India
രണ്ടുകോടിയോളം രൂപ ശമ്പളത്തിൽ ആമസോണിൽ ജോലി; സ്വപ്‌ന നേട്ടവുമായി എൻ.ഐ.ടി വിദ്യാർഥി
India

രണ്ടുകോടിയോളം രൂപ ശമ്പളത്തിൽ ആമസോണിൽ ജോലി; സ്വപ്‌ന നേട്ടവുമായി എൻ.ഐ.ടി വിദ്യാർഥി

Web Desk
|
26 April 2022 4:25 AM GMT

അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ അഭിഷേക് കുമാര്‍ സെപ്തംബറില്‍ ജോലിയില്‍ പ്രവേശിക്കും

പട്‌ന: ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ എൻ.ഐ.ടി വിദ്യാർഥിക്ക് രണ്ടുകോടിയോളം രൂപ ശമ്പളത്തിൽ ജോലി നൽകി ആമസോൺ. എൻ.ഐ.ടി പട്നയിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി അഭിഷേക് കുമാറിനാണ് 1.8 കോടി രൂപ വാർഷിക ശമ്പളത്തിൽ ഇ.കൊമേഴ്സ് ഭീമന്മാരായ ആമസോൺ ജോലി നൽകിയത്. എൻ.ഐ.ടി. പട്‌നയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്ലേസ്‌മെന്റാണ് ഇതെന്ന് അധികൃതർ തന്നെ വ്യക്തമാക്കി.

അഭിഷേകിനെ അഭിനന്ദിച്ചുകൊണ്ട് എൻ.ഐ.ടി അധികൃതർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. 'നിന്നെക്കുറിച്ച് ഞങ്ങൾ അഭിമാനം കൊള്ളുന്നു. അഭിനന്ദനങ്ങൾ, നിന്റെ ആത്മാർഥമായ പരിശ്രമമാണ് ഈ വിജയത്തിലേക്ക് നയിച്ചത്. ഭാവിയിലേക്ക് എല്ലാ ആശംസകളും' അഭിഷേകിന്റെചിത്രത്തോട് കൂടി ഐ.ഐ.ടി.പട്‌ന ട്വീറ്റ് ചെയ്തു. കൂടാതെ ഇതുവരെയുള്ള 130 ശതമാനം പ്ലേസ്‌മെന്റുകളോടെ എൻ.ഐ.ടി പട്‌ന റെക്കോർഡുകളെല്ലാം തിരുത്തിയ വർഷമാണ് ഇതെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഡിസംബറിൽ ആമസോൺ നടത്തിയ കോഡിംഗ് ടെസ്റ്റിൽ അഭിഷേക് പങ്കെടുത്തിരുന്നു. ഇതിൽ യോഗ്യത നേടിയ ശേഷം ഏപ്രിൽ മാസത്തിൽ അന്താരാഷ്ട്ര തലത്തിൽ മൂന്ന് റൗണ്ട് ഇന്റർവ്യൂകളിലും പങ്കെടുത്തു. ഇതിന് ശേഷമാണ് ജോലി ഓഫർ നൽകിയത്. ഏപ്രിൽ 21 നാണ് ആമസോൺ ജർമ്മനിയിൽ നിന്ന് അഭിഷേകിനെ വിളിച്ച് തെരഞ്ഞെടുത്ത വിവരം നൽകിയത്. ജോലിയില്‍ പ്രവേശിക്കാനായി ഈ സെപ്തംബറോടെ അഭിഷേക് ജർമ്മനിയിലേക്ക് തിരിക്കും.

ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിദ്യാർഥിനി അദിതി തിവാരിക്ക് ഫേസ്ബുക്കിൽ നിന്ന് ലഭിച്ച 1.6 കോടി രൂപയുടെ ഓഫർ ആയിരുന്നു ഇതുവരെയുള്ള പട്‌ന എൻ.ഐ.ടിയിലെ ഏറ്റവും ഉയർന്ന പ്ലേസ്‌മെന്റ്. ഗൂഗിളിൽ നിന്ന് 1.1 കോടി രൂപയുടെ പാക്കേജ് സ്വീകരിച്ച സംപ്രീതി യാദവ് എന്ന പെൺകുട്ടിക്കാണ് അദിതിക്ക് മുമ്പ് ഏറ്റവും ഉയർന്ന പാക്കേജ് ലഭിച്ചത്.

കോവിഡ് മഹാമാരിക്കാലം മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാമ്പസ് പ്ലേസ്‌മെന്റുകളെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി കാര്യമായ പ്ലേസ്മെന്‍റുകള്‍ നടന്നിരുന്നില്ല. എന്നാൽ വൻകിടകമ്പനികളടക്കംവീണ്ടും റിക്രൂട്ട്‌മെന്റുകൾ പുന:രാരംഭിച്ചത് വിദ്യാർഥികൾക്കും ആശ്വാസമായിരിക്കുകയാണ്.

Similar Posts