India
ഗുജറാത്തിൽ പ്രസവിച്ച് മണിക്കൂറുകള്‍ക്കകം ചോരക്കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടി
India

ഗുജറാത്തിൽ പ്രസവിച്ച് മണിക്കൂറുകള്‍ക്കകം ചോരക്കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടി

Web Desk
|
5 Aug 2022 5:36 AM GMT

മണ്ണിൽ ഇളക്കം ശ്രദ്ധയില്‍പെട്ട കർഷകർ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്

അഹമ്മദാബാദ്: ഗുജറാത്തിൽ നവജാത ശിശുക്കളെ ജീവനോടെ കുഴിച്ചുമൂടി. സബർകാന്ത ജില്ലയിലാണ് കുഞ്ഞിനെ പ്രസവിച്ച് മണിക്കൂറുകൾക്കകം കൃഷിയിടത്തിൽ കുഴിച്ചുമൂടിയത്. ദഹോഡ് ജില്ലയിലെ ഗർബദയിൽ ഒരു കിണറിൽനിന്നും മറ്റൊരു പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രണ്ടു കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

സബർകാന്തയിലെ ഹിമ്മത് നഗറിനടുത്തുള്ള ഗംഭോയിയിലാണ് മനഃസാക്ഷിയെ നടുക്കിയ ആദ്യത്തെ സംഭവം റിപ്പോർട്ട് ചെയ്തത്. ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയിരുന്നത്. മണ്ണിൽ ഇളക്കം ശ്രദ്ധയില്‍പെട്ട കർഷകർ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഉടൻ 108ൽ വിളിച്ച് ആംബുലൻസ് എത്തിച്ച് കുഞ്ഞിന് അടിയന്തര പരിചരണം നൽകുകയായിരുന്നു. തുടർന്ന് സമീപത്തെ ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി.

മണ്ണ് ഇളകുന്നത് കണ്ട് പാമ്പോ മറ്റ് ഇഴജന്തുക്കൾ വല്ലുതമാകുമെന്നാണ് കർഷകർ ആദ്യം കരുതിയത്. തുടർന്ന് നിലം ഉഴുതുനോക്കിയപ്പോഴാണ് ഒരു കുഞ്ഞിക്കാൽ കണ്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകശ്രമം, കുഞ്ഞിനെ ഉപേക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഒരു കിലോ തൂക്കമുള്ള കുഞ്ഞിന്റെ പൊക്കിൾകൊടി നീക്കംചെയ്യാത്ത നിലയിലായിരുന്നു. സമയമാകും മുൻപ് നടന്ന പ്രസവമാണെന്ന് കുട്ടിയെ പ്രവേശിപ്പിച്ച സിവിൽ ഹോസ്പിറ്റലിലെ ഡോക്ടർ എൻ.എച്ച് ഷാഹ് പറഞ്ഞു. ഏഴാം മാസത്തിലാണ് പ്രസവം നടന്നത്. പ്രസവം കഴിഞ്ഞ് മൂന്ന് മണിക്കൂറിനകം തന്നെ കുഞ്ഞിനെ കുഴിച്ചുമൂടിയതായാണ് മനസിലാക്കുന്നതെന്നും ഡോക്ടർ വെളിപ്പെടുത്തി.

ദഹോഡ് ജില്ലയിലുള്ള ഭേ എന്ന പേരിലുള്ള ഗ്രാമത്തിലാണ് രണ്ടാമത്തെ സംഭവം റിപ്പോർട്ട് ചെയ്തത്. ഇവിടെ ഒരു പൊട്ടക്കിണറ്റിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. സമീപത്തുണ്ടായിരുന്ന ഒരു കർഷകൻ കരച്ചിൽകേട്ട് കിണറ്റിനരികിൽ ഓടിയെത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് ബാസ്‌കറ്റും കയറും ഉപയോഗിച്ച് കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തര പരിചരണം നൽകിയതിനാൽ രക്ഷിക്കാനായി.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഗർബദ എസ്.ഐ യു.ആർ ദാമർ പറഞ്ഞു. കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മറ്റാരെങ്കിലും കുഞ്ഞിനെ കിണറ്റിൽ ഉപേക്ഷിച്ചതാണോ എന്ന കാര്യവും അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Summary: Newborn girls rescued after buried alive in Gujarat

Similar Posts