നീറ്റ്; എല്ലാ വിദ്യാർഥികളെയും ബാധിച്ചെങ്കിൽ മാത്രം പുനഃപരീക്ഷ: സുപ്രിംകോടതി
|ക്രമക്കേട് നടത്തിയവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്നും കോടതി
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികളിൽ കേന്ദ്രത്തോട് നിരവധി ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രിംകോടതി. പരീക്ഷാ ക്രമക്കേടിൽ എത്ര വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ട്, അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു, കഴിഞ്ഞ വർഷങ്ങളിൽ ഉയർന്ന മാർക്ക് നേടിയവരുടെ എണ്ണം എത്ര തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങളാണ് കോടതി ചോദിച്ചത്.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ ലക്ഷകണക്കിന് വിദ്യാർഥികൾ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഹരജി അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജികളിൽ വാദം കേൾക്കുന്നത്. പുന:പരീക്ഷയിൽ എതിർപ്പുമായി 254 ഹരജികളാണ് കോടതിക്ക് മുമ്പിലുള്ളത്. അതേസമയം ക്രമക്കേട് എല്ലാ വിദ്യാർഥികളെയും ബാധിച്ചു എന്ന് തെളിഞ്ഞാൽ മാത്രമേ പുനപരീക്ഷ നടത്താൻ കഴിയുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.