India
സിദ്ദീഖ് കാപ്പനെ കുരുക്കിയത് മനോരമ ലേഖകന്റെ മൊഴികൾ? വെളിപ്പെടുത്തലുമായി ദേശീയ മാധ്യമം
India

സിദ്ദീഖ് കാപ്പനെ കുരുക്കിയത് 'മനോരമ' ലേഖകന്റെ മൊഴികൾ? വെളിപ്പെടുത്തലുമായി ദേശീയ മാധ്യമം

Web Desk
|
28 Dec 2021 3:57 PM GMT

'മനോരമ'യുടെ ഡൽഹി ലേഖകനായിരുന്ന ബിനു വിജയനും ആർഎസ്എസ് മുഖപത്രമായ 'ഓർഗനൈസർ' അസോഷ്യേറ്റ് എഡിറ്റർ ജി. ശ്രീദത്തനും തമ്മിൽ നടത്തിയ ഇ-മെയിൽ ഇടപാടുകളും യുപി പൊലീസിന് ഇവർ നൽകിയ മൊഴികളുമാണ് കാപ്പനെതിരായ കേസുകളിൽ പ്രധാന തെളിവുകളായതെന്ന് വെളിപ്പെടുത്തൽ

യുഎഎപി കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകനും കെയുഡബ്ല്യുജെ ഡൽഹി ഘടകം മുൻ സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ കേസിൽ കുടുക്കിയത് മലയാള മനോരമ ലേഖകനെന്ന് വെളിപ്പെടുത്തൽ. മനോരമയുടെ ഡൽഹി ലേഖകനായിരുന്ന ബിനു വിജയനും ആർഎസ്എസ് മുഖപത്രമായ 'ഓർഗനൈസർ' അസോഷ്യേറ്റ് എഡിറ്റർ ജി. ശ്രീദത്തനും തമ്മിൽ നടത്തിയ ഇ-മെയിൽ ഇടപാടുകളും യുപി പൊലീസിന് ഇവർ നൽകിയ മൊഴികളുമാണ് കാപ്പനെതിരായ കേസുകളിൽ പ്രധാന തെളിവുകളായതെന്ന് ദേശീയമാധ്യമമായ 'ന്യൂസ്‌ലോൺഡ്രി' പുറത്തുവിട്ട വിശദമായ റിപ്പോർട്ടിൽ പറയുന്നു. കേസിലെ കുറ്റപത്രം ഉദ്ധരിച്ചാണ് 'ന്യൂസ്‌ലോൻഡ്രി'യുടെ റിപ്പോർട്ട്.

2020 ഒക്ടോബർ അഞ്ചിന് മഥുരയിലെ ടോൾപ്ലാസയിൽ വച്ചാണ് സിദ്ദീഖ് കാപ്പനെയും മറ്റു മൂന്നുപേരെയും യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ദലിത് പെൺകുട്ടിയുടെ ബലാത്സംഗക്കൊല നടന്ന ഹത്രാസിലേക്ക് വാർത്ത റിപ്പോർട്ട് ചെയ്യാനായി പുറപ്പെട്ടതായിരുന്നു കാപ്പൻ. എന്നാൽ, ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത പൊലീസ് യുഎപിഎ ചുമത്തിയതിനു പിറകെ ദേശദ്രോഹം, മതസ്പർധവളർത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയത്.

പൊലീസ് ഡയറിക്കുറിപ്പുകളും ബിനു വിജയന്റെ മൊഴികളും

20 വർഷത്തോളമായി മനോരമ ജീവനക്കാരനാണ് ബിനു വിജയൻ. 2003 മുതൽ 2017 വരെ മനോരമയുടെ ഡൽഹി ലേഖകനായിരുന്നു. നിലവിൽ ബിനു പാട്‌നയിലാണുള്ളത്.

