'ഒരു ചൗകീദാറും ഒരു ദുകാൻദാറും'; ന്യൂനപക്ഷങ്ങൾക്കു വേണ്ടി സംസാരിക്കാൻ ആരുമില്ല- അസദുദ്ദീൻ ഉവൈസി
|"അക്രമം നടന്നാൽ ആരും വാ തുറക്കില്ല. അമിത് ഷാ യുഎപിഎ ഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ ഈ ദുകാൻദാറുകൾ അതംഗീകരിച്ചു."
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിലെ അവിശ്വാസപ്രമേയ ചർച്ചയിൽ ന്യൂനപക്ഷം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഉവൈസി. രാജ്യത്ത് ഭയത്തിന്‍റെ അന്തരീക്ഷം നിലനില്‍ക്കുന്നതായും ന്യൂനപക്ഷം അടിച്ചമർത്തപ്പെടുമ്പോൾ ഒരു മുന്നണിയും അവർക്ക് വേണ്ടി സംസാരിക്കാനില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി. ഒരു ചൗകീദാറോ ഒരു ദുകാൻദാറോ അവർക്ക് വേണ്ടി സംസാരിക്കാനില്ല എന്നായിരുന്നു ഉവൈസിയുടെ വിമര്‍ശം.
'രണ്ട് പേർ, രണ്ട് മുന്നണികളാണ് ഈ രാജ്യത്തുള്ളത്. ഒരു ചൗക്കീദാറും ഒരു ദുകാൻദാറും. എവിടെ അക്രമം നടന്നാലും ആരും വാ തുറക്കില്ല. അമിത് ഷാ യുഎപിഎ ഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ ഈ ദുകാൻദാറുകൾ അതംഗീകരിച്ചു. അക്രമത്തിനെതിരെ സംസാരിച്ചിട്ടില്ലെങ്കിൽ നിങ്ങളുടെ കട മുമ്പോട്ടുപോകില്ല. ചൗകീദാറിനെ പാഠം പഠിപ്പിക്കും' - രാഹുൽ ഗാന്ധിയെയും മോദിയെയും പരോക്ഷമായി വിമർശിച്ച് ഉവൈസി പറഞ്ഞു.
ബിൽഖീസ് ബാനു, നൂഹ്, റെയിൽവേയിൽ മുസ്‌ലിംകൾ കൊല്ലപ്പെട്ടത് എന്നിവയെല്ലാം ഉവൈസി പ്രസംഗത്തിൽ പരാമർശിച്ചു.
'ഈയിടെ ഒരു യൂണിഫോമിട്ട ഭീകരവാദി കമ്പാർട്‌മെന്റുകളിലൂടെ കടന്നു പോയി ആളുകളുടെ പേരു ചോദിച്ച് മുസ്‌ലിംകളെ കൊല്ലുകയുണ്ടായി. ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ മോദിക്കു വോട്ടു ചെയ്യണം എന്നാണ് അയാൾ പറഞ്ഞത്. ഭീകരവാദത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം ഇതല്ലേ? സർക്കാർ എന്താണ് ഇക്കാര്യത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്. നൂഹ് ജില്ലയിലെ (ഹരിയാന) 750 കെട്ടിടങ്ങളാണ് തകർത്തത്. എല്ലാം മുസ്‌ലിംകളുടേതായിരുന്നു. വംശീയ ഉന്മൂലനം എന്നാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആക്രമണത്തെ വിശേഷിപ്പിച്ചത്.' - ഉവൈസി പറഞ്ഞു.
