമൂലിനെ പ്രതിനിധീകരിച്ച് അഭിഷേക് ബാനർജി പങ്കെടുക്കും. ശരത് പവാറിന്റെ ഇടപെടലുകൾ നിർണായകമാവും. സഖ്യകക്ഷികളുടെ താൽപര്യങ്ങൾ പരിഗണിച്ച് സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് പോകാമെന്നാണ് കോൺഗ്രസിൽ ധാരണ.

Similar Posts