ഖലിസ്ഥാന്‍ ഭീകരരുമായി ബന്ധമുള്ള ഇന്ത്യൻ സംഘങ്ങളെ കണ്ടുപിടിക്കാൻ എൻ.ഐ.എ; ആറ് സംസ്ഥാനങ്ങളില്‍ റെയ്ഡ്
|ഖലിസ്ഥാൻ വാദികളും ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞാണ് റെയ്ഡ് സംഘടിപ്പിച്ചിരിക്കുന്നത്.
ഡൽഹി: കാനഡ താവളമാക്കിയ ഖലിസ്ഥാൻ വാദികളുടെ ഇന്ത്യയിലെ കൂട്ടാളികളെ കണ്ടുപിടിക്കാനുള്ള എൻ ഐ എ റെയ്ഡ് തുടരുന്നു . ആറു സംസ്ഥാനങ്ങളിലാണ് റെയ്ഡ്. ഖലിസ്ഥാൻവാദികളും ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞാണ് റെയ്ഡ് സംഘടിപ്പിച്ചിരിക്കുന്നത്.
ആറു സംസ്ഥാനങ്ങളിലെ 51 കേന്ദ്രങ്ങളിലാണ് എൻ.ഐ.എ റെയ്ഡ് സംഘടിപ്പിച്ചത്. ആയുധവും പണവും ലഭിക്കുന്നതിന്റെ ഉറവിടം കണ്ടെത്തുകയെന്ന ലക്ഷ്യം കൂടി പരിശോധനയ്ക്ക് പിന്നിലുണ്ട്. ആഗോളതലത്തിൽ വേരുകളുള്ള ഗുണ്ടാസംഘങ്ങളും ഖലിസ്ഥാനികളും കള്ളക്കടത്തു കാരും തമ്മിലുള്ള ബന്ധത്തിലേക്ക് സൂചന കിട്ടിയതിനെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. ജയിലിൽ കഴിയുന്ന ഗുണ്ടാ തലവനായ ലോറൻസ് ബിഷ്ണോയും ഭീകരവാദികളുടെ പട്ടികയിൽ ഉൾപ്പെട്ട അർഷ്ദീപ് സിംങുമായുള്ള ബന്ധം ഇതിനകം അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
രാജസ്ഥാൻ, ഉത്തരാഖണ്ഡ് ,ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പൊലീസുമായി സഹകരിച്ചാണ് എൻ.ഐ.എ പരിശോധന. എൻ.ഐ.എ രെജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലെ അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. നിരോധിത ഭീകര സംഘടനായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സുമായുള്ള ഗുണ്ടാസംഘങ്ങളുടെ ബന്ധവും എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ നാലു വർഷങ്ങളിൽ പഞ്ചാബിൽ നടന്ന കൊലപാതകങ്ങളുടെ പിന്നിൽ കാനഡയിൽ താമസമാക്കിയ അർഷ്ദീപ് സിംങാണെന്ന് ഏജൻസികൾ സംശയിക്കുന്നു. കൊലപാതകം, കൊള്ള എന്നീ കുറ്റങ്ങൾക്ക് 16 പേരെ എൻ.ഐ.എ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.