India
NIA says foreign intervention behind Manipur riots One arrested
India

മണിപ്പൂർ കലാപത്തിന് പിന്നിൽ വിദേശ ഇടപെടലെന്ന് എൻഐഎ; ഒരാൾ അറസ്റ്റിൽ

Web Desk
|
1 Oct 2023 5:04 AM GMT

സെമിൻലുൻ ഗാംഗ്ടെ എന്നയാളാണ് അറസ്റ്റിലായത്.

ന്യൂഡൽഹി: മണിപ്പൂർ കലാപത്തിന് പിന്നിൽ വിദേശ ഇടപെടലെന്ന് എൻഐഎ. അന്താരാഷ്ട്ര ഭീകരവാദ ഗൂഢാലോചന ചൂണ്ടിക്കാട്ടി ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു.

സെമിൻലുൻ ഗാംഗ്ടെ എന്നയാളാണ് അറസ്റ്റിലായത്. മണിപ്പൂരിലെ നിരോധിത സംഘടനയായ പീപ്പിൾ ലിബറേഷൻ ആർമി (പിഎൽഎ)യുടെ ഓപ്പറേറ്റർ ആണ് സെമിൻലുൻ ഗാംഗ്ടെയെന്ന് എൻഐഎ പറയുന്നു.

ഇയാൾ ഈ നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന്, മണിപ്പൂർ കലാപത്തിലെ ഗൂഢാലോചന കണ്ടെത്താൻ എൻഐഎ നടത്തുന്ന അന്വേഷണത്തിലാണ് ഗാംഗ്‌ടെയുടെ പങ്ക് വ്യക്തമായത്.

മ്യാൻമർ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ചേർന്ന് ഇന്ത്യക്കെതിരെ യുദ്ധം നടത്താൻ ശ്രമിച്ചു, ദേശവിരുദ്ധ പ്രവർത്തനം നടത്തി എന്നിവയാണ് കേസിൽ എൻഐഎ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ.

കലാപം സൃഷ്ടിക്കുക വഴി മണിപ്പൂരിൽ അധികാരം ഉൾപ്പെടെ പിടിച്ചെടുക്കുകയും വടക്കുകിഴക്കൻ മേഖലയുടെ ദേശസുരക്ഷയെ പോലും ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുകയുമായിരുന്നു ഇവർ ലക്ഷ്യമിട്ടതെന്നും എൻഐഎ ആരോപിക്കുന്നു. ​ഗാം​​ഗ്ടെയ്ക്ക് സഹായം ചെയ്ത മറ്റുള്ളവരെ കൂടി പിടികൂടാനുള്ള നീക്കവും എൻഐഎ നടത്തുന്നുണ്ട്.

മണിപ്പൂരിലെ സംഘർഷം തടയുന്നതിൽ ബിരേൻസിങ് സർക്കാർ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന നേതാക്കൾ കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് വൈദേശിക ഇടപെടൽ ചൂണ്ടിക്കാട്ടി എൻഐഎ ഒരാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, അറസ്റ്റിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പ്രതികരിച്ചിട്ടില്ല.

Read Alsoമണിപ്പൂർ സംഘർഷം; സർക്കാരിനെതിരായ വിമർശനത്തിൽ ബിജെപി നേതാക്കളെ അനുനയിപ്പിക്കാൻ കേന്ദ്രനേതൃത്വം

Read Alsoമണിപ്പൂർ കലാപം; സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന ഘടകം



Similar Posts