രാഷ്ട്രീയം വിട്ട് വീണ്ടും സിവില്‍ സര്‍വീസിലേക്ക്; ഷാ ഫൈസലിനെ തിരിച്ചെടുത്തു
|കേന്ദ്ര ടൂറിസം മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് നിയമനം
ഡല്‍ഹി: ഷാ ഫൈസല്‍ ഐഎഎസിനെ സർവീസിൽ തിരിച്ചെടുത്തു. കേന്ദ്ര ടൂറിസം മന്ത്രാലയത്തില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് നിയമനം. 2019 ജനുവരിയിലാണ് ഷാ ഫൈസല്‍ സിവിൽ സർവീസിൽ നിന്ന് രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയത്.
2010 ഐ.എ.എസ് ബാച്ചിലെ ഒന്നാം റാങ്കുകാരനായിരുന്നു ഷാ ഫൈസല്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള നീക്കത്തിനെതിരെ ഷാ ഫൈസല്‍ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഷാ ഫൈസൽ അടക്കമുള്ള കശ്മീരിലെ നൂറോളം പേര് തടങ്കലിലായി.
2019ലാണ് ഷാ ഫൈസല്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് ജമ്മു കശ്മീർ പീപ്ൾസ് മൂവ്മെന്റ് എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. അടുത്ത വര്‍ഷം തന്നെ പാര്‍ട്ടി വിട്ടു. ജോലിയില്‍ പുനപ്രവേശിക്കാന്‍ താതിപര്യം പ്രകടിപ്പിക്കുകയും ചെയ്തു.
തന്റെ ആദർശവാദം തന്നെ നിരാശപ്പെടുത്തിയെന്ന് ഷാ ഫൈസൽ നേരത്തെ ട്വിറ്ററിൽ കുറിച്ചിരുന്നു- "എന്റെ ജീവിതത്തിലെ 8 മാസം (ജനുവരി 2019-ഓഗസ്റ്റ് 2019) വളരെയധികം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. ഞാൻ ഏതാണ്ട് തീര്‍ന്നു. വർഷങ്ങളായി ഞാനുണ്ടാക്കിയെടുത്ത മിക്കവാറും എല്ലാം എനിക്ക് നഷ്ടപ്പെട്ടു. ജോലി, സുഹൃത്തുക്കൾ, പ്രശസ്തി. പക്ഷേ എനിക്ക് ഒരിക്കലും പ്രതീക്ഷ നഷ്ടപ്പെട്ടില്ല. എന്റെ ആദർശവാദം എന്നെ നിരാശപ്പെടുത്തി". യുപിഎസ്സി പരീക്ഷയില്‍ ജമ്മു കശ്മീരിൽ നിന്ന് ആദ്യമായി ഒന്നാമതെത്തിയ വ്യക്തിയാണ് ഷാ ഫൈസല്‍.