യു.പിയിൽ നിർബന്ധിത മതപരിവർത്തനമെന്ന് ബി.ജെ.പി പരാതി; ഒമ്പത് പേർക്കെതിരെ കേസ്
|ഭക്ഷണവും പണവും എത്തിച്ചുനൽകിയ ശേഷം യേശുക്രിസ്തുവിനെ ആരാധിക്കാൻ സമ്മർദം ചെലുത്തിയെന്നും പള്ളിയിൽ കൊണ്ടുപോയെന്നും ഇവർ ആരോപിക്കുന്നു.
ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ നിർബന്ധിത മതപരിവർത്തനം നടന്നതായി പരാതി. 400 ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കിയെന്നാണ് ആരോപണം. സംഭവത്തിൽ ബി.ജെ.പി നേതാവ് ദീപക് ശർമയുടെയും മതപരിവർത്തനത്തിന് ഇരയായവരുടേയും പരാതിയിൽ ഒമ്പത് പേർക്കെതിരെ കേസെടുത്തു. ഛബിലി, ബിന്‍വ, അനില്‍, സര്‍ദാര്‍, നിക്കു, ബസന്ത്, പ്രേമ, തിത്‌ലി, റാണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മീററ്റിലെ മംഗത്പുരത്തെ മാലിന്‍ ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ ഒരു ചേരിയിലെ ആളുകളെയാണ് മതംമാറ്റിയതെന്നാണ് ആരോപണം. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് ഈ ചേരിയിലെ ആളുകള്‍ക്ക് ക്രിസ്ത്യന്‍ സമുദായത്തിലെ ചിലര്‍ ഭക്ഷണവും പണവും എത്തിച്ചു നല്‍കിയിരുന്നെന്നും ഇതിനു പിന്നാലെ യേശുക്രിസ്തുവിനെ ആരാധിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നുമാണ് ആരോപണം.
ഹിന്ദു ദേവീ- ദേവന്മാരുടെ വിഗ്രഹങ്ങള്‍ നശിപ്പിക്കാനും ദൈവങ്ങളുടെ ചിത്രങ്ങളും മറ്റും വീട്ടില്‍ നിന്ന് നീക്കം ചെയ്യാനും നിര്‍ബന്ധിച്ചുവെന്നും തൊഴിലാളി കുടുംബത്തെ ക്രിസ്ത്യന്‍ മതം സ്വീകരിക്കാന്‍ പള്ളിയില്‍ കൊണ്ടുപോയെന്നും പരാതിയില്‍ ആരോപിക്കുന്നു. പ്രദേശത്ത് ഒരു പള്ളി താത്കാലികമായി നിര്‍മിച്ചെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
സീനിയര്‍ പൊലീസ് സൂപ്രണ്ടിനാണ് ഇവര്‍ പരാതി നല്‍കിയത്. ബി.ജെ.പി നേതാവിനൊപ്പമാണ് ഇവര്‍ പൊലീസിനെ സമീപിച്ചെത്തിയത്. മതം മാറാന്‍ നിര്‍ബന്ധിച്ചതിനൊപ്പം ആധാര്‍ കാര്‍ഡില്‍ പേര് മാറ്റാനും ആവശ്യപ്പെട്ടെന്നും ദീപാവലി സമയത്ത് ആരാധന നടക്കുമ്പോള്‍ വീട്ടില്‍ അതിക്രമിച്ചുകയറി വിഗ്രഹങ്ങളും മറ്റും കേടുപാട് വരുത്തിയെന്നും ഇവര്‍ ആരോപിക്കുന്നു.