'മങ്കി ബാത്ത് ഒരിക്കലും കേട്ടിട്ടില്ല, ഞാനും ശിക്ഷിക്കപ്പെടുമോ?'; മഹുവ മൊയ്ത്ര
|പ്രധാനമന്ത്രിയുടെ റേഡിയോ പ്രസംഗം കേൾക്കാത്തതിന് താനും ശിക്ഷിക്കപ്പെടുമോ എന്ന് മഹുവ ചോദിച്ചു
കൊല്‍ക്കൊത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് കേൾക്കാതിരുന്നതിന് ചണ്ഡീഗഡിലെ പിജിഐഎംഇആർ അഡ്മിനിസ്ട്രേഷൻ 36 നഴ്സിംഗ് വിദ്യാർഥികളെ ഹോസ്റ്റൽ വിടുന്നത് വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര. പ്രധാനമന്ത്രിയുടെ റേഡിയോ പ്രസംഗം കേൾക്കാത്തതിന് താനും ശിക്ഷിക്കപ്പെടുമോ എന്ന് മഹുവ ചോദിച്ചു.
ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. പ്രധാനമന്ത്രി മോദിയുടെ 'മൻ കി ബാത്ത്' റേഡിയോ പ്രക്ഷേപണത്തെ മഹുവ പരിഹസിച്ചു, അതിനെ "മങ്കി ബാത്ത്" എന്നാണവർ വിശേഷിപ്പിച്ചത്. "ഞാനും മങ്കി ബാത്ത് കേട്ടിട്ടില്ല, ഒരിക്കൽ പോലും. ഞാനും ശിക്ഷിക്കപ്പെടുമോ? ഒരാഴ്ചത്തേക്ക് എന്റെ വീട്ടിൽ നിന്ന് പുറത്തുപോകുന്നതിൽ നിന്ന് എന്നെ വിലക്കുമോ? ഞാനിതിൽ കാര്യമായ വിഷമത്തിലാണ്" ടി.എം.സി നിയമസഭാംഗം പറഞ്ഞു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എജ്യുക്കേഷനിലെ (NINE) എല്ലാ നഴ്സിംഗ് വിദ്യാർത്ഥികളും ഏപ്രിൽ 30ന് മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്ത ക്യാമ്പസിലെ പരിപാടിയിൽ പങ്കെടുക്കണമെന്ന് പിജിഐഎംഇആർ അധികൃതർ രേഖാമൂലം ഉത്തരവിട്ടിരുന്നു. എന്നാൽ, 28 മൂന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളും എട്ട് ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളും പ്രധാനമന്ത്രിയുടെ റേഡിയോ പ്രസംഗം കേട്ടില്ല. സെഷനിൽ പങ്കെടുക്കാത്തതിന് ഒരു കാരണവും അവർ ബോധിപ്പിക്കാതിരുന്നതോടെ, ഒരാഴ്ചത്തേക്ക് ഹോസ്റ്റലിൽ നിന്ന് പുറത്തുപോകരുതെന്ന് പിജിഐഎംഇആർ അധികൃതർ അവരോട് ആവശ്യപ്പെടുകയായിരുന്നു.
മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന് മുമ്പ് മോദിയോട് മഹുവ രണ്ട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടപടിയെടുക്കാത്തതും അദാനിക്കെതിരായ സെബി അന്വേഷണം പൂർത്തിയാക്കാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു മഹുവയുടെ ട്വീറ്റ്.
I haven’t listened to monkey baat either. Not once. Not ever. Am I going to be punished as well? Will l be forbidden from leaving my house for a week?
— Mahua Moitra (@MahuaMoitra) May 12, 2023
Seriously worried now. pic.twitter.com/HaqEQwsWOj