ചികിത്സക്കായി കേരളത്തിലേക്ക് പോകാൻ അനുമതി വേണം; മഅ്ദനി സുപ്രിംകോടതിയിൽ
|ആരോഗ്യ നില മോശമായ സാഹചര്യത്തിലാണ് ഹരജി നൽകിയത്
ബാംഗ്ലൂർ: ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണം എന്നാവശ്യപ്പെട്ട് അബ്ദുനാസർ മഅ്ദനി സുപ്രിം കോടതിയിൽ. കേരളത്തിലേക്ക് മടങ്ങാൻ അനുവാദം നൽകണമെന്നും ആവശ്യം. ആരോഗ്യ നില മോശമായ സാഹചര്യത്തിലാണ് ഹരജി നൽകിയത്. ആയൂർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണമെന്ന് ഹരജിയിൽ പറയുന്നു.
വിചാരണ നടക്കുന്ന പ്രത്യേക കോടതിയിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ചിരിക്കുന്ന ഹർജി കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. മൂന്നാഴ്ചക്ക് മുമ്പ് പക്ഷാഘാത ലക്ഷണങ്ങൾ കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മഅ്ദനിയെ ബംഗ്ലൂരിലെ ആസ്റ്റർ സി എം ഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിന്നു. തുടർന്ന് എം ആർ ഐ സ്കാൻ ഉൾപ്പെടെയുള്ള വിവിധ പരിശോധനകൾക്ക് വിധേയമാക്കിയിരിന്നു.ആ പരിശോധനകളിൽ ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളിൽ (ഇന്റേണൽ കരോട്ടിട് ആർട്ടറി) രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകൾക്ക് തളർച്ച, സംസാരശേഷിക്ക് കുറവ് സംഭവിക്കുക തുടങ്ങീ പക്ഷാഘാത ലക്ഷണങ്ങൾ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാൻ ഉടൻ സർജറി വേണമെന്നും നിർദേശിച്ചിരിന്നു.
കേരളത്തിലെ വിവിധ ആശുപത്രികളിലെയും ബാംഗ്ലൂരുവിലെ സൗഖ്യ ഹോസ്പിറ്റൽ, നാരായണ ഹൃദയാലയ തുടങ്ങി ആശുപത്രികളിലെയും വിദഗ്ദ ഡോക്ടർമാരുടെ നിർദേശങ്ങൾ തേടിയെങ്കിലും അവരെല്ലാവരും മഅ്ദനിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടങ്കിലും കിഡ്നിയുടെ പ്രവർത്തനക്ഷമത (ക്രിയാറ്റിന്റെ അളവ് കൂടിയ സ്ഥിതി) വളരെ കുറഞ്ഞ സാഹചര്യത്തിൽ ശസ്ത്രക്രിയക്ക് വിധേയമാകുക എന്നത് അതീവ സങ്കീർണമായിരിക്കും എന്നാണ് ഡോക്ടർമാരുടെയും അഭിപ്രായം.സർജറിക്കും അതിന് മുമ്പുള്ളപരിശോധനകൾക്കും വേണ്ടി നല്കപ്പെടുന്ന ഡൈ ഇൻജക്ഷനുകൾ ഇപ്പോൾ തന്നെ പ്രവർത്തനക്ഷമത കുറവായ കിഡ്നിയുടെ പ്രവർത്തനം നിശ്ചലമാകുമെന്ന സാഹചര്യം ഉണ്ടായേക്കാം എന്ന ഉപദേശമാണ് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അടിയന്തിരമായി സുപ്രിം കോടതിയെ സമീപിക്കുന്നത്. അഡ്വ.ഹരീസ് ബീരാൻ മുഖേനയാണ് ഹർജി സുപ്രിം കോടതിയിൽ ഫയൽ ചെയ്യുന്നതെന്ന് പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.