ആരാണ് ഹീറോ? ആരാണ് വില്ലന്‍?
|ആര്യൻ ഖാൻ കേസിൽ എൻസിബിയുടെ പുതിയ കണ്ടെത്തലുകളിൽ നിന്ന് വ്യക്തമാകുന്നത്...
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിപ്പാര്‍ട്ടി കേസില്‍ തുടക്കം മുതല്‍ ട്വിസ്റ്റോട് ട്വിസ്റ്റാണ്. കേസില്‍ ഇനിയും ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങളുണ്ട്. ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ അങ്ങനെയൊരു നിഗമനത്തില്‍ എത്തിയിട്ടില്ലെന്ന് അന്വേഷണ സംഘത്തലവന്‍ സഞ്ജയ് സിങ് വ്യക്തമാക്കി. ലഹരിക്കടത്തുകാരുടെ പേടി സ്വപ്നമെന്നും സൂപ്പര്‍ ഹീറോയെന്നും വാഴ്ത്തപ്പെട്ട എന്‍സിബി ഓഫീസര്‍ സമീര്‍ വാങ്കഡെ നിലവില്‍ വില്ലന്‍റെ റോളിലാണ്. ശരിക്കും ആരാണ് ഹീറോ? ആരാണ് വില്ലന്‍?
മുംബൈ തീരത്ത് നിന്ന് പുറപ്പെട്ട കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ്. എന്‍സിബി മുംബൈ സോണല്‍ ഓഫീസറായിരുന്ന സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. മിന്നല്‍ റെയ്ഡില്‍ ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ മൂന്നിന് ആര്യന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. റെയ്ഡില്‍ കൊക്കെയിന്‍, ഹാഷിഷ്, എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ പിടികൂടിയെന്നായിരുന്നു എന്‍സിബിയുടെ വാദം. എന്നാല്‍ ആ റെയ്ഡ് നടപടിക്രമങ്ങള്‍ പാലിച്ചല്ല നടന്നത് എന്നാണ് എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഇപ്പോഴത്തെ കണ്ടെത്തല്‍.
കപ്പലില്‍ റെയ്ഡ് നടത്തിയപ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയില്ല എന്നതാണ് ആദ്യത്തെ വീഴ്ച. പിടിയിലായവര്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനുള്ള വൈദ്യ പരിശോധന നടത്താതിരുന്നത് അടുത്ത വീഴ്ച. റെയ്ഡിന്‍റെ സാക്ഷിയായി ഒപ്പിട്ടയാളുടെ ക്രിമിനല്‍ പശ്ചാത്തലമാകട്ടെ അതിലേറെ ദുരൂഹമാണ്. കപ്പല്‍ യാത്രയ്ക്ക് ക്ഷണം ലഭിച്ച ഒരു സുഹൃത്ത് വഴി ലഹരി പാര്‍ട്ടിയെ കുറിച്ച് വിവരം ലഭിച്ചെന്നാണ് നീരജ് യാദവ് എന്ന ഭോപ്പാല്‍ സ്വദേശി അവകാശപ്പെട്ടത്. താന്‍ മനീഷ് ഭാനുശാലിയെന്ന ബിജെപി പ്രവര്‍ത്തകനായ സുഹൃത്തിനെ വിവരം അറിയിച്ചു. കിരണ്‍ ഗോസാവി എന്നയാള്‍ക്ക് വിവരം കൈമാറാന്‍ ഭാനുശാലി ആവശ്യപ്പെട്ടെന്നും നീരജ് പറഞ്ഞു. എന്‍സിബി റെയ്ഡില്‍ മാത്രമല്ല അതിനുശേഷമുള്ള നടപടി ക്രമങ്ങളിലും കിരണ്‍ ഗോസാവിയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്‍സിബി കസ്റ്റഡിയിലായ ആര്യനെ, ഗോസാവി ആരെയോ ഫോണില്‍ വിളിപ്പിക്കുന്ന ചിത്രം പുറത്തുവരികയുണ്ടായി. പിന്നാലെ ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലവും വ്യക്തമായി.
