India
NEET exam controversy; Pianka Gandhi criticizes Modi government,nta,bjp,congress,latestnews
India

നീറ്റ് പരീക്ഷാ വിവാദം; മോദി സർക്കാരിനെ വിമർശിച്ച് പിയങ്ക ഗാന്ധി

Web Desk
|
7 Jun 2024 6:59 AM GMT

വിദ്യാർത്ഥികളുടെ പരാതിയിൽ ഉടൻ പരിഹാരം കണ്ടെത്തണമെന്നും പ്രിയങ്ക

ഡൽഹി: നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകളിൽ മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വിദ്യാർത്ഥികളുന്നയിക്കുന്ന പരാതികളിൽ അന്വേഷണത്തിലൂടെ ഉടൻ പരിഹാരം കണ്ടെത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പ്രിയങ്ക മോദി സർക്കാരിനെ വിമർശിച്ചത്.

കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച നീറ്റ് പരീക്ഷയുടെ മാർക്കിൽ പൊരുത്തക്കേടുണ്ടെന്നും രണ്ടു വിദ്യാർത്ഥികൾക്ക് 718, 719 എന്നിങ്ങനെ മാർക്ക് ലഭിച്ചത് സംശയാസ്പദമാണെന്നും ആരോപിച്ച് വിദ്യാർഥികൾ രംഗത്തുവന്നിരുന്നു. ഹരിയാനയിലെ ഒരു സെന്ററിൽ പരീക്ഷയെഴുതിയ എട്ടു വിദ്യാർത്ഥികൾക്ക് തൊട്ടടുത്ത റാങ്കുകൾ ലഭിച്ചത് സംശയാസ്പദമാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് വിദ്യാർഥികളുടെ നീക്കം.

നീറ്റ് പരീക്ഷയിൽ 180 ചോദ്യങ്ങൾക്കാണ് വിദ്യാർത്ഥികൾ ഉത്തരമെഴുതേണ്ടത്. മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതിയാൽ പരമാവധി 720 മാർക്കാണ് ലഭിക്കുക. ഒരു ചോദ്യം ഒഴിവാക്കിയാൽ നാലു മാർക്ക് കുറയും.716 മാർക്ക് ലഭിക്കും.ഒരു ചോദ്യത്തിനുള്ള ഉത്തരം തെറ്റിയാൽ നെഗറ്റീവ് മാർക്ക് കൂടി കിഴിച്ച് 715 മാർക്കാണ് ലഭിക്കുക.

എന്നാൽ രണ്ടു വിദ്യാർത്ഥികൾക്ക് 718 ഉം 719 ഉം മാർക്ക് ലഭിച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ച ഫലത്തിൽ കാണുന്നുണ്ട്. സംഭവം വിവാദമായതിനെ തുടർന്ന് ഗ്രേസ് മാർക്ക് നൽകിയതാണെന്ന വിശദീകരണവുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി രംഗത്തെത്തി. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

Similar Posts