ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ഥയെയും എച്ച്.ആർ മാനേജറെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു
|ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്
ഡൽഹി: ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ഥയെയും എച്ച്ആർ മാനേജറെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഏഴ് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ചൈനീസ് ഫണ്ടിങ്ങ് കേസിലാണ് ഇരുവരെയും ഇന്നലെ അറസ്റ്റ് ചെയ്തത്. പൊലീസ് നടപടിക്ക് എതിരെ ന്യൂസ് ക്ലിക്ക് സുപ്രീം കോടതിയെ സമീപിക്കും. ചൈനക്ക് അനുകൂലമായി വാർത്ത നൽകാൻ പണം വാങ്ങി എന്ന ആരോപണമാണ് പ്രധാനമായും ഡൽഹി പൊലീസ് ഉന്നയിക്കുന്നത്.
അതേസമയം ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്നാണ് ന്യുസ് ക്ലിക്ക് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു മാസമായി മാധ്യമ പ്രവർത്തകരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അതുകൊണ്ട് തന്നെ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് റെയ്ഡും അറസ്റ്റുമെന്നാണ് ന്യുസ് ക്ലിക്ക് ആരോപിക്കുന്നത്.
ഇന്നലെ 46 പേരുടെ വീടുകളിലും വസതികളിലും വലിയ രീതിയിലുള്ള പരിശോധനകളാണ് നടന്നിട്ടുള്ളത്. നിരവധി ലാപ്‌ടോപുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പൊലീസിന്റെ നടപടിയിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. ഇന്ന് വൈകീട്ട് ഡൽഹിയിലെ മാധ്യമ സംഘടനകൾ ഡൽഹിയിലെ ജന്തർ മന്ദിറിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.