2018ൽ പുനെ പൊലീസ് കിരണ്‍ ഗോസാവിക്കെതിരെ വഞ്ചനാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതിനു ശേഷം ഗോസാവി ഒളിവില്‍പ്പോയി. ഒളിവിലായ ശേഷം സച്ചിന്‍ പാട്ടീല്‍ എന്ന പേരിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. സ്വകാര്യ ഡിറ്റക്റ്റീവ്, വ്യവസായി എന്നിങ്ങനെയാണ് സ്വയം പരിചയപ്പെടുത്തിയിരുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കും ഒരു കുറ്റകൃത്യത്തെ കുറിച്ച് വിവരം ലഭിച്ചാല്‍ ആ വിവരം കൈമാറാന്‍ അവകാശമുണ്ട്. പക്ഷേ ഇങ്ങനെയൊരു പശ്ചാത്തലമുള്ള ആളെ എന്‍സിബിയുടെ നടപടിക്രമങ്ങളിലുടനീളം പങ്കാളിയാവാന്‍ അനുവദിച്ചു എന്നതിലാണ് ദുരൂഹത. ഗോസാവിയെ പുനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
എന്‍സിബി റെയ്ഡിലെ ഒന്നാം സാക്ഷിയും ഗോസാവിയുടെ ബോഡി ഗാര്‍ഡുമായിരുന്ന പ്രഭാകര്‍ സെയില്‍ നടത്തിയ വെളിപ്പെടുത്തല്‍ ഏറെ കോളിളക്കമുണ്ടാക്കി. ആര്യന്‍റെ അറസ്റ്റ് രേഖപ്പെടുത്തും മുന്‍പ് ഷാരൂഖില്‍ നിന്ന് 25 കോടി തട്ടാന്‍ നീക്കം നടന്നുവെന്നായിരുന്നു പ്രഭാകര്‍ സെയിലിന്‍റെ സത്യവാങ്മൂലം. ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത് കേട്ടെന്നാണ് പ്രഭാകര്‍ സെയില്‍ പറഞ്ഞത്. 25 കോടി ചോദിക്കാം. 18 കോടി കിട്ടും. അതിൽ 8 കോടി സമീർ വാങ്കഡെയ്ക്ക് എന്നായിരുന്നു ആ സംഭാഷണമെന്ന് പ്രഭാകര്‍ സെയില്‍ ചില ദൃശ്യങ്ങള്‍ സഹിതം മൊഴി നല്‍കി.
മയക്കുമരുന്ന് കടത്തുകാരുടെയും ബോളിവുഡിലെ ലഹരി മാഫിയയുടെയും പേടിസ്വപ്നമെന്ന് അതുവരെ വാഴ്ത്തപ്പെട്ട സമീര്‍ വാങ്കഡെയുടെ സൂപ്പര്‍ ഹീറോ പരിവേഷത്തിന് ഇളക്കം തട്ടിത്തുടങ്ങിയതും ഇതിനു ശേഷമാണ്. വൈകാതെ ആര്യന്‍ കേസിന്‍റെ അന്വേഷണ ചുമതലയില്‍ നിന്നും വാങ്കഡെ നീക്കം ചെയ്യപ്പെട്ടു. സഞ്ജയ് സിങിന്‍റെ നേതൃത്വത്തിലുള്ള ഡല്‍ഹി ടീമിനാണ് നിലവില്‍ അന്വേഷണച്ചുമതല. വാങ്കഡെ സിവില്‍ സര്‍വീസില്‍ കയറാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് തിരുത്തി, ജനന സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ച് പ്രായപൂര്‍ത്തിയാകും മുന്‍പ് ബാര്‍ ലൈസന്‍സ് സ്വന്തമാക്കി എന്നിങ്ങനെ മറ്റു ചില ഗുരുതര പരാതികളും ഇതിനിടെ വാങ്കഡെക്കെതിരെ ഉയര്‍ന്നു. മഹാരാഷ്ട്രയിലെ എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലികാണ് പ്രധാനമായും ആരോപണം ഉന്നയിച്ചത്. ആര്യനെ കുടുക്കിയതിനു പിന്നില്‍ ബിജെപി ആണെന്നായിരുന്നു നവാബ് മാലികിന്‍റെ വാദം. അവരുടെ അടുത്ത ലക്ഷ്യം ഷാരൂഖ് ഖാനാണെന്നും അദ്ദേഹം ആരോപിച്ചു.
