പ്രവാചകനെ അധിക്ഷേപിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്: പ്രതിഷേധത്തിന് പിന്നാലെ ശ്രീനഗർ എൻ.ഐ.ടി അടച്ചു; പ്രതി ഒളിവിൽ
|സംഘർഷം നിലനിൽക്കുന്നതിനാൽ വിദ്യാർഥികളോട് ഉടൻ കാമ്പസും ഹോസ്റ്റലും വിട്ടുപോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീനഗർ: പ്രവാചകനെ അധിക്ഷേപിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനു പിന്നാലെ വിദ്യാർഥി പ്രതിഷേധം ശക്തമായതോടെ ശ്രീനഗർ എൻ.ഐ.ടി അടച്ചു. ശൈത്യകാല അവധിക്ക് പത്തുദിവസം മുമ്പേയാണ് കോളജ് അടച്ചത്. സംഘർഷം നിലനിൽക്കുന്നതിനാൽ വിദ്യാർഥികളോട് ഉടൻ കാമ്പസും ഹോസ്റ്റലും വിട്ടുപോകണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെ മറ്റ് കോളജുകളിലെ പഠനവും ഓൺലൈൻ വഴിയാക്കിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കശ്മീരിയല്ലാത്ത വിദ്യാർഥി പ്രവാചകനെ അവഹേളിക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. തുടർന്ന് വിദ്യാർഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥികളൊന്നാകെ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു.
ബുധനാഴ്ച ശ്രീനഗറിലെ മറ്റ് കോളജുകളിലേക്കും പ്രതിഷേധം വ്യാപിച്ചു. തുടർന്ന്, പ്രവാചകനെ അധിക്ഷേപിച്ച വിദ്യാര്‍ഥിക്കെതിരെ നടപടിയെടുക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവികള്‍ ഉറപ്പ് നല്‍കിയതോടെയാണ് വിദ്യാർഥികൾ അയഞ്ഞത്. ഇയാള്‍ക്കെതിരെ എന്‍.ഐ.ടി അധികൃതര്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു.
ഒരു പ്രത്യേക സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയതിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. എൻഐടി അധികൃതരുടെ പരാതിപ്രകാരം ഇയാൾക്കെതിരെ ഐപിസി 295 എ, 153 എ, 153 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ശ്രീനഗർ പൊലീസ് എക്സിലൂടെ അറിയിച്ചു.
ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ വിദ്യാര്‍ഥി ക്യാമ്പസ് വിട്ടതായും പൊലീസ് അറിയിച്ചു. യൂട്യൂബില്‍ നിന്നുള്ള വീഡിയോയാണ് എന്‍.ഐ.ടി വിദ്യാര്‍ഥി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട് ശ്രീനഗർ എൻ.ഐ.ടിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.