India
ഭയം വേണ്ട, ജാഗ്രത പാലിക്കണം; കോവിഡ് യോഗത്തിനു ശേഷം കേന്ദ്ര ആരോഗ്യമന്ത്രി
India

ഭയം വേണ്ട, ജാഗ്രത പാലിക്കണം; കോവിഡ് യോഗത്തിനു ശേഷം കേന്ദ്ര ആരോഗ്യമന്ത്രി

Web Desk
|
23 Dec 2022 2:36 PM GMT

ചൈനയില്‍ കോവിഡ് കേസുകള്‍ കൂടിയതിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പകർച്ചവ്യാധി സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാണ്ഡവ്യയുടെ പ്രതികരണം

ഡല്‍ഹി: ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മാന്‍സുഖ് മാണ്ഡവ്യ. ചൈനയില്‍ കോവിഡ് കേസുകള്‍ കൂടിയതിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പകർച്ചവ്യാധി സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാണ്ഡവ്യയുടെ പ്രതികരണം.

എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കോവിഡ്-19 പ്രതിരോധത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും നിലനിർത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ കോവിഡിനെതിരെ ജാഗ്രത പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു.''പരിഭ്രാന്തരാകേണ്ട കാര്യമില്ല. മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ പരിചയമുണ്ട്. കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ എല്ലാ പിന്തുണയും നൽകും. ആവശ്യാനുസരണം നടപടിയെടുക്കും'' മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

വരാനിരിക്കുന്ന ഉത്സവ സീസണും പുതുവത്സര ആഘോഷങ്ങളും കണക്കിലെടുത്ത് കോവിഡ് വ്യാപന സാധ്യത കുറയ്ക്കുന്നതിന് ആവശ്യമായ പൊതുജനാരോഗ്യ നടപടികളും ക്രമീകരണങ്ങളും ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വിജ്ഞാപനത്തിൽ പറഞ്ഞു. കോവിഡ് പരിശോധനാ മാർഗനിർദേശങ്ങൾ അനുസരിച്ച് എല്ലാ ജില്ലകളിലും മതിയായ പരിശോധന ഉറപ്പാക്കാനും പുതിയ വകഭേദങ്ങളുടെ സമയോചിതമായ കണ്ടെത്തൽ പ്രാപ്തമാക്കുന്നതിന് ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചു.

Similar Posts