എൻ.ഡി.എ അധികാരത്തിലെത്തിയാൽ ജഡ്ജി നിയമനത്തിനുള്ള കൊളീജിയം സംവിധാനം ഇല്ലാതാക്കാൻ ശ്രമിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി
|സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കാനുള്ള സംവിധാനമാണ് കൊളീജിയം.
പട്‌ന: ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യം വീണ്ടും അധികാരത്തിലെത്തിയാൽ ജനാധിപത്യവിരുദ്ധമായ കൊളീജിയം സംവിധാനം ഇല്ലാതാക്കാൻ ശ്രമിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ. സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കാനുള്ള സംവിധാനമാണ് കൊളീജിയം. താൻ മത്സരിക്കുന്ന ബിഹാറിലെ കരാക്കത് മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു കുശ്വാഹയുടെ പരാമർശം.
കൊളീജിയം സംവിധാനത്തിന് നിരവധി പോരായ്മകളുണ്ട്. അത് ജനാധിപത്യവിരുദ്ധമാണ്. ദലിതരും ഒ.ബി.സിക്കാരും ഉയർന്ന ജാതിക്കാർക്കിടയിലെ ദരിദ്രർ പോലും ഉന്നത ജുഡീഷ്യൽ പദവിയിലെത്തുന്നതിന് കൊളീജിയം തടസ്സമാവുന്നുവെന്നും കുശ്വാഹ ആരോപിച്ചു.
ഒന്നാം മോദി മന്ത്രിസഭയിൽ മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രിയായിരുന്നു കുശ്വാഹ. 2014ൽ മോദി സർക്കാർ കൊണ്ടുവന്ന ദേശീയ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ് കമ്മീഷൻ ബിൽ ചില കാരണങ്ങൾക്കൊണ്ട് സുപ്രിംകോടതി റദ്ദാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ ഒന്നിന് അവസാനഘട്ടത്തിലാണ് കരാക്കത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സി.പി.ഐ (എം.എൽ) നേതാവായ രാജാ റാം, ഭോജ്പൂരി നടൻ പവൻ സിങ് എന്നിവരാണ് ഇവിടെ കുശ്വാഹയുടെ എതിരാളികൾ. സ്വതന്ത്ര സ്ഥാനാർഥിയായി പവൻ സിങ് രംഗത്തെത്തിയതോടെ ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തിൽ നടക്കുന്നത്.