യുപി പൊലീസ് പ്രത്യേക ദൗത്യസേന(എസ്ടിഎഫ്)യുടെ എഫ്‌ഐആറുമായി ബന്ധപ്പെട്ട് പ്രതിഭാഗം വക്കീൽ മധുവൻ ദത്ത് ചതുർവേദി ഉയർത്തിയ സംശയങ്ങളാണ് മനോരമ ലേഖകൻ ബിനു വിജയനും ജി ശ്രീദത്തനും കേസിനു പിന്നിലുള്ള പങ്കിനെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് നയിക്കുന്നത്. എസ്ടിഎഫ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബിനുവിന്റെയും ശ്രീദത്തന്റെയും മൊഴികൾ ചേർത്തിട്ടുണ്ട്. സിദ്ദീഖ് കാപ്പൻ കെയുഡബ്ല്യുജെ ഫണ്ട് ഭീകരവാദപ്രവർത്തനങ്ങൾക്കായി ദുർവിനിയോഗം ചെയ്‌തെന്നും വർഗീയലഹള ഇളക്കിവിടുന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ഇരുവരും പൊലീസിനു നൽകിയ മൊഴി.

യുപി എസ്ടിഎഫിന്റെ ഡയറിക്കുറിപ്പുകളിൽ 2020 ഡിസംബർ 31നാണ് ബിനു വിജയന്റെ പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. കാപ്പൻ വർഗീയ ഉള്ളടക്കമുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതായി ആരോപിച്ച് ബിനു നേരത്തെ ജി ശ്രീദത്തന് ഇ-മെയിൽ അയച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനുവിനെ സമീപിച്ചതെന്ന് പൊലീസ് ഡയറിക്കുറിപ്പിൽ പറയുന്നു.

ബിനുവിനോട് എസ്ടിഎഫിന്റെ നോയിഡ ഓഫീസിലെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പോപുലർ ഫ്രണ്ടിൽനിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അവിടെയെത്താനാകില്ലെന്ന് ബിനു അറിയിക്കുകയായിരുന്നു. തുടർന്ന് ഫോൺമുഖേനയാണ് ഇദ്ദേഹത്തിൽനിന്ന് അന്വേഷണസംഘം വിവരങ്ങളെടുത്തത്. സിദ്ദീഖ് കാപ്പനും പോപുലർ ഫ്രണ്ടും ചേർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗീയകലാപത്തിന് ഗൂഢാലോചന നടത്തുന്നതായി ബിനു തങ്ങളെ അറിയിച്ചെന്ന് ഡയറിക്കുറിപ്പിൽ പറയുന്നുണ്ട്. തന്റെ ഇ-മെയിൽ സന്ദേശങ്ങൾ മൊഴിയായി കൂട്ടണമെന്നും ബിനു അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു.

'കാപ്പനും കെയുഡബ്ല്യുജെ മാധ്യമപ്രവർത്തകരും വ്യാജവാർത്ത പ്രചരിപ്പിക്കുന്നു; കലാപത്തിന് ഗൂഢാലോചന'

2019ൽ ജാമിഅ മില്ലിയ്യ സർവകലാശാലയിൽ നടന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരവുമായി ബന്ധപ്പെട്ടും ഡൽഹി കലാപവുമായി ബന്ധപ്പെട്ടും സിദ്ദീഖ് കാപ്പൻ വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്നാണ് ബിനു വിജയൻ പൊലീസിന് നൽകിയ ആദ്യ മൊഴി. 'ദേശീയ അഖണ്ഡതയ്ക്കും സാമുദായിക സൗഹാർദത്തിനും അപകടകരമാകുന്ന തരത്തിലും വർഗീയലഹള ഇളക്കിവിടുന്ന തരത്തിലും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ സിദ്ദീഖ് കാപ്പന്റെയും മറ്റ് ഡൽഹി കെയുഡബ്ല്യുജെ നേതാക്കളുടെയും പങ്ക്' എന്നാണ് ബിനു അന്വേഷണസംഘത്തിന് ഇ-മെയിലിൽ അയച്ച ആദ്യ മൊഴിയുടെ തലക്കെട്ട്.

