India
പാൻകാർഡ് പുതുക്കൽ: തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി എച്ച്ഡിഎഫ്‌സി ബാങ്ക്
India

പാൻകാർഡ് പുതുക്കൽ: തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Web Desk
|
13 Jun 2022 10:06 AM GMT

അക്കൗണ്ട് തുറക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പറഞ്ഞുവരുന്ന ലിങ്കുകൾ വ്യാജമാണെന്നും അത് തുറന്നാൽ തട്ടിപ്പിന് ഇരയാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു

ഡൽഹി: സാമ്പത്തിക ഇടപാടുകൾക്ക് പാൻകാർഡ് ഒഴിച്ചുകൂടാനാകാത്ത രേഖയായി മാറിയതോടെ ഇതിന്റെ പേരിലുള്ള തട്ടിപ്പുകളും ഉയർന്നിട്ടുണ്ട്. പാൻ കാർഡ് പുതുക്കൽ എന്നതിന്റെ പേരിൽ വ്യാജ എസ്എംഎസ് അയച്ച് ആളുകളെ തട്ടിപ്പിന് ഇരയാക്കുന്ന കേസുകളാണ് കൂടുതൽ. കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്. പാൻകാർഡ് പുതുക്കൽ എന്നതിന്റെ പേരിൽ വരുന്ന അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നാണ് എച്ച്ഡിഎഫ്സി ബാങ്ക് ഇടപാടുകാർക്ക് നൽകുന്ന ഉപദേശം.


രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ തേടി ബാങ്ക് എസ്എംഎസ് അയക്കില്ലെന്നും എച്ച്ഡിഎഫ്സി ഓർമ്മിപ്പിക്കുന്നു. വ്യക്തിഗത വിവരങ്ങൾ തേടി ഒരു ബാങ്കും ഉപഭോക്താക്കളെ വിളിക്കില്ല. ഇ- കെവൈസി പൂർത്തിയാക്കാത്തതിനാൽ ഇടപാടുകാരന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു എന്നും പാൻ കാർഡ് നമ്പർ പുതുക്കണമെന്നും ആവശ്യപ്പെട്ട് എസ്എംഎസ് അയക്കില്ല.

അക്കൗണ്ട് തുറക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാൻ പറഞ്ഞുവരുന്ന ലിങ്കുകൾ വ്യാജമാണെന്നും അത് തുറന്നാൽ തട്ടിപ്പിന് ഇരയാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. 186161 എന്ന ഔദ്യോഗിക നമ്പറിൽ നിന്ന് മാത്രമാണ് എച്ച്ഡിഎഫ്സി ബാങ്ക് എസ്എംഎസ് അയക്കുകയുള്ളൂ. ഇതിൽ നൽകിയിരിക്കുന്ന ലിങ്ക് എച്ച്ഡിഎഫ്സിബികെ ഡോട്ട് ഐഒ എന്ന ഔദ്യോഗിക ഡൊമെയിനിൽ നിന്നായിരിക്കുമെന്നും എച്ച്ഡിഎഫ്സി അറിയിച്ചു.

Related Tags :
Similar Posts