India
nithish kumar, INDIA bloc,BJP,Biharpolitics,latest national news,ബിഹാര്‍,നിതീഷ് കുമാര്‍,ഇന്‍ഡ്യ മുന്നണി,രാഹുല്‍ ഗാന്ധി
India

നിതീഷിന്റെ എന്‍.ഡി.എ പ്രവേശനം: 'ഇൻഡ്യ' സഖ്യത്തിൽ പൊട്ടിത്തെറിക്ക് സാധ്യത

Web Desk
|
29 Jan 2024 1:23 AM GMT

ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാറിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ ഇന്ന് തീരുമാനമുണ്ടാകും

പട്ന: ബിഹാർ എൻ.ഡി.എ സർക്കാരിൽ മന്ത്രിസഭാ വികസന ചർച്ചകൾ പുരോഗമിക്കുന്നു. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ തീരുമാനം ഉടനുണ്ടാകും. നിതീഷ് കുമാറിന്റെ എൻ.ഡി.എ പ്രവേശനത്തിൽ 'ഇൻഡ്യ' മുന്നണിയിൽ തർക്കങ്ങൾക്കും സാധ്യതയുണ്ട്. ഇന്നലെയാണ് മഹാഗഡ്ബന്ധൻ സർക്കാരിനെ പൊളിച്ചു നിതീഷ് കുമാർ എൻഡിഎ സർക്കാർ രൂപീകരിച്ചത്. നിതീഷ് കുമാരനൊപ്പം എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും എന്നാണ് സൂചന. മന്ത്രിസഭാ വികസനം സംബന്ധിച്ചും എൻഡിഎ നേതാക്കൾ ചർച്ച നടത്തുകയാണ്. ജെഡിയു എൻഡിഎ യിലേക്ക് മടങ്ങി എത്തിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകളിലേക്കും നേതാക്കൾ കടന്നിട്ടുണ്ട്. ചിരാഗ് പാസ്വാനും കേന്ദ്ര മന്ത്രി പശുപതി പരസും നേതൃത്വം നൽകുന്ന ലോക് ജന ശക്തി പാർട്ടികളുമായും ബി.ജെ.പി ചർച്ച നടത്തും.

ഹിന്ദുസ്ഥാൻ അവാം മോർച്ച നേതാവ് ജിതിൻ റാം മാഞ്ചിയുമായും മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുമായി ബി.ജെ.പി ആശയ വിനിമയം നടത്തുന്നുണ്ട്.ആർജെഡി - കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പുകൾ ബിജെപിക്ക് നൽകും എന്നാണ് റിപ്പോർട്ടുകൾ. 2025 ൽ നിതീഷ് കുമാറിന് കേന്ദ്രത്തിൽ പ്രധാന റോൾ നൽകാനും ചർച്ചകൾ സജീവമാണ്. അതേസമയം, നിതീഷിന്റെ എൻഡിഎ പ്രവേശനത്തെ ചൊല്ലി വരാൻ പോകുന്ന ഇൻഡ്യ സഖ്യ യോഗത്തിൽ കൂടുതൽ പൊട്ടിത്തെറികൾക്ക് സാധ്യതയുണ്ട്. പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനോ കൺവീനറെ നിശ്ചയിച്ച് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാനോ സഖ്യത്തിന് കഴിഞ്ഞില്ല. ആർജെഡി, ജെഎംഎം, ഡിഎംകെ, ഇടത് പാർട്ടികൾ, ചില ചെറിയ പ്രാദേശിക പാർട്ടികൾ മാത്രമാണ് നിലവിൽ ഇൻഡ്യ സഖ്യത്തിൽ കോൺഗ്രസിന് ഒപ്പം ദേശീയ തലത്തിൽ ഉറച്ചു നിൽക്കുന്നത്. എഎപി, എസ്പി, തൃണമൂൽ കോൺഗ്രസ് പാർട്ടികളുമായി കോൺഗ്രസ് ബന്ധം ഊഷ്മളമല്ല.

Similar Posts