ഇന്ത്യയിൽ കൊവിഡിന്റെ പുതിയ ഉപവകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന
|കോവിഡ് കേസുകളും വര്‍ധിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ഏകദേശം 30 ശതമാനമാണ് വർദ്ധിച്ചത്.
വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വേരിയന്റിലെ പുതിയ ഉപവിഭാഗം ബിഎ2.75 (BA 2.75) കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് കേസുകളും വര്‍ധിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ഏകദേശം 30 ശതമാനമാണ് വർദ്ധിച്ചത്.
ലോകാരോഗ്യ സംഘടനയുടെ ഉപമേഖലകളിൽ ആറിൽ നാലിലും കേസുകൾ കഴിഞ്ഞ ആഴ്‌ചയിൽ വർദ്ധിച്ചതായി ഡബ്യൂ.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും BA.4 ഉം BA.5 ഉം തരംഗങ്ങളാണ്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ BA.2.75 ന്റെ ഒരു പുതിയ ഉപവിഭാഗവും കണ്ടെത്തിയിട്ടുണ്ട്- ഇക്കാര്യങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം കോവിഡ് വ്യാപനത്തെ തുടർന്ന് പുരാതന ചൈനീസ് നഗരമായ ഷിയാനിൽ ഒരാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു. ബ്രിട്ടൻ, യു.എസ് രാജ്യങ്ങൾക്കു പിന്നാലെ ഒമിക്രോൺ വകഭേദമാണ് ചൈനയിലും കോവിഡ് വ്യാപനത്തിന് കാരണമാകുന്നത്. 1.3 കോടി ആളുകൾ താമസിക്കുന്ന ഷിയാനിൽ ഒരാഴ്ചത്തേക്ക് സ്കൂളുകളും ബിസിനസ് സ്ഥാപനങ്ങളും റസ്റ്റാറന്റുകളും അടച്ചിടാൻ നിർദേശിച്ചിട്ടുണ്ട്. നഗരത്തിലെ അതീവ കോവിഡ് വ്യാപനമുള്ള ഭാഗങ്ങളിൽ ആളുകൾ വീട്ടിൽ തന്നെ കഴിയണമെന്നും നിർദേശമുണ്ട്.
അതിനിടെ, 2.5 കോടി ആളുകൾക്ക് വ്യാപക കോവിഡ് പരിശോധന നടത്താനൊരുങ്ങുകയാണ് ഷാങ്ഹായ് നഗരം. ഒരാളെ പോലും പരിശോധിക്കാതെ വെറുതെ വിടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അൻഹുയ് പ്രവിശ്യയിൽ രണ്ടു കൗണ്ടിയിൽ ജനങ്ങൾ വീട്ടിൽ തന്നെ കഴിയണമെന്നും നിർദേശമുണ്ട്.
Summary- New Covid Sub-Variant BA 2.75 Detected In India, Says WHO