റേഷൻകടയിൽ മോദിയുടെ പടമില്ലാത്തതിന് ക്ഷോഭിച്ച് നിർമല സീതാരാമൻ; ഗ്യാസ് സിലിണ്ടറിൽ പടത്തിനൊപ്പം വിലയും രേഖപ്പെടുത്തി ടിആർഎസിന്റെ മറുപടി
|റേഷൻ കടയിൽ വരെ മോദിയുടെ ചിത്രം ഉൾപ്പെടുത്തണമെന്ന് ധനമന്ത്രി വാശിപിടിക്കുന്നതിലൂടെ പ്രധാനമന്ത്രിയുടെ പദവിയെ താഴ്ത്തുകയാണെന്ന് തെലങ്കാന ആരോഗ്യ മന്ത്രി ടി.ഹരീഷ് റാവു പറഞ്ഞു.
ഹൈദരാബാദ്: റേഷൻകടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിക്കാത്തതിൽ രോഷാകുലയായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. ബിജെപിയുടെ പരിപാടിയിൽ പങ്കെടുക്കാനായി സഹീറാബാദ് മണ്ഡലത്തിൽ എത്തിയതായിരുന്നു കേന്ദ്ര ധനമന്ത്രി. ഇതിനിടെയാണ് അവർ ന്യായവില ഷോപ്പിൽ എത്തിയത്. കാമ റെഡ്ഡി ജില്ലാ കലക്ടറും ഒപ്പമുണ്ടായിരുന്നു. പുറത്ത് 35 രൂപയ്ക്ക് വിൽക്കുന്ന അരി ഇവിടെ ഒരു രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. ഇതിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം എത്രയാണെന്ന് അറിയുമോയെന്ന് കേന്ദ്രമന്ത്രി ജില്ലാ കലക്ടറോട് ചോദിച്ചു. കലക്ടർക്ക് ഉത്തരം നൽകാൻ സാധിക്കാതെ വന്നതോടെ രോഷാകുലയായ മന്ത്രി അടുത്ത 30 മിനിറ്റിനുള്ളിൽ തനിക്ക് ഉത്തരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു രൂപയ്ക്ക് വിൽക്കുന്ന 35 രൂപയുടെ അരിക്ക് കേന്ദ്രം 30 രൂപയാണ് ചെലവാക്കുന്നത്. നാല് രൂപ മാത്രമാണ് സംസ്ഥാന സർക്കാർ ചെലവഴിക്കുന്നതെന്നും നിർമലാ സീതാരാമൻ ചൂണ്ടിക്കാട്ടി.
Union finance minister @nsitharaman asks @Collector_KMR how much Centre & state are contributing towards subsidised rice for poor at FPS ration shop; when he apparently gave 'wrong' answer, she told #Telangana #IAS officer to revert with right answer in half hour @ndtv @ndtvindia pic.twitter.com/qPZaNz40h7
— Uma Sudhir (@umasudhir) September 2, 2022
സംഭവം വിവാദമായതോടെയാണ് ഭരണ കക്ഷിയായ ടിആർഎസ് വ്യത്യസ്തമായ രീതിയിൽ മറുപടിയുമായി രംഗത്തെത്തി. ഗുഡ്‌സ് ഓട്ടോയിൽ മോദിയുടെ ചിത്രം പതിപ്പിച്ച ഗ്യാസ് സിലിണ്ടർ കയറ്റിപ്പോകുന്ന ചിത്രം ടിആർഎസ് സമൂഹമാധ്യമ വിഭാഗം തലവനാണ് ട്വിറ്ററിൽ പങ്കുവച്ചത്.
You wanted pictures of Modi ji ,
— krishanKTRS (@krishanKTRS) September 3, 2022
Here you are @nsitharaman ji …@KTRTRS @pbhushan1 @isai_ @ranvijaylive @SaketGokhale pic.twitter.com/lcE4NlsRp5
റേഷൻ കടയിൽ വരെ മോദിയുടെ ചിത്രം ഉൾപ്പെടുത്തണമെന്ന് ധനമന്ത്രി വാശിപിടിക്കുന്നതിലൂടെ പ്രധാനമന്ത്രിയുടെ പദവിയെ താഴ്ത്തുകയാണെന്ന് തെലങ്കാന ആരോഗ്യ മന്ത്രി ടി.ഹരീഷ് റാവു പറഞ്ഞു. കേന്ദ്രം സൗജന്യ റേഷൻ വിതരണം ചെയ്യുമ്പോൾ മോദിയുടെ ചിത്രം വെക്കണമെന്ന് ആവശ്യപ്പെടുന്നു. രാജ്യത്തിന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് തെലങ്കാന. അതിനാൽ മറ്റു സംസ്ഥാനങ്ങളിൽ തെലങ്കാന മുഖ്യമന്ത്രിയുടെ ചിത്രം വെക്കേണ്ടതല്ലേ?- അദ്ദേഹം ചോദിച്ചു.
നിർമല സീതാരാമന്റെ വാദം തെറ്റാണെന്ന് തെലങ്കാന ധനമന്ത്രി ഹരീഷ് റാവു പറഞ്ഞു. 50-55 ശതമാനം മാത്രമാണ് കേന്ദ്രം നൽകുന്നത്. ബാക്കി വരുന്ന 45 ശതമാനം, 10 കിലോ അരി സൗജന്യമായി നൽകുന്നതിലൂടെ സംസ്ഥാനമാണ് വഹിക്കുന്നത്. 3,610 കോടി ഇതിനായി മാസം ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.