സിദ്ധു മൂസേവാലയുടെ കൊലപാതകം; പഞ്ചാബി ഗായികയെ എൻഐഎ ചോദ്യം ചെയ്തു
|മുസേവാലയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും അഫ്‌സാന തന്റെ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്
പഞ്ചാബ്: ഗായകൻ സിദ്ധു മൂസേവാല കൊലക്കേസിൽ പഞ്ചാബി പിന്നണി ഗായിക അഫ്‍സാന ഖാനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)ചോദ്യം ചെയ്തു. അഫ്‍സാനയെ അഞ്ച് മണിക്കൂറാണ് എൻഐഎ ചോദ്യം ചെയ്തത്. തന്റെ സഹോദരനായാണ് സിദ്ധുമൂസേവാലയെ കണക്കാക്കുന്നതെന്നാണ് അഫ്‌സാന പറഞ്ഞിരുന്നത്. സിദ്ധുവുമായി ഏറെ അടുപ്പവും ഗായികക്ക് ഉണ്ടായിരുന്നു.
കൊലപാതക്കേസിൽ ഉൾപ്പെട്ട ഗുണ്ടാസംഘങ്ങളെ കുറിച്ച് അഫ്‌സാനയിൽ നിന്ന് വിവരം ലഭിച്ചതായി ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നു. മൂസേവാലയുടെ കൊലപാതകത്തിൽ അഫ്‌സാന ഖാന് പങ്കുണ്ടെന്നാണ് എൻഐഎ സംശയിക്കുന്നത്. അടുത്തിടെ ഗുണ്ടാസംഘങ്ങളെ ലക്ഷ്യമിട്ട് എൻഐഎ നടത്തിയ രണ്ടാം ഘട്ട റെയിഡിൽ ഗായികയുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ലോറൻസ് ബിഷ്ണോയി-ഗോൾഡി ബ്രാർ സംഘത്തിന്റെ എതിർ ചേരിയിലുള്ള ബാംബിഹയുടെ സംഘവുമായി അഫ്‌സാനയ്ക്ക് ബന്ധമുണ്ടെന്നാണ് എൻഐഎയുടെ സംശയം. മുസേവാലയുടെ കൊലപാതകം ആസൂത്രണം ചെയ്തുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ബിഷ്‌ണോയി സംഘം കേസിലെ പ്രതികളായത്.
മുസേവാല അഫ്‍സാനയുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. മുസേവാലയ്‌ക്കൊപ്പം നിരവധി ചിത്രങ്ങളും വീഡിയോകളും അഫ്‌സാന തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കിട്ടിട്ടുണ്ട്. മൂസേവാല കൊല്ലപ്പെട്ട ശേഷവും ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ ഗായിക പങ്കുവെയ്ക്കാറുണ്ട്. മൂസേവാലയുടെ കുടുംബത്തിനൊപ്പമുള്ള അഫ്സാനയുടെ ചിത്രങ്ങളുമുണ്ട്. തന്റെ സഹോദരന് നീതി ലഭിക്കണമെന്ന് അഫ്‌സാന പറയുന്ന വീഡിയോയും അഫ്‌സാന പങ്കുവെച്ചിരുന്നു.
മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ചായിരുന്നു മൂസെവാലയെ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമായ അങ്കിത് സിർസ വെടിവച്ചു കൊന്നത്. പഞ്ചാബ് സർക്കാർ അദ്ദേഹത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചതിന്റെ പിറ്റേദിവസമായിരുന്നു ശേഷമായിരുന്നു കൊലപാതകം. ശരീരത്തിലേക്ക് 19 ബുള്ളറ്റുകൾ തുളച്ചുകയറിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ സ്ഥിരീകരിച്ചിരുന്നു.