നീറ്റ് ക്രമക്കേട്; പ്രതിഷേധത്തിനിടെ പ്രതിപക്ഷ എംപി രാജ്യസഭയിൽ കുഴഞ്ഞു വീണു
|നീറ്റ് വിഷയത്തിൽ ചട്ടങ്ങൾ പാലിച്ചുള്ള ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ന്യൂഡൽഹി: നീറ്റ് പ്രതിഷേധത്തിനിടെ പ്രതിപക്ഷ എംപി രാജ്യസഭയിൽ കുഴഞ്ഞു വീണു. കോൺഗ്രസ് അംഗം ഫൂലൻദേവി നേതം ആണ് കുഴഞ്ഞു വീണത്. സഭ ഉടൻ തന്നെ നിർത്തിവെച്ചു. നീറ്റ് വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷം രാജ്യസഭയിൽ നിന്നും ഇറങ്ങിപോയി. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംപിയുടെ ആരോഗ്യനില തൃപ്തികരമാണ്.
നീറ്റ് വിഷയത്തിൽ ചട്ടങ്ങൾ പാലിച്ചുള്ള ചർച്ചക്ക് തയാറെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാരെ വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു.
നേരത്തെ ലോക്സഭയിലും നീറ്റ് വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ പ്രതിഷേധമുണ്ടായിരുന്നു. ക്രമക്കേടുകൾ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം നൽകിയെങ്കിലും സ്‌പീക്കർ അത് നിഷേധിക്കുകയായിരുന്നു. തുടർന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സഭ പ്രഷുബ്ധമായി.