ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടം പൂർത്തിയായപ്പോൾ എൻ.ഡി.എ 310 സീറ്റ് നേടിക്കഴിഞ്ഞു: അമിത് ഷാ
|തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടവും പൂർത്തിയാകുമ്പോൾ എൻ.ഡി.എ 400 സീറ്റ് കടക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.
ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടം പൂർത്തിയായപ്പോൾത്തന്നെ എൻ.ഡി.എ 310 സീറ്റ് നേടിക്കഴിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏഴ് ഘട്ടവും പൂർത്തിയാകുമ്പോൾ അത് 400 കടക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ മത്സരിക്കുന്ന സംബൽപൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഒഡീഷയിൽ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ഈ തെരഞ്ഞെടുപ്പ് അത് അവസാനിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് കൂടുതൽ ഖനികളും ധാതുനിക്ഷേപവും ഉള്ളത് കിയോഞ്ചറിലാണ്. എന്നാൽ ഇതിന്റെ ഗുണഫലങ്ങളൊന്നും പ്രദേശത്തെ ഗോത്രവർഗക്കാർക്ക് ലഭിക്കുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു.
രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ മോദി അവസാനിപ്പിച്ചെന്ന് അമിത് ഷാ അവകാശപ്പെട്ടു. പാക് അധീന കശ്മീർ ഇന്ത്യയുടേതാണ്, അത് ഇന്ത്യ അത് തിരിച്ചുപിടിക്കുക തന്നെ ചെയ്യും. പാകിസ്താന്റെ കയ്യിൽ ആണവബോംബ് ഉണ്ടെന്നതുകൊണ്ട് കോൺഗ്രസ് നേതാക്കൾക്ക് അവരെ ഭയമാണ്. എന്നാൽ പാകിസ്താൻ കേന്ദ്രീകരിച്ച് നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക് മോദി ശക്തമായ തിരിച്ചടിയാണ് നൽകുന്നത്. അണുബോംബ് ഭീഷണിയെ അദ്ദേഹം ഭയപ്പെടുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.