India
പക്ഷികളുമായി കൂട്ടിയിടി: വിമാനാപകടങ്ങൾ ഒഴിവാക്കാൻ പുതിയ മാർഗനിർദേശങ്ങൾ
India

പക്ഷികളുമായി കൂട്ടിയിടി: വിമാനാപകടങ്ങൾ ഒഴിവാക്കാൻ പുതിയ മാർഗനിർദേശങ്ങൾ

Web Desk
|
13 Aug 2022 12:45 PM GMT

കഴിഞ്ഞ ആഴ്‌ചകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പക്ഷികൾ വിമാനത്തിൽ ഇടിച്ചുണ്ടായ അപകടങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു

ഡൽഹി: ഇന്ത്യയിലുടനീളമുള്ള വിമാനത്താവളങ്ങളിൽ പക്ഷികളുമായും മൃഗങ്ങളുമായും വിമാനം കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങൾ തുടർകഥയാവുകയാണ്. ഈ സാഹചര്യത്തിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ കർശനമാക്കുകയാണ് ഡിജിസിഎ (Directorate General of Civil Aviation). ഇതിന്റെ ഭാഗമായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പതിവ് പട്രോളിംഗ് കൃത്യമായ ഇടവേളകളിൽ നടത്തുക, വന്യജീവികളുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടാൽ പൈലറ്റുമാരെ അറിയിക്കുക എന്നിവയടക്കമുള്ള കാര്യങ്ങളാണ് മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്‌ചകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പക്ഷികൾ വിമാനത്തിൽ ഇടിച്ചുണ്ടായ അപകടങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഓഗസ്‌റ്റ്‌ 11ന് വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് കണ്ണൂർ- ഡൽഹി സർവീസ് റദ്ദാക്കിയതാണ് അവസാനം റിപ്പോർട് ചെയ്‌ത സംഭവം. ഡ‍ൽഹിയിൽ നിന്ന് രാവിലെ 8.21 ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയിരുന്നെങ്കിലും കോഴിക്കോട് നിന്ന് വിമാനത്തിൽ പക്ഷി ഇടിച്ചതോടെ കണ്ണൂരിലേക്കുള്ളതും കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്കുമുള്ള സർവീസ് റദ്ദാക്കുകയായിരുന്നു. ഓഗസ്‌റ്റ്‌ നാലിന് ഛണ്ഡീഗഡിലേക്കുള്ള 'ഗോ ഫസ്‌റ്റ്' വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം വ്യാഴാഴ്‌ച അഹമ്മദാബാദിലേക്ക് മടങ്ങുകയാണുണ്ടായത്.

ജൂൺ 19നും സമാന സംഭവമുണ്ടായിരുന്നു. ഡൽഹിയിലേക്ക് പോവുകയായിരുന്ന 'സ്‌പൈസ്‌ ജെറ്റ്' വിമാനം പറ്റ്നയിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ എഞ്ചിന് തീപിടിക്കുകയും അടിയന്തരമായി തിരിച്ചിറക്കുകയും ചെയ്‌തിരുന്നു. അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ എഞ്ചിനിൽ ഒരു പക്ഷി ഇടിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് കണ്ടെത്തി. 185 യാത്രക്കാർ ഉണ്ടായിരുന്ന വിമാനം വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്.

ഈ സാഹചര്യത്തിലാണ് ഡിജിസിഎയുടെ ഇടപെടൽ. എല്ലാ വിമാനത്താവളങ്ങളിലും വന്യജീവി അപകടങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്താനും 'വൈൽഡ് ലൈഫ് ഹാസാർഡ് മാനേജ്‌മെന്റ് പ്രോഗ്രാം' അവലോകനം ചെയ്യുവാനും എയർപോർട്ട് ഓപ്പറേറ്റർമാരോട് അഭ്യർഥിക്കുന്നതായി ഡിജിസിഎ ശനിയാഴ്‌ച പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. കൂടാതെ വന്യജീവി അപകട സാധ്യത വിലയിരുത്താനും വിമാനങ്ങൾക്ക് ഉണ്ടാകുന്ന അപകട സാധ്യത അനുസരിച്ച് റാങ്കിങ് സംവിധാനം ഏർപ്പെടുത്താനും വിമാനത്താവളങ്ങൾക്കും ഡിജിസിഎ നിർദേശം നൽകിയിട്ടുണ്ട്. വൈൽഡ് ലൈഫ് ഹാസാർഡ് മാനേജ്‌മെന്റ് പ്രോഗ്രാം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള പ്രതിമാസ പ്രവർത്തന റിപ്പോർട്ട് എല്ലാ മാസവും ഏഴാം തിയ്യതി കൈമാറണമെന്നും ഡിജിസിഎയുടെ മാർഗനിർദേശത്തിൽ പറയുന്നു.

Related Tags :
Similar Posts