ഒമ്പതു വർഷമായി രാജ്യത്ത് മുസ്‌ലിംകൾക്കെതിരെ വിദ്വേഷത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ബിൽഖീസ് ബാനു ഈ രാജ്യത്തിന്റെ മകളാണോ അല്ലയോ? അവരെ പതിനൊന്നു പേർ പീഡിപ്പിച്ച് ഗർഭിണിയാക്കി. അവരുടെ അമ്മയെ പീഡിപ്പിച്ചു. മകളെ കൊന്നു. നിങ്ങൾ കൊലയാളികളെ പുറത്തുവിട്ടു. മണിപ്പൂരിലെ സ്ത്രീകളെ മാനഭംഗപ്പെടുത്തി. അന്നേരം നിങ്ങളുടെ മനഃസാക്ഷി എവിടെയായിരുന്നു. എന്തു കൊണ്ടാണ് നിങ്ങൾ മുഖ്യമന്ത്രിയെ മാറ്റാതിരുന്നത്?'- അദ്ദേഹം ചോദിച്ചു.
സ്വേച്ഛാധിപതിയുടെ സൂത്രവാക്യമാണ് ഏകസിവിൽ കോഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഏക സിവിൽ കോഡിന്റെ സൂത്രവാക്യം എന്താണ്. ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്‌കാരം എന്നതാണത്. അത് സ്വേച്ഛാധിപതിയുടെ സൂത്രവാക്യമാണ്. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള ബജറ്റ് വിഹിതം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. പ്രീമെട്രിക് സ്‌കോളർഷിപ്പ്, മൗലാനാ ആസാദ് ഫെലോഷിപ്പ് തുടങ്ങിയവ എല്ലാം ഇല്ലാതാക്കി. ലക്ഷക്കണക്കിന് മുസ്ലിംകളുടെ ഉന്നത പഠനം അവതാളത്തിലാക്കി. പസ്മാന്ദ മുസ്‌ലിംകളോട് പ്രധാനമന്ത്രിക്ക് വലിയ സ്‌നേഹമാണ്. എന്നാൽ കേന്ദ്രമന്ത്രിസഭയിൽ ഒരു മുസൽമാനെങ്കിലും ഉണ്ടോ?' - ഉവൈസി ചോദിച്ചു.
പാർലമെന്റിൽ ഇൻഡ്യ സഖ്യത്തിനെതിരെ പ്രതിപക്ഷം ഉയർത്തിയ ക്വിറ്റ് ഇന്ത്യ മുദ്രാവാക്യത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. 'ക്വിറ്റ് ഇന്ത്യ എന്നാണ് ഇപ്പോൾ ആഭ്യന്തര മന്ത്രി പറയുന്നത്. ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം ആരാണ് ഉണ്ടാക്കിയത് എന്നറിയാമോ? അതൊരു മുസൽമാൻ നിര്‍മിച്ചതാണ്, യൂസുഫ് മെഹറലി. മഹാത്മാ ഗാന്ധി ആ സന്ദേശം രാജ്യത്തുടനീളം എത്തിച്ചു. അതവർ പറയില്ല. അവർക്കറിയില്ല. ഇന്ന് ക്വിറ്റ് ഇന്ത്യ എന്ന് ചൈനയോടാണ് പറയേണ്ടത്. ഗോ രക്ഷകായ മോനുവിനോടാണ്. എന്നാൽ മോനു നിങ്ങളുടെ പ്രിയപ്പെട്ടവനാണ്. ചൈന ഇന്ത്യയുടെ ഭൂമിയിലേക്ക് കടന്നുകയറിയിരിക്കുകയാണ്. പ്രധാനമന്ത്രി അഹമ്മദാബാദിലും ചെന്നൈയിലും ഷി ജിൻ പിങ്ങിനെ വരവേറ്റു. അതിന്റെ ഫലമെന്തായിരുന്നു? കുൽഭൂഷൺ ജാദവ് ഇപ്പോഴും പാകിസ്താനിലാണ്. അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ ആയിട്ടില്ല. അദ്ദേഹത്തെ ഇപ്പോൾ നമ്മൾ മറന്നു. എട്ട് നേവി ഉദ്യോഗസ്ഥർ വിദേശത്ത് ജയിലിലാണ്. അവരെയും നിങ്ങൾക്ക് കൊണ്ടുവരാനായിട്ടില്ല.' - ഉവൈസി ചൂണ്ടിക്കാട്ടി.