India
poet p n gopikrishnan about nehru and protest against hindu code bills

ജവഹര്‍ലാല്‍ നെഹ്റു, പി.എന്‍ ഗോപീകൃഷ്ണന്‍

India

'മതത്തിന്‍റെ അനിയന്ത്രിത ഇടപെടലിന് ശ്രമിച്ച സന്യാസിവര്യരെ മുഖാമുഖം നേരിട്ട നെഹ്റു': കവി ഗോപീകൃഷ്ണന്‍റെ കുറിപ്പ്

Web Desk
|
29 May 2023 6:44 AM GMT

ഹിന്ദു കോഡ് ബില്ലിനെ ചൊല്ലി നെഹ്റുവിനും അംബേദ്കര്‍ക്കുമെതിരെ സന്യാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ പട നയിച്ചതിനെ കുറിച്ചാണ് കുറിപ്പ്

പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെ ബി.ജെ.പി ഹിന്ദുത്വ രാഷ്ട്രീയ ആശയ പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്. മതേതര ഇടമാകേണ്ട പാര്‍ലമെന്‍റില്‍ ചെങ്കോല്‍ പ്രതിഷ്ഠയും പൂജയും നടത്തി. ഈ സാഹചര്യത്തെ നെഹ്റുവിന്‍റെ കാലഘട്ടവുമായി താരതമ്യം ചെയ്യുകയാണ് കവി പി.എന്‍ ഗോപീകൃഷ്ണന്‍. സന്യാസിമാരെ മുൻനിർത്തി ഭരണകൂടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ നെഹ്റു അതിനെ എങ്ങനെ നേരിട്ടുവെന്നാണ് ഗോപീകൃഷ്ണന്‍ കുറിപ്പില്‍ വ്യക്തമാക്കിയത്.

ഹിന്ദു വിവാഹവും പിന്തുടര്‍ച്ചാവകാശവും സംബന്ധിച്ച ഹിന്ദു കോഡ് ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സന്യാസി സംഘടനകൾ അംബേദ്കര്‍ക്കും നെഹ്റുവിനുമെതിരെ വന്‍ പ്രചാരണം അഴിച്ചുവിട്ടു. രാജ്യമെമ്പാടുമുള്ള നിരവധി ഹൈന്ദവരെക്കൊണ്ട് ബില്ലിനെതിരെ നെഹ്റുവിന് കമ്പിസന്ദേശങ്ങൾ അയച്ചും സർവ്വകക്ഷി പാർലമെൻ്റിലെ അംഗങ്ങളെ ഭിന്നിപ്പിച്ചും തത്ക്കാലം ബില്ലിനെ അലമാരയിലേയ്ക്ക് തന്നെ മടക്കാൻ കർപത്രിയെപ്പോലുള്ള സന്യാസിവര്യർക്ക് കഴിഞ്ഞു. നിരാശനായ അംബേദ്കര്‍ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.

1950-51ലെ ആദ്യ തെരഞ്ഞെടുപ്പിൽ നെഹ്റുവിനും കോൺഗ്രസ്സിനുമെതിരെ ഹിന്ദു കോഡ് ബിൽ മുൻനിർത്തി കർപത്രിയും അദ്ദേഹത്തെ പോലുള്ള സന്യാസിവര്യരും ഹിന്ദുത്വ രാഷ്ട്രീയ പാർട്ടികളും വൻ പ്രചാരണം അഴിച്ചുവിട്ടെങ്കിലും ഏശിയില്ല. നെഹ്റു വീണ്ടും പ്രധാനമന്ത്രിയായി. ഹിന്ദു വിവാഹ ബിൽ, ഹിന്ദു പിന്തുടർച്ചാവകാശ ബിൽ, ഹിന്ദു ന്യൂനപക്ഷ- രക്ഷാകർത്തൃത്വ ബിൽ, ഹിന്ദു ദത്താവകാശ സംരക്ഷണ ബിൽ എന്നീ നാലു ബില്ലുകളായി,1954 മുതൽ 56 വരെയുള്ള കാലയളവിൽ ഹിന്ദു കോഡ് ബിൽ നെഹ്റുവിൻ്റെ മുൻകൈയ്യിൽ പാസ്സായി. അങ്ങനെ മതത്തിൻ്റെ ജനാധിപത്യാവകാശത്തെ അനിയന്ത്രിതമായി ആധുനിക നിയമവാഴ്ചയിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിച്ച കർപത്രിയെപ്പോലുള്ള സന്യാസിവര്യരെ മുഖാമുഖം നേരിട്ട് പരാജയപ്പെടുത്തിയ ആധുനിക നൈതിക ബോധത്തിൻ്റെ ഉജ്ജ്വലിക്കുന്ന വ്യക്തിരൂപത്തിൻ്റെ പേരായിരുന്നു ജവഹർലാൽ നെഹ്റുവെന്ന് ഗോപീകൃഷ്ണന്‍ കുറിച്ചു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