സമീര്‍ വാങ്കഡെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പേര് വെളിപ്പെടുത്താത്ത ഒരു എൻസിബി ഉദ്യോഗസ്ഥൻ എഴുതിയ കത്തും നവാബ് മാലിക് പുറത്തുവിടുകയുണ്ടായി. ലഹരിക്കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ദീപിക പദുകോണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളില്‍ നിന്നും വാങ്കഡെ പണം തട്ടി എന്നാണ് കത്തിലെ ഒരു ആരോപണം. വാങ്കഡെക്ക് ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ട്, ഇവരില്‍ നിന്ന് വാങ്ങുന്ന ലഹരിമരുന്ന് കൊണ്ടുപോയി വെച്ച് തൊണ്ടിയായി പിടികൂടി നിരപരാധികളെ അറസ്റ്റ് ചെയ്യാറുണ്ടെന്ന ഗുരുതര ആരോപണവും കത്തിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള 26 കേസുകളാണ് കത്തില്‍ വിവരിച്ചത്.
ആര്യന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി നടത്തിയ ചില നിരീക്ഷണങ്ങള്‍ പ്രസക്തമാണ്. ആര്യനില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയെന്ന് എന്‍സിബി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇല്ല. ആര്യന്‍റെ സുഹൃത്ത് അർബാസ് മർച്ചന്റിന്റെ സോക്‌സിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തി, ഇതില്‍ നിന്നും ആര്യന്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാണെന്നാണ് എന്‍സിബിയുടെ വാദം. ആര്യന് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും ഇതു സംബന്ധിച്ച തെളിവുകള്‍ ആര്യന്‍റെ വാട്സ് ആപ്പ് സന്ദേശങ്ങളില്‍ നിന്ന് ലഭിച്ചെന്നും എന്‍സിബി കോടതിയെ അറിയിക്കുകയുണ്ടായി. എന്നാല്‍ ഈ വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ആര്യനെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നാണ് എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെയും റിപ്പോര്‍ട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇനിയും രണ്ടു മാസമെടുക്കും എന്‍സിബി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍. അപ്പോള്‍ മാത്രമേ ഇക്കാര്യം നമുക്ക് ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ.
സുശാന്ത് സിങ് രാജ്പുതിന്‍റെ മരണത്തിനു ശേഷമുള്ള ബോളിവുഡിലെ ലഹരിവേട്ടയ്ക്ക് നേതൃത്വം നല്‍കിയത് സമീര്‍ വാങ്കഡെയായിരുന്നു. ഈ സംഭവങ്ങള്‍ ദേശീയ മാധ്യമങ്ങള്‍, പ്രത്യേകിച്ച് റിപബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്ത രീതിക്കെതിരെ ഏറെ വിമര്‍ശനങ്ങളുണ്ടായി. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഒക്ടോബര്‍ മൂന്നിനായിരുന്നു ആര്യന്‍ ഖാന്‍റെ അറസ്റ്റ്. ആ കൂട്ടക്കൊലയുടെ ക്രൂരത റിപ്പോര്‍ട്ട് ചെയ്യാതെ ചാനല്‍ ക്യാമറകള്‍ ആര്യനില്‍ ഫോക്കസ് ചെയ്തു എന്നതാണ് ഉയര്‍ന്ന പ്രധാന വിമര്‍ശനം. ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് തുടങ്ങിയവരെയും ലഹരിക്കേസില്‍ എന്‍സിബി നിരന്തരം ചോദ്യംചെയ്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
ആര്യന്‍ ഖാന്‍ കുറ്റക്കാരനാണെന്നോ അല്ലെന്നോ ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ കപ്പലിലെ റെയ്ഡ് മുതല്‍ ആര്യന്‍റെ അറസ്റ്റ് വരെയുള്ള നടപടിക്രമങ്ങളില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.