India
കോവിഡ് വാക്സിന്‍റെ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുമോ? കേന്ദ്രം കോടതിയെ അറിയിച്ചതിങ്ങനെ...
India

കോവിഡ് വാക്സിന്‍റെ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുമോ? കേന്ദ്രം കോടതിയെ അറിയിച്ചതിങ്ങനെ...

Web Desk
|
14 Dec 2021 10:17 AM GMT

ബൂസ്റ്റര്‍ ഡോസിന്‍റെ ആവശ്യകത പരിശോധിക്കുന്നത് രണ്ട് വിദഗ്ധ സമിതികളാണ്

കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കണോ എന്ന കാര്യത്തില്‍ വിദഗ്ധ സമിതി തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അർഹരായ എല്ലാവർക്കും രണ്ടു ഡോസ് വാക്സിൻ നൽകുന്നതിനാണ് പ്രഥമ പരിഗണന. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചത്.

ബൂസ്റ്റര്‍ ഡോസിന്‍റെ ആവശ്യകത പരിശോധിക്കുന്നത് രണ്ട് വിദഗ്ധ സമിതികളാണ്- നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷനും (എന്‍ടിഎജിഐ), നാഷണല്‍ എക്സ്പേര്‍ട് ഗ്രൂപ്പ് ഓണ്‍ വാക്സിന്‍ അഡ്മിനിസ്ട്രേഷനും (എന്‍ഇജിവിഎസി). നിലവില്‍ ഈ രണ്ട് സമിതികളും ബൂസ്റ്റര്‍ ഡോസ് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളൊന്നും സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. കോവിഡ് വാക്സിനുകൾ നല്‍കുന്ന പ്രതിരോധശേഷിയുടെ ദൈർഘ്യത്തെക്കുറിച്ചുള്ള നിലവിലെ അറിവ് പരിമിതമാണ്. കുറച്ചുകാലം കഴിഞ്ഞാല്‍ മാത്രമേ ഇത് വ്യക്തമായി അറിയാൻ കഴിയൂ എന്നും കേന്ദ്രം വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെങ്കില്‍, വാക്സിന്‍ എപ്പോള്‍ നല്‍കുമെന്നത് സംബന്ധിച്ച രൂപരേഖ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെ ബൂസ്റ്റർ ഡോസ് നയം രാഷ്ട്രീയമായ തീരുമാനമായിരിക്കില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയില്‍ പറഞ്ഞിരുന്നു. രണ്ട് വിദഗ്ധ സമിതികളുടെ അനുമതിയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും തീരുമാനമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. അതേസമയം പല രാജ്യങ്ങളും കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

രാജ്യത്ത് എട്ട് പേർക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 49 ആയി. മഹാരാഷ്ട്രയിലാണ് കൂടുതൽ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Related Tags :
Similar Posts