കൃത്യമായ വാർത്തകൾ നൽകാതെയും വാർത്താലിങ്കുകൾ കൈമാറാതെയുമാണ് വിജയന്റെ ആരോപണം. സിഎഎ വിരുദ്ധ സമരത്തിനിടെ ജാമിഅ വിദ്യാർത്ഥികൾ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടെന്ന തരത്തിൽ കെയുഡബ്ല്യുജെ അംഗങ്ങൾ വാർത്ത പ്രചരിപ്പിച്ചെന്ന് മൊഴിയിൽ പറയുന്നു. ബിനു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓർഗനൈസറിൽ വന്ന ലേഖനവും കുറ്റപത്രത്തിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്. ' ജിഹാദി മാധ്യമപ്രവർത്തകർ ജാമിഅ ആക്രമണത്തെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു, സിപിഎം-കോൺഗ്രസ് നേതൃത്വത്തിൽ മുസ്‍ലിം ആൾക്കൂട്ടം കേരളത്തിൽ കലാപം നടത്തുന്നു, രാജ്യതലസ്ഥാനത്തെ വ്യാജ ജാമിഅ രക്തസാക്ഷികൾക്കുവേണ്ടി അർധരാത്രി മയ്യിത്ത് നമസ്‌കാരം നടത്തുന്നു' എന്ന തലക്കെട്ടിലായിരുന്നു ഓർഗനൈസർ ലേഖനം.

മീഡിയവൺ, ഏഷ്യാനെറ്റ് റിപ്പോർട്ടർമാരെ കാപ്പൻ സ്വാധീനിചിച്ചതായും ബിനുവിന്റെ മൊഴിയിലുണ്ട്. ഡൽഹി കലാപ റിപ്പോർട്ടിങ് ചൂണ്ടിക്കാട്ടി 2020ൽ രണ്ടു ചാനലുകളുടെയും സംപ്രേഷണം 48 മണിക്കൂർ നേരം കേന്ദ്രം തടഞ്ഞിരുന്നു. കേന്ദ്രം ഇവയുടെ സംപ്രേഷണം തടഞ്ഞെങ്കിലും ഈ ചാനലുകളിലെ മാധ്യമപ്രവർത്തകർക്കെതിരെ ഒരു തരത്തിലുമുള്ള നിയമനടപടികൾ സ്വീകരിച്ചില്ലെന്നും ബിനു മൊഴിയിൽ ആരോപിക്കുന്നു. കെയുഡബ്ല്യുജെ അക്കൗണ്ടിൽനിന്ന് കാപ്പൻ വലിയ തുക സ്വന്തമായി പിൻവലിച്ചെന്നും മറ്റൊരു മൊഴിയിൽ ആരോപിക്കുന്നു. സമിതിയുടെ 25 ലക്ഷത്തോളം രൂപ മറ്റ് ആവശ്യങ്ങൾക്കായി ദുർവിനിയോഗം ചെയ്‌തെന്നും ആരോപണമുണ്ട്.

ബിജെപി വാർത്തകൾ കൈകാര്യം ചെയ്യുന്നയാളായതിനാൽ ഭരണകക്ഷിയുടെ ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ബിനുവെന്നാണ് ഡൽഹിയിലെ മാധ്യമപ്രവർത്തകർ പറയുന്നത്. 2014നുശേഷം ഇദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടും മാറിയതായി ഇവർ സൂചിപ്പിക്കുന്നു. എന്നാൽ, ബിനുവിന്റെ രാഷ്ട്രീയചായ്‌വ് പരിഗണിക്കാതെയും ഇയാൾ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവ് കണ്ടെത്തുകയോ പരിശോധിക്കുകയും ചെയ്യാതെയാണ് ഇദ്ദേഹത്തിന്റെയും ഓർഗനൈസർ അസോഷ്യേറ്റ് എഡിറ്ററുടെയും വ്യാജമൊഴികൾ കുറ്റപത്രത്തിൽ ചേർത്തിരിക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്.

Similar Posts