യമനിൽ താമസ സൗകര്യമൊരുക്കാൻ തയ്യാറായവരുടെ പട്ടിക കോടതിക്ക് കൈമാറി നിമിഷ പ്രിയയുടെ അമ്മ
|കോടതിയുടെ കരുണയിലാണ് മകളുടെ ജീവിതമെന്നും നിമിഷപ്രിയയുടെ അമ്മ കോടതിയെ അറിയിച്ചു
ഡൽഹി: യമനിൽ താമസ സൗകര്യമൊരുക്കാൻ തയ്യാറായവരുടെ പട്ടിക കോടതിക്ക് കൈമാറി നിമിഷ പ്രിയയുടെ അമ്മ. ഡൽഹി ഹൈക്കോടതിയിലാണ് പട്ടിക കൈമാറിയത്. ഇവരോട് സത്യവാങ്മൂലം സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. കോടതിയുടെ കരുണയിലാണ് മകളുടെ ജീവിതമെന്നും നിമിഷപ്രിയയുടെ അമ്മ കോടതിയെ അറിയിച്ചു. മകളുടെ മോചനത്തിന് യമൻ സന്ദർശിക്കുന്നത് കുടുംബത്തിന് ഉചിതമല്ലെന്ന് നേരത്തെ കേന്ദ്ര സർക്കാർ കുടുംബത്തെ അറിയിച്ചിരുന്നു.
യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ട ശ്രമത്തിലിപ്പോൾ ഡൽഹി ഹൈക്കടതിയുടെ ഭാഗത്തുനിന്ന് തുടർ നടപടികളുണ്ടായിരിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ട് നിമിഷ പ്രിയയുടെ അമ്മയോടൊപ്പം സഞ്ചരിക്കാൻ തയ്യാറായവരുടെ പട്ടികയാണ് നിമിഷ പ്രിയയുടെ അമ്മ കോടതിക്ക് കൈമാറിയത്. ഇതുകൂടാതെ യമനിൽ താമസ സൗകര്യമൊരുക്കാമെന്ന് പറഞ്ഞവരുടെ പേരുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രധാനമായും ഇവരോട് ഒരു സത്യവാങ്മൂലം സമർപ്പിക്കാനിപ്പോൾ ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
യമനിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരാണ് നിമിഷ പ്രിയയുടെ അമ്മക്കും സംഘത്തിനും അവിടെ താമസസൗകര്യമൊരുക്കാമെന്ന് വ്യക്തമാക്കിയത്. ഇവരോട് വിശദമായ സത്യവാങ് മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ കേസിൽ നിമിഷ പ്രിയയുടെ അമ്മക്കും സംഘത്തിനും യമനിലേക്കുള്ള യാത്രക്കുള്ള അനുമതി നിഷേധിച്ചിരുന്നു. യമനിലെ സാഹചര്യം അത്ര സുരക്ഷിതമല്ല. ഈ സംഘത്തിന് സുരക്ഷിതത്വം ഉറപ്പാക്കാൻ ഇപ്പോൾ ഇന്ത്യക്ക് സാധിക്കില്ല. യമൻ തലസ്ഥാനമായ സനയിൽ വലിയ രീതിയിലുള്ള നയതന്ത്ര പ്രശ്നങ്ങളുണ്ട്. ഇന്ത്യയും യമനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ സാധിക്കുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത് എന്നീ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്.