നീറ്റ് പരീക്ഷ മാറ്റിവയ്ക്കണം: ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
|പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പ്രധാനമന്ത്രിക്ക് കത്തയിച്ചിരുന്നു
ന്യൂഡൽഹി: വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ നീറ്റ് പി.ജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കൗൺസിലിങ് വൈകിയതിനാൽ പഠനത്തിന് സമയം ലഭിച്ചില്ലെന്നും പരീക്ഷ മാറ്റിവയ്ക്കണമെന്നുമാണ് മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ആവശ്യം.
2021ലെ നീറ്റ് പി.ജി പരീക്ഷ അഞ്ച് മാസം വൈകി ആരംഭിച്ചതാണ് പ്രതിസന്ധിക്ക് കാരണം. പരീക്ഷ വൈകിയതിനെ തുടർന്ന് കൗൺസിലിങ് ആരംഭിച്ചത് ഒക്ടോബറിലായിരുന്നു. എന്നാൽ സംവരണവുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നതിനാൽ കൗൺസിലിങ് താൽക്കാലികമായി സുപ്രീംകോടതി നിർത്തിവച്ചു. പിന്നീട് ജനുവരിയിലാണ് കൗൺസിലിങ് പുനരാരംഭിക്കാനായത്.
മെയ് ഏഴിനാണ് കൗൺസിലിങ് പൂർത്തിയായത്. അതുകൊണ്ട് പരീക്ഷയ്ക്കുള്ള പഠനത്തിനായി ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നതാണ് വിദ്യാർഥികളുടെ പരാതി. മാത്രമല്ല കോവിഡ് ഡ്യൂട്ടിക്കുണ്ടായിരുന്ന പല വിദ്യാർഥികൾക്കും ഇന്റേൺഷിപ്പ് പൂർത്തിയാക്കാനായില്ല. ഇതിനാൽ പരീക്ഷ രണ്ടു മാസത്തേക്ക് നീട്ടിവയ്ക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെടുന്നു. വിദ്യാർഥികളുടെ വിഷയമായതിനാൽ ആദ്യ കേസായി തന്നെ ഹരജി ഇന്ന് പരിഗണിക്കും.
പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പ്രധാനമന്ത്രിക്ക് കത്തയിച്ചിരുന്നു. ഐ.എം.എയും സമാന ആവശ്യവുമായി രംഗത്തുണ്ട്.
Summary: The petition asking that the NEET exam should be postponed, will be considered by the Supreme Court today