'നെഹ്റു മുതല് മോദി വരെ അജ്മീര് ദർഗയിലേക്ക് ചാദർ അയച്ചിട്ടുണ്ട്'; സർവേ നീക്കത്തിൽ വിമർശനവുമായി പ്രതിപക്ഷം
|രാജ്യത്തെ പിന്നോട്ട് നടത്താനാണ് ബിജെപി ശ്രമമെന്ന് സമാജ്വാദി പാർട്ടി എംപി നേതാവ് ഡിംപിൾ യാദവ് വിമർശിച്ചു
ന്യൂഡൽഹി: അജ്മീർ ദർഗയുമായി ബന്ധപ്പെട്ട് ഉയരുന്ന പുതിയ അവകാശവാദങ്ങളിൽ പാർലമെന്റിൽ കടുത്ത വിമർശവുമായി പ്രതിപക്ഷം. രാജ്യത്തെ പിന്നോട്ട് നടത്താനാണ് ബിജെപി ശ്രമമെന്ന് സമാജ്വാദി പാർട്ടി(എസ്പി) നേതാവ് ഡിംപിൾ യാദവ് വിമർശിച്ചു. രാജ്യം മുഴുവൻ തീ പടർത്താൻ പോന്നതാണ് ഇത്തരം വാദങ്ങളെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് പറഞ്ഞു. നെഹ്റു മുതൽ നരേന്ദ്ര മോദി വരെയുള്ള പ്രധാനമന്ത്രിമാർ അജ്മീർ ദർഗയിലേക്ക് ചാദർ(വിരിപ്പ്) അയച്ചിട്ടുണ്ടെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി ചൂണ്ടിക്കാട്ടി.
അജ്മീർ ദർഗയ്ക്ക് 800 വർഷം പഴക്കമുണ്ടെന്ന് ഉവൈസി സൂചിപ്പിച്ചു. 1911ൽ എലിസബത്ത് രാജ്ഞിയുടെ സന്ദർശനത്തിനിടെ ഒരു ജലസംഭരണി നിർമിച്ചിരുന്നു അവിടെ. ജവഹർലാൽ നെഹ്റു മുതലുള്ള പ്രധാനമന്ത്രിമാർ ദർഗയിലേക്ക് വിരിപ്പ് കൊടുത്തയയ്ക്കുന്നുണ്ട്. പ്രധാനമന്ത്രി മോദിയും വിരിപ്പ് അയച്ചിരുന്നു. പള്ളികളും ദർഗകളും ചൂണ്ടിക്കാട്ടി എന്തിനാണ് ആർഎസ്എസും ബിജെപിയും വിദ്വേഷം പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
കോടതികൾ എന്തുകൊണ്ടാണ് ആരാധനാലയ നിയമം പരിഗണിക്കാത്തതെന്നും ഉവൈസി ചോദിച്ചു. ഈ കേസിൽ ന്യൂനപക്ഷ മന്ത്രാലയത്തെ ഒരു കക്ഷിയാക്കിയിരിക്കുകയാണ് അവർ ചെയ്തിരിക്കുന്നത്. മോദി സർക്കാർ അവരോട് എന്താണു പറയുക? കീഴ്ക്കോടതികൾ എന്തുകൊണ്ടാണ് ആരാധനാലയ നിയമം പരിഗണിക്കാത്തത്? ഓരോ പള്ളിയും ദർഗയും എടുത്ത് അതിനു താഴെ മറ്റെന്തെങ്കിലും ഉണ്ടെന്നു വാദിക്കാിനാണു നീക്കം. അടുത്ത തവണ ഇനി ഏതെങ്കിലും മുസ്ലിം രംഗത്തുവന്ന് ഇതും അവിടെയില്ലെന്ന് പറയും. ഇതെല്ലാം കൂടി എവിടെയാണ് അവസാനിക്കുക? നിയമവാഴ്ചയൊന്നുമില്ലേ ഇവിടെ? ജനാധിപത്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്നും അസദുദ്ദീൻ ഉവൈസി ചോദിച്ചു.
രാജ്യത്തെ പിന്നോട്ട് നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഡിംപിൾ യാദവ് വിമർശിച്ചു. യുവാക്കളുടെ തൊഴിലിനൊന്നുമല്ല കേന്ദ്ര സർക്കാർ പ്രാമുഖ്യം നൽകുന്നത്. പകരം, പ്രധാന പ്രശ്നങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കുന്ന വിഷയങ്ങളിലാണ് അവരുടെ ശ്രദ്ധ. ലോക്സഭയിൽ സംഭൽ വിഷയം ചർച്ച ചെയ്യുമെന്ന് സ്പീക്കർ ഉറപ്പുനൽകിയതാണ്. യുപി പൊലീസ് എങ്ങനെയാണ് ജനങ്ങളെ പീഡിപ്പിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു എന്നതിന്റെ കൃത്യമായ റോഡ് മാപ്പുണ്ട്. വളരെ ആസൂത്രിതമായാണ് ഇതെല്ലാം ചെയ്തിരിക്കുന്നതെന്നും അവർ പറഞ്ഞു.
രാജ്യത്ത് എന്താണെന്നു നടക്കുന്നതെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുപ്രിംകോടതിയും വിഷയം പരിശോധിക്കണം. ഒരു സമുദായത്തെ ഒന്നാകെ അരികുവൽക്കരിക്കാനാണോ നീക്കം? അവരുടെ ആരാധനാലയങ്ങളെയും സ്വത്തുക്കളെയും വെറുതെവിടില്ലേ? ഇത്തരം സംഭവങ്ങൾ രാജ്യത്തൊന്നാകെ തീപടർത്തുമെന്നും ഇമ്രാൻ മസൂദ് പറഞ്ഞു.
'ഞങ്ങൾ എവിടേക്കാണു പോകേണ്ടത്? രാജ്യത്തുനിന്ന് പുറത്താക്കാനാണോ ശ്രമം? ഏതൊക്കെ പള്ളികൾക്കു താഴെ നിങ്ങൾ ക്ഷേത്രത്തിനു വേണ്ടി തിരയും? ഇതിനൊരു അന്ത്യമില്ലേ? രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടി ബിജെപി രാജ്യത്തെ ഒന്നാകെ തീയിലേക്കു തള്ളിയിടുമോ? തീ കത്തിത്തുടങ്ങിയാൽ എല്ലായിടത്തേക്കും അത് ആളിപ്പടരും'-ഇമ്രാൻ മസൂദ് പറഞ്ഞു.
ഹിന്ദു സേന എന്ന സംഘടനയാണ് അജ്മീർ ദർഗയ്ക്കു താഴെ ശിവക്ഷേത്രമുണ്ടെന്നു വാദിച്ച് കോടതിയെ സമീപിച്ചത്. ഹരജിയിൽ അജ്മീർ കോടതി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും പുരാവസ്തു വകുപ്പിനും(എഎസ്ഐ) നോട്ടീസ് അയച്ചിട്ടുണ്ട്.
Summary: 'PMs from Jawaharlal Nehru to Narendra Modi sending chadar to dargah': Opposition criticizes BJP-RSS in Ajmer Dargah row