India
CCTV footage of  accuse of Bangalore cafe blast
India

ബംഗളൂരു കഫേ സ്‌ഫോടനം; മുഖ്യപ്രതിയുടെ ചിത്രം എന്‍.ഐ.എ പുറത്തുവിട്ടു

Web Desk
|
9 March 2024 11:38 AM GMT

പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് എൻ.ഐ.എ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു

ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളുടെ പുതിയ ചിത്രങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടു. മാര്‍ച്ച് മൂന്നിനാണ് എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തത്. കഫേയില്‍ സ്‌ഫോടനം നടന്ന് ഏകദേശം ഒരുമണിക്കൂറിന് ശേഷം മുഖ്യപ്രതി ബസില്‍ കയറുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

മാര്‍ച്ച് 1 ഉച്ചക്ക് 12:56നാണ് സ്‌ഫോടനം നടന്നത്. പ്രതി 2:03ന് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണുള്ളത്. ടീഷര്‍ട്ടും തൊപ്പിയും മാസ്‌കും ധരിച്ച പ്രതി കഫേയില്‍ ഐ.ഇ.ഡി ബാഗ് ഉപേക്ഷിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

സംശയാസ്പദമായ സാഹചര്യത്തില്‍ ബസ് സ്റ്റാന്‍ഡിലൂടെ രാത്രി 9:00 മണിക്ക് പ്രതി നടക്കുന്ന ദൃശ്യങ്ങളും മറ്റൊരു സി.സി.ടി.വിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് എന്‍.ഐ.എ അറിയിച്ചിട്ടുണ്ട്. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.

ബംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ എന്‍.ഐ.എയുമായി സഹകരിക്കുന്നുണ്ട്. സംഭവത്തിന് ശേഷം പ്രതി വസ്ത്രം മാറി തുംകുരു, ബല്ലാരി, ബിദാര്‍, ഭട്കല്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് ബസില്‍ യാത്ര ചെയ്തതായി അന്വേഷണ സംഘം പറഞ്ഞു.

അതേസമയം കഫേ വന്‍ സുരക്ഷാസംവിധാനങ്ങളോടെ ഇന്ന് പ്രവര്‍ത്തനം പുനഃരാരംഭിച്ചു. കഫേയുടെ പ്രവേശന കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജീവനക്കാരുടെയും മറ്റും സുരക്ഷ ഉറപ്പാക്കാന്‍ ഉപഭോക്താക്കളെ ഹാന്‍ഡ്‌ഹെല്‍ഡ് ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് പരിശോധനക്ക് വിധേയമാക്കും.

Similar Posts