India
നേതാജിയുടെ പ്രതിമ സ്ഥാപിച്ചതോടെ ആധുനികവും ശക്തവുമായ ഇന്ത്യയ്ക്കാണ് ജീവൻ നൽകിയത്: പ്രധാനമന്ത്രി
India

നേതാജിയുടെ പ്രതിമ സ്ഥാപിച്ചതോടെ ആധുനികവും ശക്തവുമായ ഇന്ത്യയ്ക്കാണ് ജീവൻ നൽകിയത്: പ്രധാനമന്ത്രി

Web Desk
|
9 Sep 2022 4:33 AM GMT

സുഭാഷ് ചന്ദ്ര ബോസ് കാണിച്ചുതന്ന പാത പിന്തുടർന്നിരുന്നെങ്കിൽ ഇന്ത്യ ഉന്നതിയിലെത്തുമായിരുന്നുവെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ സ്ഥാപിച്ചതോടെ ആധുനികവും ശക്തവുമായ ഇന്ത്യയ്ക്കാണ് ജീവൻ നൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് രാജിന്റെ കാലത്ത് ജോർജ്ജ് രാജാവിന്റെ പ്രതിമ നിലനിന്നിരുന്ന സ്ഥലത്ത് ഉയരുന്ന നേതാജിയുടെ പ്രതിമ പുതിയ ഇന്ത്യയുടെ 'പ്രാണപ്രതിഷ്ഠ' പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഗേറ്റിന് സമീപം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അടിമത്തത്തിന്റെ പ്രതീകമായ രാജ്പഥ് ഇനി ചരിത്രമാണ്, സുഭാഷ് ചന്ദ്ര ബോസ് കാണിച്ചുതന്ന പാത പിന്തുടർന്നിരുന്നെങ്കിൽ ഇന്ത്യ ഉന്നതിയിലെത്തുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ആശയങ്ങളും ചിഹ്നങ്ങളും അവഗണിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിമത്തത്തിന്റെ പ്രതീകമായ കിംഗ്സ്വേ അല്ലെങ്കിൽ രാജ്പഥ് ഇന്ന് മുതൽ ചരിത്രത്തിന്റെ ഭാഗമാവുകയും എന്നന്നേക്കുമായി ഇല്ലാതാക്കപ്പെടുകയുമാണ്. വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യാ ഗേറ്റിലെ കർത്തവ്യ പാത ഉദ്ഘാടനം ചെയ്തുകൊണ്ട് നരേന്ദ്ര മോദി മോദി പറഞ്ഞു. അടിമത്തത്തിന്റെ മറ്റൊരു പ്രതീകത്തിൽ നിന്നാണ് രാജ്യം സ്വാതന്ത്ര്യം നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രമന്ത്രിമാർ, കലാകാരന്മാർ, നയതന്ത്രജ്ഞർ, എംപിമാർ, മുഖ്യമന്ത്രിമാർ ഉൾപ്പെടെ 1,500 പേരാണ് കർത്തവ്യപഥ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. മാന്യമായ ക്ഷണം ലഭിക്കാത്തതിനാൽ ഡൽഹിയിലെ നേതാജി പ്രതിമയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ''ഇന്ന് പ്രധാനമന്ത്രി പ്രതിമ ഉദ്ഘാടനം ചെയ്യുമെന്നും പരിപാടി ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ അവിടെയെത്തണമെന്നും കാണിച്ച് അണ്ടർസെക്രട്ടറിയിൽ നിന്ന് എനിക്ക് ഒരു കത്ത് ലഭിച്ചു. ഞാൻ അവരുടെ ബോണ്ടഡ് ലേബർ ആണോ?'', കൊൽക്കത്തയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത് മമത പറഞ്ഞു. എന്നാൽ നേതാജിയെ ആദരിക്കുന്നതിൽ രാഷ്ട്രീയമില്ല, ഇവിടെ ദേശീയതയാണുള്ളതെന്ന് അവർ മനസ്സിലാക്കേണ്ടിയിരുന്നുവെന്ന് ബംഗാളിലെ കൂച്ച് ബെഹാറിൽ നിന്നുള്ള ബി.ജെ.പി എം.പി നിഷിത് പ്രമാണിക് പറഞ്ഞു. ബോസിന്റെ പൈതൃകത്തെ ആദരിക്കുന്നതിൽ മുഖ്യമന്ത്രി പിന്നോക്കം പോയതായി തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യാനന്തരം സുഭാഷ് ചന്ദ്ര ബോസിനെ വിസ്മരിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബോസിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു, അദ്ദേഹം ധീരനായിരുന്നു, അഭിമാനകരമായ ചരിത്രം മറക്കുന്ന രാജ്യമല്ല ഇന്ത്യയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ചരിത്രം ഓരോ ഇന്ത്യക്കാരന്റെയും രക്തത്തിലുണ്ടെന്നും കർത്തവ്യ പാതയിലെ നേതാജിയുടെ പ്രതിമ പ്രചോദനത്തിന്റെ ഉറവിടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ആൻഡമാൻ ദ്വീപുകളുടെ പേര് സുഭാഷ് ചന്ദ്ര ബോസിന്റെ പേരിലേക്ക് മാറ്റുന്നതിനെക്കുറിച്ചും റേസ് കോഴ്സ് റോഡിന്റെ പേര് ലോക് കല്യാൺ മാർഗ് എന്നാക്കി മാറ്റുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. 'ഇന്ത്യൻ നാവികസേന ഛത്രപതി ശിവജിയുടെ ചിഹ്നം സ്വീകരിക്കുകയും ഗുലാമി ചിഹ്നം ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാറ്റങ്ങൾ ചിഹ്നങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. ഈ മാറ്റങ്ങൾ രാജ്യത്തിന്റെ അടിത്തറയുടെ ഭാഗമാണ്, ''അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടീഷുകാരുടെ കാലം മുതൽ നിലവിലുള്ള നൂറുകണക്കിന് നിയമങ്ങൾ രാജ്യം മാറ്റിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കർത്തവ്യ പാത വെറും ഇഷ്ടികകളുടെയും കല്ലുകളുടെയും പാതയല്ലെന്നും ആളുകൾ ഇവിടെയെത്തുമ്പോൾ നേതാജിയുടെ പ്രതിമയും സ്മാരകങ്ങളും പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.''നിങ്ങൾ ഭാവിയിലെ ഇന്ത്യയെ ഇവിടെ കാണും. അത് നിങ്ങൾക്ക് ഒരു പുതിയ കാഴ്ചപ്പാടും പുതിയ വിശ്വാസവും നൽകും. നേതാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡ്രോൺ ഷോയും അടുത്ത മൂന്ന് ദിവസങ്ങളിൽ നടക്കും''- പ്രധാനമന്ത്രി വിശദമാക്കി. നേതാജി അമർ രഹേ, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യങ്ങളോടെയാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

Similar Posts