സന്യാസിമാരും ചെങ്കോലും എന്ന വിഷയത്തിലും നെഹ്റുവിനെ എടുത്ത് പെരുമാറാൻ കേന്ദ്രമന്ത്രിയെ തന്നെ ഇറക്കിയ സാഹചര്യത്തിൽ "നെഹ്റുവും സന്യാസിമാരും തമ്മിലെന്ത്?" എന്ന ചോദ്യത്തിനുത്തരം കിട്ടാൻ ചരിത്രത്തിലേയ്ക്ക് പാളി നോക്കുന്നത് ഉത്തമമാണ്. സ്വാതന്ത്ര്യദിനത്തിൽ പൂജ ചെയ്യാൻ നെഹ്റു ഇരുന്നു കൊടുത്തോ ചെങ്കോൽ ഏതെങ്കിലും സ്വാമിയുടെ കൈയ്യിൽ നിന്നും സ്വീകരിച്ചോ എന്നൊക്കെ തിരക്കുന്നവർ ആ വഴി പോയ്ക്കൊള്ളട്ടെ. ഇന്ത്യയെപ്പോലെ ഒരു മതാത്മക സമൂഹത്തിൽ ഇഷ്ടത്തോടെയും അല്ലാതെയും മതപരമായ ചടങ്ങുകളിൽ തലവെച്ചു കൊടുക്കാത്തവർ എത്ര എന്ന ചോദ്യത്തോടെ അത് തീർന്നുകൊള്ളും. ഈ സാഹചര്യത്തിൽ അത്തരം പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനേക്കാൾ പ്രധാനം, ഒരു ആധുനിക ജനാധിപത്യ സമൂഹത്തിൽ മതത്തിന് അനുവദിച്ചു കൊടുത്തിട്ടുള്ള പദവിക്കും സ്വാതന്ത്ര്യത്തിനുമപ്പുറം, സന്യാസിമാരെ മുൻനിർത്തി ഭരണകൂടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ നെഹ്റു അതിനെ എങ്ങനെ നേരിട്ടു എന്ന് നോക്കുന്നതാണ്.

ആദ്യമേ ഒരു കാര്യം അടിവരയിട്ടു പറയേണ്ടതുണ്ട്. 1947ലെ ആദ്യ മന്ത്രിസഭ കോൺഗ്രസ് മന്ത്രിസഭയായിരുന്നില്ല. നെഹ്റുവിന്‍റെ നേതൃത്വത്തിലുള്ള സർവ്വകക്ഷി മന്ത്രിസഭ ആയിരുന്നു. ഇന്നത്തെ ഹിന്ദുത്വ ഫാസിസത്തിന്‍റെ പൂർവ്വരൂപമായിരുന്ന, സവർക്കറുടെ ഹിന്ദുമഹാസഭയുടെ പ്രതിനിധിയായി ശ്യാമപ്രസാദ് മുഖർജിയും ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷന്‍റെ പ്രതിനിധിയായി ഡോ.ബി.ആർ അംബേദ്ക്കറും പാന്തിക് പാർട്ടിയുടെ പ്രതിനിധിയായി ബൽദേവ് സിംഗും ആ മന്ത്രിസഭയിൽ ഉണ്ടായിരുന്നു. യഥാർത്ഥത്തിൽ ബ്രിട്ടീഷുകാരിൽ നിന്ന് അധികാരം നിയമപരമായി ഏറ്റുവാങ്ങാൻ 1946ൽ തന്നെ രൂപവത്ക്കരിച്ച ഇടക്കാല ഗവണ്മെന്‍റിന്‍റെ ഏതാണ്ട് തുടർച്ചയായിരുന്നു അതെന്ന് പറയാം. അതായത് ഭരണഘടനയും ആദ്യത്തെ തെരഞ്ഞെടുപ്പും നിലവിൽ വരുന്നത് വരെയുള്ള താത്ക്കാലിക സംവിധാനം. പ്രതിപക്ഷം എന്ന ഒന്ന് അന്ന് സഭയിൽ ഇല്ല എന്ന് പറയാം.

