India
Supreme Court
India

നീറ്റ് പരീക്ഷയിലെ ക്രമക്കേട്: സുപ്രിംകോടതിയെ സമീപിച്ച് എം.എസ്.എഫും എസ്.ഐ.ഒയും

Web Desk
|
10 Jun 2024 12:35 PM GMT

‘സുതാര്യമായിട്ടല്ല ഗ്രേസ് മാർക്ക് അനുവദിച്ചത്’

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച് വിദ്യാർഥി സംഘടനകളായ എം.എസ് എഫും എസ്.ഐ.ഒയും. ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, ചോദ്യപേപ്പർ ചോർച്ചയിൽ സമഗ്ര അന്വേഷണം നടത്തുക, അന്വേഷണം പൂർത്തിയാകാതെ കൗൺസിലിങ് നടപടിയിലേക്ക് കടക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എം.എസ്.എഫ് കേസ് ഫയൽ ചെയ്തത്. അഡ്വ. ഹാരിസ് ബീരാൻ മുഖേനയാണ് കേസ് ഫയൽ ചെയ്തത്. വിദ്യാർഥികൾക്ക് നീതി ലഭിക്കും വരെ എം.എസ്.എഫ് മുന്നിലുണ്ടാവുമെന്ന് ദേശീയ പ്രസിഡന്റ്‌ പി.വി. അഹമ്മദ് സാജു പറഞ്ഞു.

നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് എസ്.ഐ.ഒ സുപിംകോടതിയിൽ പൊതുതാൽപ്പര്യ ഹരജി സമർപ്പിച്ചു. പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് എസ്.ഐ.ഒ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ പരീക്ഷാ നടപടിക്രമങ്ങൾ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം. പരീക്ഷാ വിജ്ഞാപനം മുതൽ എൻ.ടി.എയുടെ ഭാഗത്തുനിന്ന് പൊരുത്തക്കേടുകൾ സംഭവിച്ചിട്ടുണ്ട്.

ബിഹാറിലെ ചോദ്യപേപ്പർ ചോർച്ചയും ഗുജറാത്തിലെയും നോയിഡയിലെയും ക്രമക്കേടുകളും അറസ്റ്റും പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ടുണ്ട്. സുതാര്യമായിട്ടല്ല ഗ്രേസ് മാർക്ക് അനുവദിച്ചത്. സമയനഷ്ടത്തിനാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് എൻ.ടി.എയുടെ അവകാശവാദം. എന്നാൽ, ‘സമയനഷ്ടം’ നിർണയിക്കാനുള്ള മാനദണ്ഡങ്ങളും രീതികളും വ്യക്തമായി അവതരിപ്പിക്കാൻ അവർക്കായിട്ടില്ല.

സംഭവം അന്വേഷിക്കാൻ സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും ഇതിലെ അംഗങ്ങൾ ആരെന്ന് വ്യക്തമാക്കാത്തതും ഗുരുതര ആശങ്കയാണ് ഉയർത്തുന്നത്. ഏറ്റവും കൂടുതൽ മാർക്ക് നേടിയ 67 വിദ്യാർഥികളിൽ എട്ടുപേരും ഹരിയാനയിലെ പ്രത്യേക സെന്ററിൽനിന്നുള്ളവരാണ്. ഇത് പരീക്ഷാ നടത്തിപ്പിലെ സുതാര്യതയെയും നീതിയെയും കുറിച്ച് ഗുരുതര സംശയങ്ങൾ ഉയർത്തുന്നതാണെന്നും എസ്.ഐ.ഒ ഭാരവാഹികൾ പറഞ്ഞു. ദേശീയ സെക്രട്ടറിമാരായ ഡോ. റോഷൻ മൊഹ്‍യുദ്ദീൻ, അബ്ദുല്ലാഹ് ഫായിസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പ​ങ്കെടുത്തു.

Related Tags :
Similar Posts