നീറ്റ് ചോദ്യപേപ്പർ ചോർച്ച: രണ്ടുപേർ കൂടി അറസ്റ്റിൽ
|ഒരു പരീക്ഷാർഥിയെയും നേരത്തെ അറസ്റ്റിലായ വിദ്യാർഥിയുടെ പിതാവിനെയുമാണ് അറസ്റ്റ് ചെയ്തത്
പട്ന: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഒരു പരീക്ഷാർഥിയെയും നേരത്തെ അറസ്റ്റിലായ മറ്റൊരു വിദ്യാർഥിയുടെ പിതാവിനെയുമാണ് അറസ്റ്റ് ചെയ്തത്. ബിഹാറിൽ നിന്നാണ് ഇരുവരെയും സി.ബി.ഐ പിടികൂടിയത്. കേസിലെ മുഖ്യ ആസൂത്രകനായ അമൻ സിങ് ഉൾപ്പെടെ നിരവധിപേർ നേരത്തെ അറസ്റ്റിലായിരുന്നു.
ജൂൺ 23നാണ് സി.ബി.ഐ ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്തത്. ജൂൺ 27ന് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ, ജയ് ജലറാം സ്‌കൂൾ പ്രിൻസിപ്പൽ, ഫിസിക്‌സ് അധ്യാപകൻ, ഹിന്ദി മാധ്യമ സ്ഥാപന മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരൻ, മറ്റൊരു സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നിവരും അറസ്റ്റിലായിരുന്നു.
ബിഹാർ, മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അന്വേഷണം.നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തുന്നത്. വഞ്ചന (ഐ.പി.സി 420), ക്രിമിനൽ ഗൂഢാലോചന (ഐ.പി.സി 120-ബി) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.