നീറ്റ് ക്രമക്കേട്: അന്വേഷണം ഊർജ്ജിതമാക്കി സിബിഐ
|യുജി ചോദ്യപേപ്പർ ചോർച്ച നടന്നത് ഝാർഖണ്ഡിലെ ഹസാരിബാഗിലെ സ്കൂളിൽ നിന്നാണെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. ചോദ്യപേപ്പർ ചോർന്നത് ഝാർഖണ്ഡിൽ നിന്നാണെന്ന വിവരത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം മാറ്റിവെച്ച് നീറ്റ് പി.ജി പരീക്ഷ അടുത്ത ആഴ്ചയോട് കൂടി നടത്തുമെന്ന് സെൻട്രൽ ബോർഡ് ഓഫ് എക്സാമിനേഷൻ അറിയിച്ചു.
നീറ്റ് വിവാദത്തിൽ ഝാർഖണ്ഡിലേക്കും സിബിഐ അന്വേഷണം വ്യാപിപ്പിച്ചു.യുജി ചോദ്യപേപ്പർ ചോർച്ച നടന്നത് ഝാർഖണ്ഡിലെ ഹസാരിബാഗിലെ സ്കൂളിൽ, ആണെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ചോദ്യപേപ്പറുകൾ അടങ്ങിയ ഡിജിറ്റൽ ലോക്കറുകളിൽ ക്രമക്കേട് നടന്നുവന്ന വിവരം സിബിഐ പരിശോധിക്കുകയാണ്.
1:15നു തുറക്കേണ്ട ഡിജിറ്റൽ ലോക്കറുകൾ നമ്പർ ലോക്ക് നൽകിയിട്ടും തുറക്കാൻ കഴിയാഞ്ഞതോടെ ഇലക്ട്രിക് കട്ടർ ഉപയോഗിച്ചാണ് ബോക്സുകൾ തുറന്നത്. ഇതിൽ ക്രമക്കേട് നടന്നോ എന്ന പരീക്ഷാ ചുമതയിലുള്ള ഉദ്യോഗസ്ഥരുടെ സംശയമാണ് പുതിയ അന്വേഷണത്തിന് വഴിതെളിച്ചത്.
ബീഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പക്കൽ നിന്നും ശേഖരിച്ച തെളിവുകളുടെ സഹായത്തോടെ സിബിഐ മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതുവരെ അന്വേഷണത്തിൽ 18 പേർ അറസ്റ്റിൽ ആയിട്ടുണ്ട്.
അറസ്റ്റിലായവരിൽ ചിലരെ സിബിഐ സംഘം ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുപോകും. തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സിബിഐ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു .ഡൽഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാലു സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.