India
സെലിബ്രിറ്റിക്ക് സീറ്റില്ല; മാണ്ഡിയില്‍ കങ്കണ സ്ഥാനാര്‍ത്ഥിയാകില്ലെന്ന് ബി.ജെ.പി
India

സെലിബ്രിറ്റിക്ക് സീറ്റില്ല; മാണ്ഡിയില്‍ കങ്കണ സ്ഥാനാര്‍ത്ഥിയാകില്ലെന്ന് ബി.ജെ.പി

Web Desk
|
5 Oct 2021 10:47 AM GMT

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.​

ഹിമാചൽപ്രദേശിലെ മാണ്ഡി മണ്ഡലത്തിലേക്ക്​ നടക്കുന്ന ലോക്​സഭ ഉപതെരഞ്ഞെടുപ്പില്‍ ബോളിവുഡ്​ നടി കങ്കണ റണാവത്തിന്​ സീറ്റ്​ നൽകില്ലെന്ന്​ ബി.ജെ.പി. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറാണ് ഇതുസംബന്ധിച്ച വിശദീകരണവുമായി രംഗത്തുവന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.​

'ധര്‍മ്മശാലയില്‍ നടന്ന സ്റ്റേറ്റ് ഇലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ കങ്കണയുടെ പേര് ഒരിക്കലും ഉയര്‍ന്നുവന്നിട്ടില്ല. മാണ്ഡി പാര്‍ലമെൻറ്​ മണ്ഡലത്തിലേക്കുള്ള ടിക്കറ്റ് ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ് ലഭിക്കുക, സെലിബ്രറ്റിക്കല്ല,' ജയ് റാം താക്കൂര്‍ വ്യക്തമാക്കി.

മാണ്ഡിയിലേക്ക്​ നടിയെ പരിഗണിക്കുന്നെന്ന്​ നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചകൾ പൂർത്തിയായപ്പോൾ കങ്കണയുടെ പേരും പാർട്ടി നേതൃത്വത്തിന്‍റെ സജീവമായ പരിഗണനയിലുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. കങ്കണ സ്ഥാനാർഥിയാവുന്നതിനോട്​ പാർട്ടിയിലെ ഒരു വിഭാഗത്തിന്​ എതിർപ്പുണ്ടെന്നും​ സൂചനയുണ്ടായിരുന്നു​.

രാംസ്വരൂപ്​ ശർമ്മയുടെ മരണത്തെ തുടർന്നാണ്​ മാണ്ഡിയിൽ ഉ​പതെരഞ്ഞെടുപ്പ്​ വന്നത്​. ഇതുകൂടാതെ മൂന്ന്​ നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കും. മാണ്ഡി ജില്ലയിലെ ബാംഭല ഗ്രാമത്തിലാണ്​ കങ്കണ ജനിച്ചത്​. മണാലിയിൽ അവർ പുതിയ വീട്​ വാങ്ങുകയും ചെയ്​തിട്ടുണ്ട്​. മണാലിയും മാണ്ഡി ലോക്​സഭ മണ്ഡലത്തിന്‍റെ ഭാഗമാണ്​.

അതേസമയം, സ്ഥാനാർഥിയാകാനുള്ള താൽപര്യം കങ്കണ പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. താന്‍ ബി.ജെ.പി അനുഭാവിയാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പര്യമെന്നും കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു.

Similar Posts