India
Newborn dies after family leaves her in direct sunlight on doctors advice in UP
India

ഡോക്ടറുടെ ഉപദേശപ്രകാരം മാതാപിതാക്കൾ പൊരിവെയിലത്ത് വച്ചു; യു.പിയിൽ നവജാത ശിശുവിന് ദാരുണാന്ത്യം

Web Desk
|
18 May 2024 10:07 AM GMT

അഞ്ച് ദിവസം മുമ്പാണ് യുവതി ആശുപത്രിയിൽ വച്ച് സിസേറിയനിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയത്.

ലഖ്നൗ: ഡോക്ടറുടെ നിർദേശ പ്രകാരം മാതാപിതാക്കൾ നേരിട്ട് ചൂടുള്ള വെയിൽ കൊള്ളിച്ചതിനെ തുടർന്ന് നവജാതശിശുവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മയ്ൻപുരിയിലെ ഭുഗായി ​ഗ്രാമത്തിലാണ് സംഭവം. അര മണിക്കൂറോളമാണ് വെറും അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ മാതാപിതാക്കൾ പൊരിവെയിലത്ത് വച്ചത്.

നഗരത്തിലെ രാധാ രാമൻ റോഡിലുള്ള ശ്രീ സായ് ഹോസ്പിറ്റലിലാണ് സംഭവം നടന്നതെന്ന് മെയിൻപുരി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആർ.സി ഗുപ്ത പറഞ്ഞു. സംഭവം ​വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ഭുഗായി സ്വദേശിനിയായ റീതാ ദേവി അഞ്ച് ദിവസം മുമ്പാണ് ആശുപത്രിയിൽ വച്ച് സിസേറിയനിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയത്. മെയ് 15 ബുധനാഴ്ച നവജാതശിശുവിന് ചില ആരോഗ്യപ്രശ്നങ്ങൾ കണ്ടതോടെ ഇവർ ഡോക്ടറെ സമീപിച്ചു. അരമണിക്കൂറോളം കുഞ്ഞിനെ നേരിട്ട് സൂര്യപ്രകാശം കൊള്ളിക്കാനായിരുന്നു ഡോക്ടറുടെ ഉപദേശം.

ഡോക്‌ടറുടെ നിർദേശം പാലിച്ച് രാവിലെ 11.10ഓടെ കുഞ്ഞിനെ ആശുപത്രിയുടെ മേൽക്കൂരയിൽ കിടത്തിയെന്ന് വീട്ടുകാർ പറയുന്നു. നല്ല വെയിലുള്ള സമയമായിരുന്നു ഇത്. 30 മിനിറ്റിനു ശേഷം കുഞ്ഞിനെ വീട്ടുകാർ താഴെയിറക്കി. എന്നാൽ, കുറച്ച് സമയത്തിന് ശേഷം കുഞ്ഞ് മരിച്ചു. കൊടുംചൂടിൽ വച്ചതിനെ തുടർന്ന് സൂര്യാഘാതമേറ്റാണ് കുഞ്ഞ് മരിച്ചതെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

അതേസമയം, കുഞ്ഞിന്റെ മരണത്തിനിടയാക്കിയ ഉപദേശം നൽകിയ ഡോക്ടർ സംഭവത്തിന് ശേഷം ആശുപത്രി വിട്ടതായാണ് റിപ്പോർട്ട്. കൂടാതെ, കുഞ്ഞിന്റെ മരണ ശേഷം റീതാ ദേവിയെ നിർബന്ധിതമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി കുടുംബാംഗങ്ങൾ പറഞ്ഞു.

കടുത്ത അനാസ്ഥയാണ് സംഭവിച്ചിരിക്കുന്നതെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ശേഷം നടപടിയെടുക്കുമെന്നും സിഎംഒ ഡോ. ആർ.സി ഗുപ്ത പറഞ്ഞു.

Similar Posts