![കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2.5 കോടി കൈക്കൂലി ആവശ്യപ്പെട്ട NIA ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2.5 കോടി കൈക്കൂലി ആവശ്യപ്പെട്ട NIA ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍](https://www.mediaoneonline.com/h-upload/2024/10/04/1444883-kaikkoooli.webp)
കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2.5 കോടി കൈക്കൂലി ആവശ്യപ്പെട്ട NIA ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
![](/images/authorplaceholder.jpg?type=1&v=2)
ലൈസൻസില്ലാത്ത ആയുധങ്ങൾ അനധികൃതമായി സൂക്ഷിച്ചെന്ന കള്ളക്കേസിൽ കുടുക്കുമെന്നായിരുന്നു ഭീഷണി
ന്യൂഡൽഹി: കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ എൻഐഎ ഉന്നത ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. പാട്‌നയിലെ എൻഐഎ ഡെപ്യുട്ടി സൂപ്രണ്ട് അജയ് പ്രതാപ് സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. രാമയ്യ കൺസ്ട്രക്ഷൻ എന്ന സ്ഥാപന ഉടമ റോക്കി യാദവിന്റെ പരാതിയിലാണ് നടപടി.
ലൈസൻസില്ലാത്ത ആയുധങ്ങൾ അനധികൃതമായി സൂക്ഷിച്ചെന്ന കള്ളക്കേസിൽ കുടുംബത്തെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അജയ് പ്രതാപ് സിംഗ് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പരാതി.
സെപ്തംബർ 19 നാണ് റോക്കി യാദവിന്റെ വീട്ടിലും മറ്റും എൻഐഎ പരിശോധന നടത്തിയത്. സെപ്തംബർ 26 ന് ചോദ്യം ചെയ്യലിന് എത്തണമെന്നും ആവശ്യപ്പെട്ടു. കേസിൽ അജയ് പ്രതാപായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ആദായനികുതി വകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എൻഐഎയിലേക്ക് എത്തിയ സിംഗ് തന്നെ ഭീഷണിപ്പെടുത്തുകയും കേസിൽ നിന്നും രക്ഷപ്പെടാൻ 2.5 കോടി രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ആരോപണം. കുടുംബത്തെ പ്രതിചേർക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ തുക നൽകാമെന്ന് പരാതിക്കാരൻ സമ്മതിക്കുകയായിരുന്നു.
ആദ്യഘട്ടമായി 25 ലക്ഷം രൂപയാണ് അജയ് പ്രതാപ് ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലിന് എത്തിയ ദിവസം മറ്റൊരാൾ മുഖേനയാണ് ഈ തുക ആവശ്യപ്പെട്ടതെന്നും റോക്കി യാദവ് പറഞ്ഞു. സ്വന്തം കൈപ്പടയിൽ ഇടനിലക്കാരന്‍റെ മൊബൈൽ നമ്പർ അജയ് പ്രതാപ് തനിക്ക് നൽകിയിരുന്നുവെന്നും ഇതിൽ ബന്ധപ്പെട്ടതിന് ശേഷമാണ് പണം കൈമാറിയതെന്നും റോക്കി പറഞ്ഞു.
ഒക്‌ടോബർ ഒന്നിന് സിംഗ് യാദവിനെ വീണ്ടും വിളിച്ചുവരുത്തി 70 ലക്ഷം രൂപ ആവശ്യപ്പെട്ടു. പാറ്റ്‌നയിൽ വച്ച് അന്നുതന്നെ പകുതി തുക കൈമാറാൻ നിർദ്ദേശിച്ചു. ഇത്തവണ മറ്റൊരു നമ്പറും അജയ് പ്രതാപ് നല്‍കിയിരുന്നു. പിന്നാലെ റോക്കി ഫോൺ നമ്പറിൽ ബന്ധപ്പെടുകയും പണം സ്വരൂപിക്കാന്‍ സാവകാശം ആവശ്യപ്പെടുകയും ചെയ്തു. പണം ഒക്ടോബർ 3 ന് ബിഹാറിലെ ഗയയിൽ എത്തിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഇതിനിടെയാണ് പരാതി ലഭിച്ചത്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് സിബിഐ എൻഐഎയിലെ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ച് ഇവരെ പിടികൂടാന്‍ തന്ത്രമൊരുക്കുകയായിരുന്നു. പരിശോധനയില്‍ അജയ് പ്രതാപില്‍ നിന്നും 20 ലക്ഷം രൂപ പിടികൂടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹിമാന്‍ഷു, റിതി കുമാര്‍ സിങ് എന്നീ ഇടനിലക്കാരെയും സിബിഐ അറസ്റ്റ് ചെയ്തു.