1944ൽ പുന:സംഘടിപ്പിക്കപ്പെട്ട ഹിന്ദു നിയമ കമ്മറ്റി അതിന്‍റെ റിപ്പോർട്ട് 1947 ഫെബ്രുവരി 21ന് സമർപ്പിക്കുകയുണ്ടായി. അന്നത് പാർലമെന്‍റ് അലമാരയിൽ അടച്ചുവെച്ചു. എന്നാൽ 1948 ഏപ്രിൽ മാസത്തിൽ നിയമമന്ത്രിയായിരുന്ന ഡോ.ബി.ആർ അംബേദ്കർ അത് പൊടിതട്ടിയെടുത്തു.

ചുരുക്കിപ്പറഞ്ഞാൽ ഹിന്ദു വിവാഹങ്ങൾ, അവ മതാചാരപ്രകാരമുള്ളവയായാലും സിവിൽ നിയമപ്രകാരമുള്ളവയായാലും വിവാഹത്തിനും വിവാഹ വിമോചനത്തിനും കൂടുതൽ വഴക്കം പ്രദാനം ചെയ്യുന്ന ബിൽ ആയിരുന്നു അത്. അതോടൊപ്പം പെൺമക്കൾക്കും വിധവകൾക്കും സ്വത്തവകാശം അനുവദിക്കുന്നതും ജാത്യാന്തരവിവാഹങ്ങൾക്ക് നിയമസാധുത നൽകുന്നതുമായ നിരവധി വകുപ്പുകൾ അതിൽ ഉണ്ടായിരുന്നു.

സനാതന ഹിന്ദുക്കളുടെ താത്പര്യസംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന " കല്യാൺ " എന്ന പ്രസിദ്ധീകരണം ആ ബില്ലിനെതിരെ സനാതന ഹിന്ദുക്കളെ മുഴുവൻ സംഘടിപ്പിക്കാൻ ശ്രമിച്ചു. ( കല്യാണിന് ഇപ്പോൾ 2,30,000 വരിക്കാരും യഥാർത്ഥ വായനക്കാരുടെ എണ്ണം അതിൻ്റെ 10 മടങ്ങാണെന്നുമാണ് ബ്രിട്ടാനിക്ക പറയുന്നത് ). കല്യാണിൻ്റെ എഡിറ്ററായിരുന്ന ഹനുമാൻ പ്രസാദ് പോദ്ദാറിൻ്റെ നേതൃത്വത്തിൽ ഭാരത് ധർമ്മ മഹാമണ്ഡൽ, ഹിന്ദുമഹാസഭ, അഖിൽ ഭാരതീയ ധർമ്മസംഘ്, അഖിൽ ഭാരതീയ വർണ്ണാശ്രം സ്വരാജ് സംഘ് തുടങ്ങിയ സംഘടനകൾ എല്ലാം ചേർന്ന് അംബേദ്ക്കർക്കും നെഹ്റുവിനുമെതിരെ വൻപ്രചാരണം അഴിച്ചുവിട്ടു. അതിൽ പലതും സന്യാസി സംഘടനകൾ ആയിരുന്നു.

