ഡൽഹിയിൽ ഒമിക്രോണിന്റെ പുതിയ വകഭേദം ?
|ജീനോം പരിശോധനയിൽ വ്യതിയാനം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുകയാണ്
ഡൽഹിയിൽ ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി സൂചന. ഡൽഹിയിലെ ജീനോം സീക്വൻസിങ് ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഒമിക്രോൺ ഉപവകഭേദമായ ബി.എ 2 വിന്റെ വകഭേദം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുകയാണ്. ബിഎ. 2.12.1 സാമ്പിൾ വിശദപരിശോധനക്കായി രാജ്യത്തെ ഏറ്റവും വലിയ പരിശോധനാ സംവിധാനമായ INSACOG യിലേക്ക് അയച്ചിട്ടുണ്ട്. ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിരിക്കുകയുമാണ്. ന്യൂയോർക്ക് ഹെൽത്ത് വിഭാഗമാണ് ഈ വകഭേദം ആദ്യം കണ്ടെത്തിയത്. യഥാർത്ഥ ഉപവകഭേദത്തേക്കാൾ 23-27 ശതമാനം വ്യാപന ശേഷിയുള്ളതാണ് ഈ വകഭേദം.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 54 പേർ കോവിഡ് ബാധിച്ച് മരിച്ചിരിക്കുകയാണ്. 2451 പേർക്ക് അസുഖം ബാധിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആകെ 14,241 കേസുകളാണ് ആകെയുള്ളത്. രോഗമുക്തി നിരക്ക് 98.75 ശതമാനമായി തുടരുകയാണ്. ഡൽഹിയിൽ മാസ്‌ക് ഉപയോഗം വീണ്ടും കർശനമാക്കിയിരിക്കുകയാണ്. ഡൽഹി ലഫ് ഗവർണറുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് രാജ്യതലസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി ഉത്തരവിറക്കിയത്. പൊതുയിടങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ 500 രൂപ പിഴ ചുമത്തുമെന്ന് ഡിഡിഎംഎ അറിയിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഡൽഹിയിലാണ്. ഈ സാഹചര്യം വിലയിരുത്താനാണ് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നിരുന്നത്.
പരിശോധനയും വാക്‌സിനേഷനും കൂട്ടാനും യോഗത്തിൽ നിർദേശമുണ്ട്. എന്നാൽ സ്‌കൂളുകൾ തത്ക്കാലം ഓൺലൈൻ ക്ലാസുകളിലേക്ക് മാറില്ല. ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തില്ല. ഡൽഹിയിൽ കോവിഡ് കേസുകൾ ഉയരുന്നെങ്കിലും സ്ഥിതി രൂക്ഷമല്ല. ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്, സർക്കാർ സ്ഥിതി വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.
New variant of Omicron in Delhi?