![Netanyahu again with provocation statement Ceasefire talks backfired Netanyahu again with provocation statement Ceasefire talks backfired](https://www.mediaoneonline.com/h-upload/2024/07/08/1432606-ne.webp)
പ്രകോപന പ്രസ്താവനയുമായി വീണ്ടും നെതന്യാഹു; വെടിനിർത്തൽ ചർച്ചയ്ക്ക് തിരിച്ചടി
![](/images/authorplaceholder.jpg?type=1&v=2)
അടുത്ത ആഴ്ച ദോഹയിൽ വെടിനിർത്തൽ ചർച്ചയ്ക്കുള്ള തിരക്കിട്ട നീക്കം പുരോഗമിക്കെയാണ് വീണ്ടും നെതന്യാഹുവിന്റെ പ്രകോപന പ്രസ്താവന.
തെൽഅവീവ്: ഗസ്സയിൽ വെടിനിർത്തൽ ചർച്ചയ്ക്ക് തിരിച്ചടിയാകുംവിധത്തിൽ പ്രകോപന പ്രസ്താവനയുമായി വീണ്ടും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദിമോചനത്തിൽ മാത്രം വെടിനിർത്തൽ പരിമിതമായിരിക്കുമെന്നും യുദ്ധലക്ഷ്യങ്ങൾ നേടുംവരെ ഗസ്സയിൽ ആക്രമണം നിർത്തില്ലെന്നുമാണ് നെതന്യാഹുവിന്റെ വാദം. വടക്കൻ ഗസ്സയിലേക്ക് പോരാളികൾ മടങ്ങിവരുന്നതും ഈജിപ്ത് വഴി ഗസ്സയിലേക്ക് ആയുധങ്ങൾ എത്തുന്നതും ഒരു കരാറിന്റെ പുറത്തും ഇസ്രായേൽ അംഗീകരിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.
അടുത്ത ആഴ്ച ദോഹയിൽ വെടിനിർത്തൽ ചർച്ചയ്ക്കുള്ള തിരക്കിട്ട നീക്കം പുരോഗമിക്കെയാണ് വീണ്ടും നെതന്യാഹുവിന്റെ പ്രകോപന പ്രസ്താവന. ദോഹ ചർച്ചയ്ക്ക് തിരിച്ചടിയേൽപ്പിക്കുന്നതാണ് നെതന്യാഹുവിന്റെ പ്രകോപന പ്രസ്താവനയെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് കുറ്റപ്പെടുത്തി. ഉറ്റവരുടെ മോചനം അട്ടിമറിക്കാനുള്ള നീക്കം ഇസ്രായേൽ ജനത അനുവദിക്കില്ലെന്ന് ബന്ദികളുടെ ബന്ധുക്കളും പ്രതികരിച്ചു. ഇസ്രായേൽ നഗരങ്ങളിൽ നെതന്യാഹു വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുകയാണ്.
അതേസമയം, വെടിനിർത്തൽ കരാർ യാഥാർഥ്യമായാലും ലബനാനിൽ ഹിസ്ബുല്ലയ്ക്കു നേരെയുള്ള ആക്രമണം അവസാനിക്കില്ലെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞു. ഹിസ്ബുല്ലയുടെ ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇന്നലെ അമ്പതിലേറെ മിസൈലുകളാണ് ഇസ്രായേലിനു നേരെ ഹിസ്ബുല്ല അയച്ചത്. അധിനിവിഷ്ട മൗണ്ട് ഹെർമോണിലെ നിരീക്ഷണ കേന്ദ്രത്തിൽ മിസൈൽ പതിച്ചത് ഇസ്രായേലിനെ ശരിക്കും ഞെട്ടിച്ചു. 1973ലെ യുദ്ധാനന്തരം ഇതാദ്യമായാണ് ലബനാനിൽ നിന്ന് ഇത്തരമൊരു ആക്രമണം.
അതിനിടെ, റഫ ഉൾപ്പെടെ ഗസ്സയിൽ വ്യാപക ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 54 മൃതദേഹങ്ങളാണ് ഇന്നലെ ആശുപത്രികളിൽ എത്തിച്ചതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിൽ സന്നദ്ധ സേവനം അതീവ ദുഷ്കരമെന്ന് റെഡ് ക്രസന്റ് വിഭാഗം വ്യക്തമാക്കി.