ഹിന്ദുകോഡ് ബില്ലിനെതിരെ പ്രധാനമായും പട നയിച്ച സംന്യാസി കർ പത്രി മഹാരാജ് ആയിരുന്നു. ശ്രീരാമസേന എന്ന പാർട്ടിയുടെ നേതാവും കൂടിയായിരുന്നു അദ്ദേഹം ( 1951- 52 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 3 ലോക്സഭാ സീറ്റുകൾ ശ്രീരാമസേനയ്ക്ക് ലഭിച്ചു ) .ബിൽ " തർക്ക സമ്മതി" യോ ''ശാസ്ത്ര സമ്മതി " യോ " ലോകസമ്മതി" യോ ഉള്ളതല്ലെന്നാണ് കർപത്രി ആഞ്ഞടിച്ചത്. കർപത്രി പറയുന്ന തർക്കവും ശാസ്ത്രവും ലോകവുമെല്ലാം സനാതന ഹിന്ദുമതത്തിൻ്റെ വ്യാഖ്യാനപ്രകാരമുള്ളതായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.

രാജ്യമെമ്പാടുമുള്ള നിരവധി ഹൈന്ദവരെക്കൊണ്ട് ബില്ലിനെതിരെ നെഹ്റുവിന് കമ്പിസന്ദേശങ്ങൾ അയച്ചും സർവ്വകക്ഷി പാർലിമെൻ്റിലെ അംഗങ്ങളെ ഭിന്നിപ്പിച്ചും തത്ക്കാലം ബില്ലിനെ അലമാരയിലേയ്ക്ക് തന്നെ മടക്കാൻ കർ പത്രിയെപ്പോലുള്ള സന്യാസിവര്യർക്ക് കഴിഞ്ഞു. നിരാശനായ അംബേദ്ക്കർ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.

1950-51 ലെ ആദ്യതെരഞ്ഞെടുപ്പിൽ നെഹ്റുവിനും കോൺഗ്രസ്സിനുമെതിരെ ഹിന്ദു കോഡ് ബിൽ മുൻ നിർത്തി കല്യാണും കർപത്രിയും അദ്ദേഹത്തെ പോലുള്ള സംന്യാസിവര്യരും ഹിന്ദുത്വ രാഷ്ട്രീയ പാർട്ടികളും വൻ പ്രചരണം അഴിച്ചു വിട്ടെങ്കിലും ഏശിയില്ല. നെഹ്റു വീണ്ടും പ്രധാനമന്ത്രിയായി. ഹിന്ദു വിവാഹ ബിൽ, ഹിന്ദു പിന്തുടർച്ചാവകാശ ബിൽ, ഹിന്ദു ന്യൂനപക്ഷ- രക്ഷാകർത്തൃത്വ ബിൽ, ഹിന്ദു ദത്താവകാശ സംരക്ഷണ ബിൽ എന്നീ നാലു ബില്ലുകളായി,1954 മുതൽ 56 വരെയുള്ള കാലയളവിൽ ഹിന്ദു കോഡ് ബിൽ നെഹ്റുവിൻ്റെ മുൻകൈയ്യിൽ പാസ്സായി.

അങ്ങനെ മതത്തിൻ്റെ ജനാധിപത്യാവകാശത്തെ അനിയന്ത്രിതമായി ആധുനിക നിയമവാഴ്ചയിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിച്ച കർ പത്രിയെപ്പോലുള്ള സന്യാസിവര്യരെ മുഖാമുഖം നേരിട്ട് പരാജയപ്പെടുത്തിയ ആധുനിക നൈതിക ബോധത്തിൻ്റെ ഉജ്ജ്വലിക്കുന്ന വ്യക്തിരൂപത്തിൻ്റെ പേരായിരുന്നു ജവഹർലാൽ നെഹ്റു എന്നത്.

കൂടുതൽ വിവരങ്ങൾ അറിയാൻ അക്ഷയ മുകുൾ രചിച്ച " ഗീത പ്രസ്സ് ആൻഡ് മേക്കിങ്ങ് ഓഫ് ഹിന്ദു ഇന്ത്യ " എന്ന പുസ്തകവും രാമചന്ദ്ര ഗുഹയുടെ തദ് വിഷയ സംബന്ധിയായ എഴുത്തുകളും വായിക്കുക.



Related Tags :
Similar Posts