എൻ.ഐ.എ- ഇ.ഡി റെയ്ഡ് 10ലേറെ സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ; നേതാക്കളടക്കം നൂറോളം പേർ കസ്റ്റഡിയിൽ
|കഴിഞ്ഞദിവസങ്ങളില്‍ തെലങ്കാന, ഗുജറാത്തിലെ അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.
ന്യൂഡൽഹി: പോപുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലുമായി എന്‍.ഐ.എ- ഇ.ഡി സംയുക്ത റെയ്ഡ് നടക്കുന്നത് രാജ്യത്തെ 10ലേറെ സംസ്ഥാനങ്ങളില്‍. തീവ്രവാദ ഗ്രൂപ്പുകളെ സഹായിക്കുന്നു എന്നാരോപിച്ചാണ് റെയ്ഡ്. നേതാക്കളക്കം നൂറിലധികം പേരെ ഇരു ഏജന്‍സികളും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
ഇതിൽ ദേശീയ ചെയര്‍മാന്‍ ഒ.എം.എ സലാം, മുൻ ചെയർമാൻ ഇ. അബൂബക്കർ, ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരം, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ, സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍ തുടങ്ങിയവർ ഉൾപ്പെടുന്നു. ദേശീയ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ദേശീയ- സംസ്ഥാന- ജില്ലാ- പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ്. രാവിലെ നാലു മണിയോടെയായിരുന്നു അപ്രതീക്ഷിത റെയ്ഡ്.
കേരളം കൂടാതെ തമിഴ്‌നാട്, കർണാടക ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ ചെന്നൈയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലും മധുര, തേനി, ഡിണ്ടിഗൽ, തിരുനെൽവേലി, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ഓഫീസുകളിലും പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. ദേശീയ നിർവാഹക സമിതി അംഗം ഇസ്മയിലിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസങ്ങളില്‍ തെലങ്കാന, ഗുജറാത്തിലെ അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും റെയ്ഡുമായി എന്‍.ഐ.എയും ഇ.ഡിയും രംഗത്തെത്തിയത്. കേരളം കൂടാതെ തമിഴ്‌നാട്ടിലും റെയ്ഡിനെതിരെ പ്രതിഷേധവുമായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രംഗത്തെത്തി.
കോഴിക്കോട്ടെ ഓഫീസില്‍ നിന്ന് കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ പിടിച്ചെടുത്തു. വിവിധ ഓഫീസുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലഘുലേഖകളും പുസ്തകങ്ങളും എന്‍.ഐ.എ പിടിച്ചെടുത്തിട്ടുണ്ട്. ഇവ കൂടുതല്‍ പരിശോധനയ്ക്ക് കൊണ്ടുപോയി. അതേസമയം, റെയ്ഡ് നടന്ന സ്ഥലങ്ങളില്‍ പി.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
കേരളത്തിൽ ദേശീയ ചെയർമാൻ ഒ.എം.എ സലാം, ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരം, മുൻ ചെയർമാൻ ഇ അബൂബക്കർ, മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്‌റഫ് മൗലവി, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ, ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, സംസ്ഥാന സമിതിയംഗം സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ് തുടങ്ങിയവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.
കൂടാതെ, കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലും കൊല്ലം മേഖലാ ഓഫീസിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും കണ്ണൂർ താണയിലെ ഓഫീസിലും റെയ്ഡ് നടന്നു.