ടി20 വിജയാഘോഷം; ലോകകപ്പ് ഫൈനല്‍ ഒരിക്കലും മുംബൈയിലല്ലാതെ നടത്തരുതെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് ആദിത്യ താക്കറെ
|17 വര്‍ഷത്തിനു ശേഷം ടി20 ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിച്ച ടീമിന് വന്‍സ്വീകരണമായിരുന്നു മുംബൈയില്‍ ഒരുക്കിയിരുന്നത്
മുംബൈ: 2023ലെ ഐസിസി ഏകദിന ലോകകപ്പ് മത്സരത്തിന്‍റെ ഫൈനല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് നടത്തിയതിനെതിരെ വിമര്‍ശിച്ച് ശിവസേന ഉദ്ധവ് പക്ഷ നേതാവും മഹാരാഷ്ട്ര മുന്‍മന്ത്രിയുമായ ആദിത്യ താക്കറെ. ഇന്ത്യയുടെ ടി20 വിജയാഘോഷവുമായി ബന്ധപ്പെട്ട് ഇന്നലെ മുംബൈയില്‍ വച്ച് നടന്ന ആഘോഷം ബിസിസിഐക്ക് ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്ന് ആദിത്യ എക്സില്‍ കുറിച്ചു.
"ഇന്നലെ മുംബൈയില്‍ നടന്ന ആഘോഷം ബിസിസിഐക്കുള്ള ശക്തമായ സന്ദേശമാണ്. ഒരിക്കലും മുംബൈയിൽ വച്ചല്ലാതെ ലോകകപ്പ് ഫൈനല്‍ നടത്തരുത്'' എന്നായിരുന്നു ആദിത്യ താക്കറെയുടെ പോസ്റ്റ്. 17 വര്‍ഷത്തിനു ശേഷം ടി20 ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിച്ച ടീമിന് വന്‍സ്വീകരണമായിരുന്നു മുംബൈയില്‍ ഒരുക്കിയിരുന്നത്. തുറന്ന ബസില്‍ താരങ്ങള്‍ ലോകകപ്പുമായി വിക്ടറി പരേഡ് നടത്തിയപ്പോള്‍ പതിനായിരക്കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്.
Yesterday’s celebration in Mumbai is also a strong message to the BCCI…
— Aaditya Thackeray (@AUThackeray) July 5, 2024
Never take away a World Cup final from मुंबई!
താരങ്ങളെ ആദരിക്കാന്‍ വാംഖഡെ സ്റ്റേഡിയത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ടീം അംഗങ്ങള്‍ മുംബൈ നരിമാന്‍ പോയിന്റില്‍ നിന്ന് വാങ്കഡെ സ്റ്റേഡിയം വരെ ഗംഭീര റോഡ് ഷോ നടത്തിയപ്പോള്‍ സ്വീകരിക്കാന്‍ റോഡിന് ഇരുവശവും നീലക്കടലായി മാറി. അക്ഷരാര്‍ഥത്തില്‍ മുംബൈ നഗരം നിശ്ചലമാവുകയായിരുന്നു. കനത്ത മഴയെ വകവയ്ക്കാതെ ആയിരുന്നു ആളുകള്‍ ഒത്തുകൂടിയത്.
2011 ലെ ലോകകപ്പ് ഫൈനല്‍ ഉള്‍പ്പെടെ നിര്‍ണായകമായ നിരവധി ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച സ്റ്റേഡിയമാണ് വാങ്കഡെ. കൂടാതെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ ചടങ്ങിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യ ആദ്യമായി പൂര്‍ണ ആതിഥേയത്വം വഹിച്ച 2023ലെ ലോകകപ്പിന്‍റെ പ്രധാനവേദിയായിരുന്നു അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം. ഇന്ത്യ-ആസ്ത്രേലിയ ഫൈനല്‍ മത്സരത്തിന് സാക്ഷ്യം വഹിച്ചതും ഈ സ്റ്റേഡിയമായിരുന്നു. ഇന്ത്യന്‍ ടീം ലോകകപ്പ് ഉയര്‍ത്തുന്നതും പ്രതീക്ഷിച്ച് ആവേശത്തോടെയെത്തിയ ജനസാഗരത്തെ കണ്ണീരിലാഴ്ത്തി ആസ്ത്രേലിയ ആറാമതും കിരീടത്തില്‍ മുത്തമിടുകയായിരുന്നു.
പ്രധാനപ്പെട്ട പല പരിപാടികളും സ്ഥാപനങ്ങളും മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് മാറ്റുന്നതിനെതിരെ ബി.ജെ.പിയെ വിമര്‍ശിച്ച് ആദിത്യ താക്കറെ നേരത്തെ രംഗത്തെത്തിയിരുന്നു. "ഇൻ്റർനാഷണൽ ഫിനാൻസ് സെൻ്റർ, വേദാന്ത ഫോക്‌സ്‌കോൺ, ബൾക്ക് ഡ്രഗ്‌സ് പാർക്ക്, മെഡിക്കൽ ഉപകരണ പാർക്ക് എന്നിവയുൾപ്പെടെയുള്ള വ്യവസായങ്ങളും പദ്ധതികളും ഗുജറാത്തിലേക്ക് മാറ്റിയതോടെ മഹാരാഷ്ട്രയ്ക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടുണ്ട്.ലോകകപ്പ് ഫൈനൽ മത്സരം പോലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന മുംബൈക്ക് പകരം അഹമ്മദാബാദിലേക്ക് മാറ്റി'' ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ആദിത്യ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
AN UNFORGETTABLE DAY 💙
— BCCI (@BCCI) July 4, 2024
𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒 🏆#TeamIndia | #T20WorldCup | #Champions pic.twitter.com/FeT7VNV5lB