'മോദി വന്നതോടെ റോഡുകൾ വികസിച്ചു'; കുഴികൾ നിറഞ്ഞ വീഡിയോ പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ച് അസം മുഖ്യമന്ത്രി
|'മോദിക്ക് മുമ്പും ശേഷവും': ഹിമന്ത ബിശ്വ ശർമ പോസ്റ്റ് ചെയ്ത വീഡിയോയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് നെറ്റിസൺസ്
അസം: ഏപ്രിൽ 25ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ എക്സ് ഹാൻഡിൽ 27 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ പങ്കുവെച്ചിരുന്നു. 'മോദി സർക്കാരിന് മുമ്പും ശേഷവും അസമിലെ റോഡുകൾ' എന്നാണ് ഹിമന്ത ബിശ്വ ശർമ്മ വീഡിയോക്ക് അടിക്കുറിപ്പ് നൽകിയത്. വൈറലായ ക്ലിപ്പ് ആദ്യ നിമിഷങ്ങളിൽ കുഴികൾ നിറഞ്ഞ റോഡിലൂടെ കാറുകൾ ഓടുന്നതായാണ് കാണിക്കുന്നത്. വീഡിയോയുടെ ഈ ഭാഗത്തിന്റെ അടിക്കുറിപ്പ് 'അസം റോഡുകൾ അന്ന് 'എന്നാണ്. വീഡിയോ ക്ലിപ്പിന്റെ മറ്റൊരു ഭാഗം 'ഇപ്പോൾ അസം റോഡുകൾ' എന്ന അടിക്കുറിപ്പോടെ പുതിയ റോഡുകളും ഹൈവേകളും പാലങ്ങളും കാണിക്കുന്നു.
പോസ്റ്റിന് മറുപടിയായി വീഡിയോയിൽ കാണിച്ചിരിക്കുന്ന റോഡ് ബി.ജെ.പി ഭരണത്തിന് മുമ്പുള്ളതല്ലെന്ന് ചില ഉപയോക്താക്കൾ അവകാശപ്പെട്ടു. ഈ സംശയങ്ങളെ തുടർന്ന് വീഡിയോയുടെ ആദ്യ ഭാഗത്തിൽ കണ്ട കാറുകളുടെ രജിസ്ട്രേഷൻ തീയതി അന്വേഷിച്ചപ്പോൾ ചില ഭാഗങ്ങളിൽ മാറ്റം വരുത്തിയതായി കണ്ടെത്തി. വീഡിയോയിൽ കാണുന്ന കാറുകളുടെ രജിസ്ട്രേഷൻ തീയതി 2018 ഓഗസ്റ്റ് 2, ഫെബ്രുവരി 14, 2020 ഡിസംബർ 1 എന്നിങ്ങനെയാണ്. വീഡിയോയുടെ അഞ്ചാമത്തെ സെക്കൻഡിൽ ഒരു ഹ്യുണ്ടായ് ഗ്രാൻഡ് ഐ-ടെൻ നിയോസ് കാർ വ്യക്തമായി കാണാം. 2019 ലാണ് ഈ മോഡൽ ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.
2016 മുതൽ ബി.ജെ.പിയാണ് അസം ഭരിക്കുന്നത്. അതിനാൽ വൈറലായ വീഡിയോയിലെ മോശം റോഡിന്റെ അവസ്ഥ ബി.ജെ.പിക്ക് മുമ്പുള്ള കാലഘട്ടത്തിലല്ല, മറിച്ച് അസമിലെ ബി.ജെ.പി ഭരണകാലത്തേതാണെന്ന് വ്യക്തം. തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടാൻ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ ട്രോളുകൾക്ക് വിധേയമായിരിക്കുകയാണ്.